Thursday, April 11, 2013

തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും

പ്രസിദ്ധനായ തലക്കുളത്തൂർ ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷ് മലയാളത്തിലാണ്. ഇദ്ദേഹം നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്ക് പ്രശ്നം പറയുന്നതിന് ഒരു വിശേഷവാസന ബാല്യത്തിൽത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ബ്രഹ്മചാരിയായി വേദാദ്ധ്യായം ചെയ്തു താമസിക്കുന്ന കാലത്ത് അനധ്യായ ദിവസങ്ങളിൽ തന്റെ സഹപാഠികളുമൊരുമിച്ച് കളിക്കുമ്പോൾ ഓരോരുത്തർ ഓരോ നേരമ്പോക്കുകൾ കാണിക്കുന്ന ശേഖരത്തിൽ ഇദ്ദേഹം പ്രശ്നംവച്ചു ഫലം പറയുകയാണ് പതിവ്. ആ പതിവിൻപ്രകാരം ഒരു ദിവസം ഓതിക്കോൻ പുറത്തെവിടെയോ ഇറങ്ങിപ്പോയിരുന്ന സമയം ബ്രാഹ്മണക്കുട്ടികൾ എല്ലാവരുംകൂടി ഓരോ കളികൾ തുടങ്ങി. ഭട്ടതിരി കവിടിക്കു പകരം കുറെ ചെറിയ പാറക്കല്ലുകൾ പെറുക്കിയെടുത്തു പ്രശ്നം വയ്ക്കാനും തുടങ്ങി. അപ്പോഴേക്കും ശേഷമെല്ലാവരും പ്രശ്നം കേൾക്കാനായി ചുറ്റും ചെന്നുകൂടി. അപ്പോൾ ഒരു ഉണ്ണിനമ്പൂരി "ആട്ടെ, നമ്മുടെ ഓതിക്കോന് ഉണ്ണിയുണ്ടാകാതെ ഇരിക്കുന്നതിന്റെ കാരണമെന്താണെന്ന് ഒന്നു വാരിവെച്ചുനോക്കിയാൽ കൊള്ളാം" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി പ്രശ്നംവയ്ക്കുന്ന ഭാവങ്ങളൊക്കെ കാണിച്ചിട്ട് "ബാലശാപംകൊണ്ടാണ്" എന്നു പറഞ്ഞു. അപ്പോൾ മറ്റൊരാൾ "അതിനു പ്രതിവിധികൂടി അറിഞ്ഞാൽ കൊള്ളാം" എന്നു പറഞ്ഞു.ഭട്ടതിരി ഒന്നുകൂടി വാരിവച്ചു വിചാരിച്ചിട്ട് "പഞ്ചസാരപ്പായസമുണ്ടാക്കി ഒരു സംവത്സരം മുടങ്ങാതെ ദിവസംതോറും ബ്രാഹ്മണകുട്ടികൾക്കു ധാരാളമായി കൊടുക്കുകയും മേലാൽ കുട്ടികളെ അടിക്കാതിരിക്കയും ചെയ്താൽ ഉണ്ണിയുണ്ടാകും" എന്നു പറഞ്ഞു. ഭട്ടതിരിയുടെ പ്രശ്നമാരംഭിച്ചപ്പോഴേക്കും ഓതിക്കോൻനമ്പൂരി തിരിച്ചുവന്നു. ഇവരുടെ കളി എന്തെല്ലാമാണെന്നറിയുന്നതിനായി ഒളിച്ചിരുന്നതിനാൽ പ്രശ്നവും പ്രതിവിധിയും എല്ലാം കേട്ടു മനസ്സിലാക്കി. പിന്നെയും അവിടെ നിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി ഒന്നും അറിയാത്ത ഭാവത്തിൽ വീണ്ടും എല്ലാവരും കാണത്തക്കവിധത്തിൽ തിരിച്ചുവന്നു. ഓതിക്കോൻനമ്പൂരി വരുന്നതുകണ്ട് എല്ലാവരും കളി നിർത്തി അവരവർക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തികൾ ചെയ്തുകൊണ്ടിരിപ്പായി. ഓതിക്കോൻനമ്പൂരി പതിവുപോലെ അല്ലാതെ ഒന്നും ഭാവിക്കയും പറകയും ചെയ്തുമില്ല. എങ്കിലും അദ്ദേഹം കുട്ടികളെ കഠിനമായി അടിക്കാറുള്ളതിനാൽ ഭട്ടതിരിയുടെ പ്രശ്നം വാസ്തവമായിരിക്കുമോ എന്നു സംശയം തോന്നുകയാൽ പിറ്റേദിവസം മുതൽ പഞ്ചസാരപ്പായസമുണ്ടാക്കി, തന്റെ ശിഷ്യൻമാരായ ബ്രാഹ്മണ കുട്ടികൾക്കു ധാരാളമായി കൊടുത്തു തുടങ്ങി. കുട്ടികളെ അടിക്കാതെയുമായി. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോഴേക്കും ഓതിക്കോൻ നമ്പൂരിക്ക് ഉണ്ണിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിനു വളരെ സന്തോഷം തോന്നുകയാൽ ഭട്ടതിരിയെ വിളിച്ച് "ഉണ്ണീ നീ ജ്യോതിശ്ശാസ്ത്രം പഠിക്കണം. നീ നല്ല പ്രശ്നക്കാരനായിത്തീരും" എന്നു തലയിൽതൊട്ട് അനുഗ്രഹിച്ചു.
ഗുരുനാഥന്റെ ഈ അനുഗ്രഹത്തെ സഫലീകരിക്കണമെന്നു വിചാരിച്ച് ഭട്ടതിരി വേദാധ്യയനം കഴിഞ്ഞയുടനെതന്നെ ജ്യോതിശ്ശാസ്ത്രം പഠിക്കാനാരംഭിച്ചു. അതോടുകൂടി കാവ്യനാടകാലങ്കാരങ്ങളും ശബ്ദശാസ്ത്രങ്ങളും അഭ്യസിച്ചുതുടങ്ങി. സമാവർത്തനം കഴിഞ്ഞ് ഏകദേശം യൌവനമായപ്പോഴേക്കും ഭട്ടതിരി അതിവിദ്വാനും ഒരു നല്ല ജ്യോത്സ്യനുമായിത്തീർന്നു.
തദനന്തരം ഭട്ടതിരി വിവാഹം ചെയ്തു ഗൃഹസ്ഥനായി താമസിക്കുന്ന കാലത്ത് ഒരു പുത്രനുണ്ടായി. പുത്രന്റെ ജാതകം അദ്ദേഹം വളരെ സൂക്ഷ്മമായി ഗണിച്ചെഴുതുകയും ആയൂർബലം വളരെയുള്ളതായി കാണപ്പെടുകയും ചെയ്തു. എങ്കിലും ആണ്ടുതികയുന്നതിനുമുമ്പുതന്നെ ആ ശിശു മരിച്ചുപോയി. അപ്പോൾ ഭട്ടതിരിക്കു വ്യസനമുണ്ടായി എന്നു മാത്രമല്ല, ജ്യോതിശ്ശാസ്ത്രം വിശ്വാസയോഗ്യമല്ലായിരിക്കുമോ എന്നൊരു ശങ്കയും ജനിച്ചു. ഉടനെ ഈ സംശയം തീർക്കുന്നതിനായി മൃതജാതകവുംകൊണ്ട് പരദേശത്തു തഞ്ചന്നൂരിൽ ആൾവാർ എന്നു പ്രസിദ്ധനായ മഹാന്റെ അടുക്കലേക്കു പുറപ്പെട്ടു. ഭട്ടതിരി അവിടെ എത്താറായപ്പോൾ ചില ലക്ഷണങ്ങൾകൊണ്ട് ഇദ്ദേഹത്തിന്റെ ആഗമനം ആൾവാർക്കു മനസ്സിലാവുകയാൽ തന്റെ ശിഷ്യരോട് "ഒരു മൃതജാതകവുംകൊണ്ട് ഒരു മലയാളബ്രാഹ്മണൻ ഇവിടെ വരും. അദ്ദേഹം വന്നാൽ ആ മൃതജാതകം പുറത്തുവെച്ചുംവെച്ച് ഇവിടെ കയറി ഇരിക്കാൻ പറയണം" എന്നു പറഞ്ഞിട്ട് നിത്യകർമ്മാനുഷ്ഠാനാദികൾക്കായിപ്പോയി. ഭട്ടതിരി അവിടെ എത്തിയ ഉടനെ ഗുരുനാഥന്റെ കല്പനയെ ശിഷ്യർ ഭട്ടതിരിയെ അറിയിക്കുകയും ആൾവാരുടെ യോഗ്യതയിൽ വിസ്മയാകുലനായി ഭട്ടതിരി മൃതജാതകം ദൂരെക്കളഞ്ഞു ഗൃഹത്തിനുള്ളിൽ പ്രവേശിച്ചിരിക്കയും ചെയ്തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ആൾവാർ വന്നു. തമ്മിൽ സംസാരിച്ചു ഭട്ടതിരിക്കുണ്ടായ സംശയം തീർത്തു. ജ്യോതിശ്ശാസ്ത്രം ഒരിക്കലും അബദ്ധമായി വരുന്നതല്ലെന്നും ജ്യോത്സ്യൻമാർക്ക് ഇഷ്ടദേവതയെ ഉപാസനയും മന്ത്രസിദ്ധിയും ഇല്ലാതെയിരുന്നാൽ അതിന്റെ ഫലം ശരിയായി കണ്ടില്ലെന്നു വന്നുപോകാമെന്നേ ഉള്ളൂ എന്നും ആൾവാർ പറകയാൽ താൻ എഴുതിയ ജാതകം തെറ്റിപ്പോയത് തനിക്കു ദേവതോപാസനയും മന്ത്രസിദ്ധിയും ഇല്ലാഞ്ഞിട്ടാണെന്നു മനസ്സിലാക്കി ഭട്ടതിരി തിരിച്ചുപൊരികയും ചെയ്തു.
ഭട്ടതിരി തിരിച്ചുവരുംവഴിതന്നെ തൃശ്ശിപേരൂർ വടക്കുംനാഥനെ ഭജിച്ചുംകൊണ്ട് ഒരു വിശിഷ്ടമന്ത്രം അക്ഷരസംഖ്യ കഴിച്ചു താമസിച്ചു. അക്കാലത്ത് അവിടെ ദേവനു ചാർത്തിയിരുന്ന ഒരു തൃക്കണ്ണു മോഷണം പോവുകയും അനേകം പ്രശ്നക്കാരെ വരുത്തി പ്രശ്നംവെപ്പിച്ചു നോക്കിക്കുകയും ചെയ്തു. പ്രശ്നക്കാർ മോഷ്ടാവിന്റെ നിറം കറുത്താണെന്നും നാമാക്ഷരങ്ങൾ രണ്ടുമാത്രമേ ഉള്ളൂ എന്നും അവയിൽ ആദ്യത്തേതു ക എന്നും രണ്ടാമത്തെതു ക്ക എന്നും ആണെന്നും വിധിച്ചു. അതിനാൽ ക്ഷേത്രസംബന്ധികളിൽ ഒരുവനും കറമ്പനുമായ കാക്കു എന്നൊരുവനെ പിടികൂടി ബന്ധനത്തിലാക്കി ദിവസംതോറും ഓരോ വിധത്തിൽ ഹേമദണ്ഡങ്ങൾ ചെയ്തു തുടങ്ങി. എങ്കിലും യാതൊരു തെളിവും ഉണ്ടായില്ല. ഭട്ടതിരി ഭജനം കഴിഞ്ഞല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്തിരുന്നതിനാലും അക്കാലത്തു മൗനവ്രതമായിരുന്നതുകൊണ്ടും അദ്ദേഹത്തെക്കൊണ്ടു പ്രശ്നംവയ്പ്പിക്കുന്നതിനു തരമില്ലായിരുന്നു.
ഭജനം കാലംകൂടിയതിന്റെ ശേഷം ഭട്ടതിരിയെക്കൊണ്ടു പ്രശ്നം വെപ്പിക്കയും തൃക്കണ്ണു കൊണ്ടുപോയത് ഒരു കാക്കയാണെന്നും വടക്കുമാറി ഒരു തെങ്ങിന്റെ മുകളിൽ കൊണ്ടുപോയി വെച്ചിട്ടുണ്ടെന്നും വിധിക്കുകയും അപ്രകാരം മോഷണദ്രവ്യം കിട്ടുകയും ചെയ്തു. അതിനാൽ കൊച്ചിമഹാരാജാവു സന്തോഷിച്ചു ഭട്ടതിരിക്ക് അനേകം ബിരുദങ്ങൾ കല്പിച്ചുകൊടുത്തു. അതിന്റെ ശേഷം ഭട്ടതിരി തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ സന്നിധിയിലും പല പ്രശ്നങ്ങൾ പറകയും ജാതകങ്ങൾ എഴുതിക്കൊടുക്കുകയും എല്ലാം ശരിയായി ഒത്തുവരികയാൽ അനേക സമ്മാനങ്ങൾ വാങ്ങുകയും ഉണ്ടായിട്ടുണ്ട്.
ഭട്ടതിരി തിരുവനന്തപുരത്തു ചെന്ന് താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിയോട് "ഞാൻനാളെ പത്മനഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ മതിൽക്കകത്തേക്കു കടക്കുന്നത് എതിലേകൂടിയായിരിക്കും?" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടി യായി ഭട്ടതിരി, "അതെനിക്കറിയാം. എങ്കിലും ഇപ്പോൾ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോൾ അറിയിച്ചതു വാസ്തവമാണെന്ന് അവിടേക്കു ബോധപ്പെടും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കകത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തിൽക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തിൽ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ട് "ഇന്നു ഞാൻ ഇതിലേയാണ് മതില്ക്കകത്തേക്ക് പോകാൻ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മതിൽ വെട്ടിപ്പൊളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതിൽ വെട്ടിപ്പൊളിച്ചുതുടങ്ങി. മതിലിന്റെ കല്ലുകൾ കുറെ പൊളിച്ചപ്പോൾ ഒരു കല്ലിന്റെ ഇടയിൽ ഒരോലത്തുണ്ട് ഇരിക്കുന്നതു കണ്ടു. ഉടനെ "അതെന്താണ്? കാണട്ടെ" എന്നു കല്പിച്ചു. കൂടെയുണ്ടായിരുന്ന ഹരിക്കാരൻ ഓലക്കഷ്ണമെടുത്തു തൃക്കൈയിൽ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോൾ അതിൽ ഭട്ടതിരി സ്വന്തം കൈയക്ഷരത്തിൽ "ഇതിലേ എഴുന്നള്ളും" എന്ന് എഴുതിയിരിക്കുന്നതായി കണ്ടു.
തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോൾ അടുക്കൽതന്നെ ഉണ്ടായിരുന്നതിനാൽ തിരുമനസ്സുകൊണ്ട് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്ക് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ട് ഇവിടെ ഒരു വാതിൽ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതിൽ വെപ്പിക്കുകയും ചെയ്തു. ഇപ്പോൾ "ചെമ്പകത്തിൻമൂട്ടിൽ നട" എന്നു പറഞ്ഞുവരുന്ന വാതിൽ ഇപ്രകാരമുണ്ടായിട്ടുള്ളതാണ്. മഹാരജാക്കൻമാർ മതില്ക്കകത്തേക്ക് ഇപ്പോഴും അതിലേയാണ് എഴുന്നള്ളുക പതിവ്. ഇങ്ങനെ പല കാരണവശാൽ തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിക്ക് പല സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെ കോഴിക്കോട്, ചിറയ്ക്കൽ മുതലായ രാജസന്നിധികളിൽനിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങൾക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ.
ഭട്ടതിരിയുടെയും പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരുടെയും ജീവിതകാലം ഒന്നായിരുന്നു എന്നാണ് സൂക്ഷ്മാന്വേഷികളായിട്ടുള്ളവർ തീർച്ചപ്പെടുത്തിയിരിക്കുന്നത്. സ്വാമികളുടെ ജീവിതകാലം കൊല്ലവർഷം മുന്നൂറ്റിയമ്പതിനും നാന്നൂറ്റിയമ്പതിനും മധ്യേ ആയിരുന്നു എന്നു പല ലക്ഷ്യങ്ങൾ ഉള്ളതും ഭട്ടതിരി പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുള്ള "രക്ഷേൽ ഗോവിന്ദമർക്ക" എന്നുള്ള കലിസംഖ്യ ഈ കാലത്തോട് അടുത്തിരിക്കുന്നതുകൊണ്ടും മേല്പറഞ്ഞതുപോലെ ഇവർ രണ്ടുപേരും ഒരു കാലത്തു ഊഹിക്കാം.
ഈ സംഗതിയെ ജീവിച്ചിരുന്നവരാണെന്നുതന്നെ ബലപ്പെടുത്തുന്നതായി ഒരു കഥ കേട്ടിട്ടുള്ളതുകൂടി ഇവിടെ പറഞ്ഞു കൊള്ളുന്നു.
വില്വമംഗലത്തുസ്വാമിയാർക്ക് അതികഠിനാമായി ഒരു വയറ്റുവേദന ഉണ്ടായിരുന്നു. അദ്ദേഹം അതിന്റെ ദുസ്സഹത്വം നിമിത്തം ഇതിനെന്തു വേണ്ടൂ എന്നു ശ്രീകൃഷ്ണസ്വാമിയുടെ അടുക്കൽ പല പ്രാവശ്യം ചോദിച്ചിട്ടും ഒന്നും മറുപടി അരുളിച്ചെയ്തില്ല (സ്വാമിയാർക്കു ശ്രീകൃഷ്ണൻ പ്രത്യക്ഷനാണെന്നു പ്രസിദ്ധമാണല്ലോ). അതിനാൽ സ്വാമിയാർ തന്റെ പ്രിയ വയസ്യനും ദക്ഷിണാമൂർത്തി ഭക്തമണിയുമായ "ശിവാങ്ങൾ" എന്ന യോഗീശ്വരനോട് ഈ വിവരം പറഞ്ഞു. ആ യോഗീശ്വരൻ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാർ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം സ്വാമിയാർ തന്റെ ദീനം ഭേദമായ വിവരം ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷമായപ്പോൾ അറിയിച്ചു. "ഈ ജന്മംകൊണ്ട് തീർന്നോട്ടെ എന്നാണ് ഞാൻ വിചാരിച്ചത്. അത് മൂന്ന് ജന്മം കൂടെ ആക്കിത്തീർത്തു" എന്ന് ഭഗവാൻ അരുളിച്ചെയ്ത് ഉടനെ മറയുകയും ചെയ്തു. ഇതു കേട്ടപ്പോൾ സ്വാമിയാർക്ക് വ്യസനമായി.
ഇനിയത്തെ ജന്മങ്ങളിൽ താൻ ആരായിരിക്കുമെന്ന് അറിയുന്നതിനായി ഉടനെ തലക്കുളത്തൂർ ഭട്ടതിരിയെ വരുത്തി വിചാരിപ്പിച്ചുനോക്കി. അപ്പോൾ ഭട്ടതിരി "ഇനി അവിടേക്കു ചേരപ്പാമ്പ്, കാള, തുളസി ഇങ്ങനെയാണ് മൂന്നു ജന്മങ്ങൾ ഉള്ളത്. ആ മൂന്നു ജന്മങ്ങളിലും മനുഷ്യനായിട്ടു ഞാനും ജനിക്കും. അവിടേക്ക് അന്ന് ഓരോ ആപത്തുകൾ സംഭവിക്കുകയും അപ്പോൾ രക്ഷിക്കുന്നതിനു ഞാൻ അടുക്കൽ ഉണ്ടായിരിക്കുകയും ചെയ്യും. തുളസിയായിട്ടുള്ള മൂന്നാമത്തെ ജന്മത്തിൽ അവിടേക്കു സായൂജ്യം കിട്ടുകയും ചെയും. പിന്നെ സംസാരദുഃഖം അനുഭവിക്കേണ്ടല്ലോ" എന്നു പറഞ്ഞു.
(ഭട്ടതിരി പറഞ്ഞതുപോലെതന്നെ സ്വാമിയാർക്കു പിന്നെ മൂന്നു ജന്മങ്ങൾകൂടി ഉണ്ടായി എന്നും, അപ്പോൾ മനുഷ്യജന്മത്തോടുകൂടി ഭട്ടതിരിയും ഉണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു. സ്വാമിയാർ മൂന്നാമത്തെ ജന്മത്തിൽ തുളസിയായി ജനിച്ചത് ഒരു വിഷ്ണുക്ഷേത്രത്തിൽ ശ്രീകോവിലിൽനിന്നു തീർഥമൊലിച്ചുവീഴുന്ന ഓവിങ്കലായിരുന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചുവന്ന് അഭിഷേകം കഴിഞ്ഞ് ചന്ദനവും പൂവും ചാർത്താനായി ഭാവിച്ചപ്പോൾ തുളസി കാണായ്കയാൽ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി. അപ്പോൾ ഓവിങ്കൽ ഏറ്റവും ചെറുതായി ഒരു തുളസി നിൽക്കുന്നതുകണ്ട് അതിന്റെ ഒരില എടുക്കാനായി ചെന്നു പറിച്ചപ്പോൾ അത് വേരോടുകൂടി പറഞ്ഞുപോന്നു. അതു കണ്ട് മണ്ഡപത്തിൽ ജപിചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണൻ "അതു മുഴുവനും ബിംബത്തിൽ ചാർത്തിയേക്കണം" എന്നു പറയുകയും ശാന്തിക്കാരൻ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോടുകൂടി ചേർന്നുപോവുകയും ചെയ്തു. ആ തുളസി സ്വാമിയാരായിരുന്നു എന്നും ജപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണൻ ഭട്ടതിരി ആയിരുന്നു എന്നും പറയേണ്ടതില്ലല്ലോ).
ജന്മാന്തരങ്ങളെക്കുറിച്ച് ഭട്ടതിരി പറഞ്ഞതുകേട്ടപ്പോൾ സ്വാമിയാരുടെ മനസ്സിലെ വ്യസനം അല്പം ശാന്തമായി. ഭട്ടതിരിയെ യഥാക്രമം ബഹുമാനിച്ചു സ്വഗൃഹത്തിലേക്ക് അയയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ജാതകംതന്നെ സ്വയമേവ ഒന്നു ഗണിച്ചുനോക്കണമെന്നു നിശ്ചയിച്ചു. ഗണിച്ചുനോക്കിയപ്പോൾ ഇന്നപ്പോൾ തനിക്ക് ജാതിഭ്രംശം സംഭവിക്കുമെന്നായിക്കണ്ടു. ജാതകമെല്ലാം എഴുതി കുറ്റം തീർത്തു സൂക്ഷിച്ചു എങ്കിലും തനിക്കു വരാനിരിക്കുന്ന അധഃപതനത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല.
അതിന്റെശേഷം കുറഞ്ഞോരുകാലം കഴിഞ്ഞപ്പോൾ ഏറ്റവും ദരിദ്രനും സമീപസ്ഥനുമായ ഒരു ബ്രാഹ്മണൻ ദാരിദ്യദുഃഖം സഹിക്കവഹിയാതെയായിട്ടു. ഭട്ടതിരിയുടെ അടുക്കൽ വന്നു ചോദിച്ചു: "ഹേ! അവിടുന്നു പലരോടും പല സംഗതിക്കും പ്രശ്നം പറയുന്നുണ്ടല്ലോ; ഒന്നും തെറ്റുന്നുമില്ല. എന്നാൽ എനിക്ക് ഈ ദാരിദ്ര്യദുഃഖം തീർന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാൻ സംഗതി വരുമോ? ഇതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു പറഞ്ഞാൽ കൊള്ളാം. ഞാൻ ഇതിലധികം വലയേണ്ടതില്ല" ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കു കേട്ട് ആർദ്രമാനസനായി ഭവിച്ച ഭട്ടതിരി കുറഞ്ഞോരു നേരം കണ്ണടച്ചു വിചാരിച്ചതിന്റെ ശേഷം പറഞ്ഞു, "അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങയുടെ ദാരിദ്ര്യം അശേഷം തീരുന്നതിനുള്ള കാലം അടുത്തിരിക്കുന്നു. ഞാൻ ഒരു ഉപായം പറഞ്ഞുതരാം. അതുപോലെ പ്രവർത്തിച്ചാൽ മതി. എന്തെന്നാൽ, ഈ വരുന്ന ദ്വാദശിനാൾ അർധരാത്രി ആകുമ്പോൾ തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിങ്കൽ പോയി നിൽക്കണം. അപ്പോൾ അതിലെ രണ്ടു ബ്രാഹ്മണർ വരും. അവരുടെ പിന്നാലെ കൂടിക്കൊള്ളണം. എന്തു പറഞ്ഞാലും ഒഴിച്ചുപോകരുത്. അവർ അങ്ങേ കബളിപ്പിച്ചു പോകാൻ കഴിയുന്നതും ശ്രമിക്കും. എങ്കിലും വിട്ടു പിരിയരുത്. അവർ പോകുന്നിടത്തേക്ക് അങ്ങെയും കൊണ്ടു പോകണമെന്നു പറഞ്ഞുകൊള്ളണം. ഈ കൗശലം പറഞ്ഞുതന്നത് ആരാണെന്നു ചോദിചാൽ പറകയുമരുത്. ഇപ്രകാരം ചെയ്താൽ അങ്ങയുടെ ദാരിദ്ര്യം അശേഷം തീർന്നു സുഖമായിട്ടിരിക്കാൻ സംഗതി വരും". ഇങ്ങനെ ഭട്ടതിരി പറഞ്ഞപ്പോൾ ബ്രാഹ്മണന്ന് വളരെ സന്തോഷമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ഭട്ടതിരിയുടെ പ്രശ്നം ഒരിക്കൽപ്പോലും ആർക്കും തെറ്റാറില്ലാത്തതിനാൽ കാര്യം സഫലമാകുമെന്നു ബ്രാഹ്മണൻ നല്ലപോലെ വിശ്വസിച്ചു. "എന്നാൽ ഇനി പോയിവന്നിട്ടു കണ്ടുകൊള്ളാം" എന്നു പറഞ്ഞു പോവുകയും ചെയ്തു.
ഭട്ടതിരി പറഞ്ഞതുപോലെ ദ്വാദശിനാൾ അർധരാത്രിക്കു മുമ്പേ ബ്രാഹ്മണൻ തൃശ്ശൂർ വടക്കെ ഗോപുരത്തിലെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അതിതേജോമയന്മാരായ രണ്ടു ബ്രാഹ്മണർ അതിലേ കടന്നുപോകുന്നതായി കണ്ട് അവരുടെ പിന്നാലെ ചെന്നു. അവർ ഇദ്ദേഹത്തെ വിട്ടുപിരിയുന്നതിനായി പലവിധത്തിലും ഉപായങ്ങൾ നോക്കി. ഒന്നും ഫലിക്കയില്ലെന്നു തീർച്ചയായപ്പോൾ അവർ ചോദിച്ചു, "ഹേ! അങ്ങ് എവിടേക്കാണ് പുറപ്പെട്ടിരിക്കുന്നത്? ഞങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശമെന്താണ്?
ബ്രാഹ്മണൻ: നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?
ബ്രാഹ്മണർ: ഞങ്ങൾ ബദര്യാശ്രമത്തിങ്കലേക്കാണ്.
ബ്രാഹ്മണൻ: എന്നാൽ ഞാനും അങ്ങോട്ടുതന്നെയാണ്.
ബ്രാഹ്മണർ: എന്നാൽ അതു ഞങ്ങളുടെ കൂടെ വരണമെന്നുണ്ടോ?
ബ്രാഹ്മണൻ: ഉണ്ട്. ഞാനങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.നിങ്ങൾ കൃപയുണ്ടായി എന്നെക്കൂടെ കൊണ്ടുപോകണം.
ബ്രാഹ്മണർ: ഞങ്ങളെ ഇപ്പോൾ ഇവിടെ കാണുമെന്ന് അങ്ങോടു പറഞ്ഞുതന്നതാരാണ്?
ബ്രാഹ്മണൻ: അതു ഞാൻ പറയുകയില്ല. നിങ്ങൾ എന്നോടു നിർബന്ധിക്കയുമരുത്.
ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കുകൾ കേട്ടപ്പോൾ മറ്റേ ബ്രാഹ്മണർ കുറച്ചുനേരം വിചാരിച്ചിട്ടു പറഞ്ഞു, "ആട്ടെ, കാര്യമൊക്കെ മനസ്സിലായി. അങ്ങേക്ക് ഈ കശൗലം ഉപദേശിച്ചുതന്നെയാൾക്ക് അധഃപതനം വന്നുപോട്ടെ. നേരിട്ടു കണ്ടുപോയതുകൊണ്ട് ഇനി അങ്ങേ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്കു നിവൃത്തിയില്ല. അതിനാൽ കൊണ്ടുപോകാം. കണ്ണടച്ചുകൊണ്ടു ഞങ്ങളെ തൊട്ടോളണം."
ഇങ്ങനെ ബ്രാഹ്മണരുടെ വാക്കു കേട്ടയുടനെ ആ ബ്രാഹ്മണൻ അപ്രകാരം ചെയ്തു. മാത്രനേരം കഴിഞ്ഞപ്പോൾ കണ്ണു തുറന്നോളാൻ പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോൾ മൂന്നുപേരും ബദര്യാശ്രമത്ത് ഒരു ഗൃഹത്തിൽ എത്തിയിരിക്കുന്നു. ഉടനെ ആ ദിവ്യന്മാരായ ബ്രാഹ്മണർ പറഞ്ഞു, "ഇതാ ഈ ഗൃഹത്തിനകത്ത് ഒരാൾ മരിക്കാറായി ശ്വാസം വലിച്ചുകൊണ്ട് കിടക്കുന്നുണ്ട്. അദ്ദേഹം അങ്ങയുടെ അപ്ഫനാണ്. അങ്ങയുടെ ഒരപ്ഫൻ കാശിക്കുപോയിട്ടുള്ളതായി ഓർക്കുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാണിത്. അദ്ദേഹം ഗംഗാസ്നാനം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളിൽ സഞ്ചരിച്ച്, ക്രമേണ ഇവിടെ വന്നുചേർന്നു. പിന്നെ വളരെക്കാലമായി ഇവിടെ ശാന്തി കഴിച്ച് താമസിക്കയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിനു മരണസമയം അടുത്തിരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ കൊണ്ടുപോകാനായി വന്ന വിഷ്ണുദൂതന്മാരാണ്. അരനാഴികയ്ക്കകം ഞങ്ങൾ കൊണ്ടുപോകും. അതിനുമുമ്പേ കാണണമെങ്കിൽ കണ്ടോളണം." ഇങ്ങനെ ആ ബ്രാഹ്മണവേഷം ധരിച്ചിരുന്ന വിഷ്ണുദൂതന്മാരുടെ വാക്കു കേട്ടു ബ്രാഹ്മണൻ അകത്തു കടന്നു നോക്കിയപ്പോൾ അവർ പറഞ്ഞതുപോലെ തന്റെ അപ്ഫൻ ശ്വാസം വലിച്ചുകൊണ്ട് കിടക്കുന്നതുകണ്ടു. മരിക്കാറായി കിടക്കുന്ന ബ്രാഹ്മണനു ബോധം കെട്ടിട്ടില്ലായിരുന്നതിനാൽ തന്റെ പുത്രനെ കണ്ടപ്പോൾ ആളറിയുകയും ചെയ്തു. ഏകാകിയായി പരദേശത്തു താമസിക്കുന്ന ഒരാൾ അത്യന്തം അവശതയിൽ കിടക്കുന്ന സമയം തന്റെ അടുത്ത അവകാശിയായ ഒരാളെ വിചാരിച്ചിരിക്കാതെ പെട്ടെന്നു കാൺമാൻ സംഗതിയായാൽ ഉണ്ടാകുന്ന സന്തോഷം അളവില്ലാത്തതായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ആ വൃദ്ധബ്രാഹ്മണൻ തന്റെ ഭ്രാതൃപുത്രനെ കണ്ടയുടനെ താൻ വളരെ കാലമായി സംഖ്യയില്ലാതെ സമ്പാദിച്ചു ജാളികകളിലാക്കിക്കെട്ടിവെച്ചു പൂട്ടിയിരിക്കുന്ന പെട്ടിയുടെ താക്കോൽ തലയിണയുടെ താഴെ വെച്ചിരുന്നതെടുത്തു കൈയിൽ കൊടുത്തു. ഉടനെ പ്രാണനും പോയി. ബ്രാഹ്മണൻ അപ്ഫന്റെ സംസ്കാരം മുതലായത് യഥാക്രമം കഴിചതിന്റെ ശേഷം തനിക്കു കിട്ടിയ അപരിമിതമായ ദ്രവ്യവുംകൊണ്ട് തന്റെ ഗൃഹത്തിൽ വന്നുചേർന്നു. ഉടനെ ഭട്ടതിരിയെ ചെന്നു കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞുകേൾപ്പിച്ചു. വിഷ്ണുദൂതന്മാർ അധഃപതനം വന്നുപോകട്ടെ എന്നു തന്നെ ശപിച്ചു എന്നു കേട്ടപ്പോൾ ഭട്ടതിരി "അത്ര ഉള്ളോ? അതു ഞാൻ മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണല്ലോ" എന്നു പറഞ്ഞു താൻ എഴുതിവെച്ചിരുന്ന ജാതകമെടുത്തു ബ്രാഹ്മണനെ കാണിച്ചു. ബ്രാഹ്മണൻ എല്ലാം കൊണ്ടും ഭട്ടതിരിയെക്കുറിച്ച് വിസ്മയിച്ചു തന്റെ ഗൃഹത്തിൽ വന്നു സുഖമായി വസിച്ചു. തന്റെ അധഃപതനദിവസത്തെ പ്രതീക്ഷിച്ചുംകൊണ്ടു ഭട്ടതിരിയും ഇരുന്നു.
ജാതകഫലം അനുഭവിക്കാതെ കഴികയില്ലെന്നു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും കഴിയുന്നതും പരീക്ഷിക്കണമെന്ന് വിചാരിച്ച് ഭട്ടതിരി ഒരുപായം നിശ്ചയിച്ചുകൊണ്ട് സ്വദേശം വിട്ടു പാഴൂർ വന്നു താമസിച്ചു. തനിക്ക് അധഃപതനം സംഭവിക്കുന്നതിനു യോഗമുള്ളതായ ആ ദിവസം രാവിലെ കുളിച്ചു നിത്യകർമ്മാനുഷ്ഠാനാദികളും ഭക്ഷണവും കഴിഞ്ഞതിന്റെ ശേഷം ചില സ്നേഹിതന്മാരോടുകൂടി തോണി കളിക്കാനായി പോയി. അന്ന് അഹോരാത്രം തോണിയിൽത്തന്നെ കഴിച്ചുകൂട്ടണമെന്നായിരുന്നു ഭട്ടതിരിയുടെ ഉദ്ദേശം. പാഴൂർ പുഴയിലായിരുന്നു വഞ്ചികളി. പകൽ മുഴുവനും അങ്ങനെ പുഴയിൽത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യാസമയമായപ്പോൾ കരയ്ക്കടുത്തു കുളിച്ചു സന്ധ്യാവന്ദനാദി കഴിച്ചു വീണ്ടും എല്ലാവരുംകൂടി വഞ്ചിയിൽ കയറി കളിതുടങ്ങി. നല്ല നിലാവുള്ള കാലമായിരുന്നതിനാൽ തത്കാലം ഒരു വിഷമതയും ഉണ്ടായിരുന്നില്ല. നേരം പാതിരാ കഴിഞ്ഞപ്പോൾ ആ വിധമൊക്കെ ഒന്നു മാറി. അകസ്മാൽ അതികഠിനമായി മഴക്കാറും കാറ്റും തുടങ്ങി. കാർമേഘങ്ങളാൽ ചന്ദ്രമണ്ഡലം അശേഷം മൂടപ്പെടുകയാൽ ചന്ദ്രികയില്ലാതെയായി. എന്നു മാത്രമല്ല, അതിഘോരമായ അന്ധകാരം ലോകമാസകലം നിറയുകയും ചെയ്തു. വഞ്ചിയിൽ ഇരിക്കുന്നവർക്കുതന്നെ പരസ്പരം കാൺമാൻ വഹിയാതെയായിത്തീർന്നു. ഉടനെ അതികേമമായി മഴയും തുടങ്ങി. പുഴയിൽ ഒഴുക്കും ഓളവും കലശലായി. വഞ്ചിയിൽ വെള്ളം നിറഞ്ഞു മുങ്ങുമെന്നുള്ള ദിക്കായി. മരണഭയം നിമിത്തം എല്ലാവർക്കും വല്ലപ്രകാരവും കരയ്ക്കടുക്കണമെന്നു തോന്നിത്തുടങ്ങി. ഇരുട്ടുകൊണ്ട് കരയും കടവും കാണാനും പാടില്ല. ഒഴുക്കും ഓളവും കൊണ്ട് ഊന്നിയാലും തുഴഞ്ഞാലും വഞ്ചി നേരെ പോകുന്നുമില്ല. ആകപ്പാടെ വലിയ കുഴപ്പത്തിലായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. എന്തിനു വളരെപ്പറയുന്നു?
കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും നനഞ്ഞൊലിച്ചു കിടുകിടാ വിറച്ചുകൊണ്ട് അടുക്കലുള്ള ഓരോ ഗൃഹങ്ങളിലേക്ക് കയറിപ്പോയി. കൂട്ടുകാരെല്ലാം പിരിഞ്ഞു. ഭട്ടതിരി തനിച്ചായി. കാറ്റും മഴയും കൊണ്ട് തണുപ്പു സഹിക്കവയ്യാതെ വിറച്ചുകൊണ്ട് അദ്ദേഹം ഇരുട്ടത്തു തപ്പിത്തപ്പി പുറപ്പെട്ടു. തൽക്കാലമുണ്ടായ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു കാണപ്പെട്ടതായ ഒരു വീടിന്റെ തിണ്ണയിൽ അങ്ങനെ ചെന്നു കയറി. മുണ്ടും മറ്റും പിഴിഞ്ഞ് തുവർത്തി കുറച്ചുസമയം അവിടെ ഇരുന്നു. അപ്പോൾ ഒരിടിമിന്നലുണ്ടായതിനാൽ ആ ഇറയത്ത് ഒരു കയറ്റുകട്ടിലും പായും തലയിണയും ഇരിക്കുന്നതായി കണ്ടു. ഇതാരുടെയെങ്കിലുമാകട്ടെ, എടുത്തു കിടക്കുകതന്നെ എന്നു നിശ്ചയിച്ച് ആ കട്ടിലിൽ കയറിക്കിടപ്പുമായി. അത്താഴമുണ്ണായ്കകൊണ്ടും വഞ്ചികളിയാലുണ്ടായ അധ്വാനം നിമിത്തവും ഭട്ടതിരി വളരെ ക്ഷീണിച്ചിരുന്നതിനാൽ കിടന്നെ ഉടനെ ഉറക്കവുമായി. ഭട്ടതിരി കിടന്നതായ ആ കട്ടിലും പായയും വീട്ടുടമസ്ഥന്റേതായിരുന്നു. അവൻ ഒരു മദ്യപൻ ആയിരുന്നതിനാൽ ഭാര്യയോടു കലഹിച്ച് അന്ന് എവിടെയോ പോയിരുന്നതിനാലാണ് അതൊഴിവായിരുന്നത്.
ഭട്ടതിരി ഉറക്കമായി കുറച്ചുസമയം കഴിഞ്ഞപ്പോൾ മഴ മാറി. മുമ്പിലത്തെപ്പോലെ നിലാവും തെളിഞ്ഞു. ആ സമയം ഒരു സ്ത്രീ പുരയുടെ വാതിൽ തുറന്നു മൂത്രശങ്കയ്ക്കോ മറ്റോ ആയി പുറത്തിറങ്ങി. അപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നതു കണ്ടു. അതു തന്റെ ഭർത്താവാണെന്നും തിരികെ വന്നപ്പോൾ രാത്രി അധികമായതിനാൽ വിളിക്കേണ്ടെന്നു വിചാരിച്ചു കയറിക്കിടന്നതാണെന്നും വിചാരിച്ച് ആ സ്ത്രീയും ഇദ്ദേഹത്തിന്റെ കൂടെ പോയി കിടന്നു. സ്ത്രീ വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നനഞ്ഞു ബുദ്ധിമുട്ടി ഈറനോടുകൂടി പുതയ്ക്കാനൊന്നുമില്ലാതെ വിറച്ചുകൊണ്ടു കിടന്നിരുന്ന ഭട്ടതിരിക്ക് ഇവളുടെ സഹശയനം ഏറ്റവും സുഖകരമായി ഭവിച്ചു.
തത്ക്കാലം തന്റെ നിശ്ചയങ്ങളെക്കുറിച്ചൊന്നും ഓർമ്മയുണ്ടായതുമില്ല. കിം ബഹുനാ, ഭട്ടതിരി തത്ക്കാലത്തേക്ക് ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. "പ്രായസ്സമാപന്ന വിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ.
സുഖാനുഭവങ്ങൾ എല്ലാം കഴിഞ്ഞതിന്റെ ശേഷം ഭട്ടതിരി നക്ഷത്രം നോക്കി സമയം അറിഞ്ഞിട്ട് ആ സ്ത്രീയോട് "നീ ആരാണ്? നിന്റെ ജാതിയെന്താണ്?" എന്നൊക്കെ ചോദിച്ചു. ശബ്ദം കേട്ടപ്പോഴേ ആൾ മാറിയാണെന്ന് അവൾക്ക് മനസ്സിലായുള്ളൂ. ഉടനെ പരിഭ്രമിച്ച് എണീറ്റ് വന്ദിച്ച് അടുക്കൽ നിന്നുംകൊണ്ട് ലജ്ജാവനമ്രമുഖിയായി മന്ദമാകുംവണ്ണം അവൾ "അടിയൻ കണിയാട്ടിയാണ്. ആളറിയാതെ ചെയ്തുപോയ അപരാധത്തെ തിരുമേനി ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴേ ഭട്ടതിരിക്ക് തന്റെ സ്ഥിതിയെക്കുറിച്ച് ഓർമ്മ വന്നുള്ളൂ. "ലിഖിതമപി ലലാടേ പ്രാജ്ഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ധൈര്യത്തോടുകൂടി അദ്ദേഹം പറഞ്ഞു" ആട്ടെ, നീ ഇതുകൊണ്ടു ഒട്ടും പരിഭ്രമിക്കുകയും വ്യസനിക്കയും വേണ്ട. ഇത് ഒരു ഈശ്വരവിധിയാണ്. നീ ഇപ്പോൾ എങ്കൽനിന്നും ഗർഭം ധരിച്ചിരിക്കുന്നു. അതിയോഗ്യനായ ഒരു പുത്രൻ നിനക്ക് ജനിക്കും. അവൻ നിമിത്തം നിനക്കും നിന്റെ കുടുംബത്തിനും ഏറ്റവും അഭ്യുദയവും സിദ്ധിക്കും. ഇതാ അരുണോദയമായിരിക്കുന്നു. ഞാൻ ഇനി ഇവിടെ താമസിക്കുന്നില്ല.
ഈശ്വരേച്ഛയുണ്ടെങ്കിൽ ഇനിയൊരുകാലത്തു ഞാൻ ഇവിടെ വന്നുകണ്ടുകൊള്ളാം" എന്നും താൻ ആരാണെന്നുള്ള വിവരവും പറഞ്ഞതിന്റെ ശേഷം വെളുപ്പാൻകാലത്തുതന്നെ ഭട്ടതിരി അവിടെനിന്നു പോവുകയും ചെയ്തു. അതിന്റെശേഷം അദ്ദേഹം ശ്രീകാശി മുതലായ പുണ്യസ്ഥലങ്ങളിൽ സഞ്ചരിച്ച് ഒടുക്കം പാണ്ഡ്യരാജ്യത്തു ചെന്നുചേർന്നു. പിന്നെ കുറഞ്ഞോരുകാലം അവിടെ താമസിക്കുകയും അവിടെയും ഒരു ശൂദ്രസ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിലും ഒരു പുത്രൻ ജനിക്കുകയും ചെയ്തു. ആ പുത്രനെ അദ്ദേഹം തന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കയും വിശേഷിച്ചും ജ്യോതിശ്ശാസ്ത്രം ഉപദേശിക്കയും ചെയ്തു. ആ പുത്രനാണ് പ്രസിദ്ധനായ "ഉള്ളമടയാൻ" എന്നും ചിലർ പറയുന്നു. ഉള്ളമടയാൻ ഭട്ടതിരിയുടെ പുത്രനല്ല്ല, ശിഷ്യനാണ് എന്നും ചിലർ പറയുന്നു. ഏതെങ്കിലും, ഭട്ടതിരി വളരെക്കാലം പരദേശങ്ങളിൽ താമസിച്ചതിന്റെ ശേഷം കാശിവാസിയുടെ വേഷമായിട്ടുതന്നെ സ്വദേശത്തേക്കു പുറപ്പെട്ടു. ഭട്ടതിരിയിൽനിന്നു ഗർഭം ധരിച്ച കണിയാട്ടി, പത്തുമാസം കഴിഞ്ഞപ്പോൾ ഗർഭം പൂർണ്ണമായി, ഏറ്റവും തേജോമയനും കോമളനുമായ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ബാലനെ വിദ്യഭ്യാസം ചെയ്യിക്കയും അവന്റെ ബുദ്ധിസാമർത്ഥ്യത്താൽ അവൻ ഒരു നല്ല വിദ്വാനും ജ്യോത്സ്യനുമായിത്തീരുകയും ചെയ്തു. ജാതകമെഴുത്ത്, പ്രശ്നം പറക മുതലായവയിൽ അവൻ ഏകദേശം ഭട്ടതിരിയോടു തുല്യനായിത്തീർന്നു.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു നമ്പൂരി, താൻ വിവാഹം ചെയ്തിരിക്കുന്ന അന്തർജനത്തിനു ഗർഭമുണ്ടായിരിക്കുമ്പോൾ യദൃച്ഛയാ കണിയാരെ കാണുന്നതിനു സംഗതിയായി. അപ്പോൾ "അന്തർജനം പ്രസവിക്കുന്നത് ഉണ്ണിയോ പെണ്ണോ" എന്നു ചോദിച്ചു. ഉടനെ കണിയാർ "സ്ത്രീപ്രജയാണെന്നും താമസിയാതെ ജാതകമെഴുതി തരാമെന്നും" പറഞ്ഞു. അപ്രകാരം ഒരു സ്ത്രീജാതകം എഴുതിക്കൊടുക്കുകയും ആ ജാതകത്തിൽ പറഞ്ഞിരിക്കുന്ന സമയത്ത് അന്തർജനം പ്രസവിക്കയും പെൺകുട്ടി ആയിരിക്കയും ചെയ്തതിനാൽ നമ്പൂരിക്ക് നല്ല വിശ്വാസമായി. പിന്നെയും അന്തർജനത്തിനു ഗർഭമുണ്ടാകുന്ന സമയമൊക്കെ കണിയാരെ കണ്ടുപറകയും പ്രസവിക്കുന്നതിനുമുമ്പുതന്നെ ജാതകമെഴുക്കൊടുക്കയും എല്ലാം ഒത്തുവരികയും ചെയ്തു. അങ്ങനെ നമ്പൂരിക്ക് ഒൻപത് പെൺകിടാങ്ങളുണ്ടായി. അത്യന്തം ദരിദ്രനായ നമ്പൂരിക്ക് ഒൻപത് പെൺകിടാങ്ങൾ അടുപ്പിച്ചുണ്ടാവുകയും ഒരു പുത്രൻപോലും ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോൾ ഉണ്ടായ വ്യസനം ഇത്രമാത്രമെന്ന് എങ്ങനെ പറയുന്നു? പത്താമതും അന്തർജനത്തിന് ഗർഭമുണ്ടായപ്പോൾ കണിയാരെ പോയി കണ്ടു വിവരം പറഞ്ഞു. അതും സ്ത്രീപ്രജ തന്നെയാണെന്നു പറഞ്ഞ് കണിയാരു പതിവുപോലെ ജാതകം എഴുതിക്കൊടുത്തു.
കണിയാർ പറഞ്ഞാൽപ്പിന്നെ കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നു നിശ്ചയമുള്ളതിനാൽ നമ്പൂരിക്ക് വ്യസനം സഹിക്കവയ്യാതെ ആയിത്തീർന്നു.
ഇപ്രകാരം ഇരിക്കുന്നകാലത്ത് യദൃച്ഛയാ ഒരു വഴിപോക്കൻ നമ്പൂരിയുടെ ഇല്ലത്തു വന്നു. ആ വഴിപോക്കൻ തൈക്കാട്ടുശ്ശേരിയിൽ തൈക്കാട്ടു നമ്പൂരിയായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അദ്ദേഹം എവിടെയോ പോയി വരുംവഴി ഊണു കഴിച്ചുപോകാനായി അവിടെ കേറിയതാണ്. വഴിപോക്കൻനമ്പൂരിയെ കണ്ടയുടനെ ഗൃഹസ്ഥൻനമ്പൂരി
യഥായോഗ്യം ആദരിച്ച്, "വേഗത്തിൽ കുളികഴിച്ചുവരാം, ഊണിന് അധികം താമസമില്ല" എന്നു പറഞ്ഞു. ദാരിദ്ര്യം അതികലശലായിട്ടുണ്ടെങ്കിലും ആ ഗൃഹസ്ഥൻനമ്പൂരി ഏറ്റവും ഔദാര്യം ഉള്ള ആളായിരുന്നു. വഴിപോക്കൻനമ്പൂരി കുളിയും തേവാരവും കഴിഞ്ഞ് വന്നപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു. രണ്ടുപേരും ഊണുകഴിഞ്ഞ് പുറത്തളത്തിൽ പോയി മുറുക്കി വർത്തമാനവും പറഞ്ഞിരിക്കുമ്പോൾ ഗൃഹസ്ഥൻനമ്പൂരി തന്റെ കഷ്ടാവസ്ഥകളെലാം വഴിപോക്കൻനമ്പൂരിയെ പറഞ്ഞുകേൾപ്പിചു. ഉടനെ വഴിപോക്കൻനമ്പൂരി "ആട്ടെ ഇപ്പോൾ അകായിലേക്കു ഗർഭമെത്ര മാസമായി" എന്നു ചോദിച്ചു. "നാളു പോയിട്ട് ഒരു മാസം കഴിഞ്ഞു" എന്നു ഗൃഹസ്ഥൻ പറഞ്ഞു. "അത്ര ഉള്ളോ? എന്നാൽ ഇപ്രാവശ്യത്തേത് ഒരുണ്ണിയാകരുതെന്നൊന്നുമില്ല. എനിക്ക് ഒരു നാൽപ്പത് ദിവസം ചെലവിനു തന്ന് ഇവിടെ താമസിപ്പിച്ചാക്കാമെങ്കിൽ ഈ പ്രാവശ്യം പുരുഷപ്രജയെ പ്രസവിപ്പിചേക്കാം" എന്ന് വഴിപോക്കൻ പറഞ്ഞു. അപ്പോൾ ഗൃഹസ്ഥൻ "സ്ത്രീപ്രജയെന്ന് കണിയാൻ ജാതകമെഴുതിത്തന്നിരിക്കുന്ന സ്ഥിതിക്ക് അത് മറിച്ചുവരാൻ പ്രയാസമാണ്. കണിയാൻ സാമാന്യക്കാരനല്ല" എന്നു പറഞ്ഞു. "ആട്ടെ, അതൊക്കെ ശരിതന്നെ, എനിക്കു നാൽപ്പതു ദിവസം ഭക്ഷണം തന്ന് ഇവിടെ താമസിപ്പിക്കാമോ? എന്നാൽ കണിയാനെന്നല്ല ബ്രഹ്മാവു തന്നെ പറഞ്ഞാലും ഞാൻ നിവൃത്തിയുണ്ടാക്കിക്കൊള്ളാം" എന്നു വഴിപോക്കൻ ഉറപ്പായി വീണ്ടും പറഞ്ഞപ്പോൾ അങ്ങനെ ആവാമെന്നു ഗൃഹസ്ഥൻ സമ്മതിച്ചു. അതിന്റെ ശേഷം വഴിപോക്കൻ നമ്പൂരി നാൽപ്പതു ദിവസം അവിടെ താമസിച്ച് അന്തർജനത്തിന് നെയ്യ് ജപിച്ചു കൊടുത്തു. "പ്രസവദിവസം ഞാനും വരാം, കണിയാനെയും വരുത്തണം, ആരു പറഞ്ഞതാണ് ഒക്കുന്നതെന്നറിയണമല്ലോ" എന്നു പറഞ്ഞു വഴിപോക്കൻനമ്പൂരി പോവുകയും ചെയ്തു.
അന്തർജനത്തിന്റെ പ്രസവദിവസം നേരത്തെ ആ നമ്പൂരി വീണ്ടും വന്നു ചേർന്നു. അദ്ദേഹം ഇവിടെ വന്നിരിക്കുന്ന വിവരവും അദ്ദേഹം പറഞ്ഞിട്ടുള്ളതും ഒന്നും കണിയാനോടു പറഞ്ഞുപോകരുതെന്നും പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങാതെ പുറത്തളത്തിൽ ഇരുന്നു. കണിയാൻ വിവരമൊന്നും അറിയാതെ പടിക്കലും വന്നിരുന്നു. അപ്പോൾ യദൃച്ഛയാ ഒരു കാശിവാസിയും അവിടെ വന്നു മുറ്റത്തിരുന്നു. ഉടനെ അന്തർജനത്തിനു പ്രസവവേദനയും ആരംഭിച്ചു. അപ്പോൾ ഗൃഹസ്ഥൻനമ്പൂരി കണിയാനോട് "എന്താ കണിയാരേ! പെണ്ണുതന്നെയാണ്, അല്ലേ?" എന്നു ചോദിച്ചു. "അടിയൻ എഴുതിത്തന്നിട്ടുള്ള ജാതകമൊന്നും ഇതുവരെ തെറ്റീട്ടില്ലല്ലോ. പിന്നെ എന്തിനു സംശയിക്കുന്നു? അങ്ങനെ തന്നെയാണ് ഇതും" എന്നു കണിയാൻ പറഞ്ഞപ്പോൾ കാശിവാസി "ഇതുവരെ തെറ്റീട്ടില്ലെങ്കിലും ഈ പ്രാവശ്യം കുറച്ചു തെറ്റിപ്പോയി. അന്തർജനം പ്രസവിക്കുന്നത് ഒരു ആൺകുട്ടിയെ ആണ്, സംശയമില്ല" എന്നു പറഞ്ഞു. ഒരുനാളും അങ്ങനെ വരുന്നതല്ലെന്നു കണിയാനും വാദിച്ചു. ഇങ്ങനെ അവർ വാദിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു പശുവിനു പ്രസവവേദന തുടങ്ങി. പ്രസവിക്കാനുള്ള ഭാവമായി. അപ്പോൾ ഗൃഹസ്ഥൻ നമ്പൂരി "ആട്ടെ കണിയാരേ! എന്നാൽ ഈ പശു പ്രസവിക്കുന്ന കിടാവ് എന്തായിരിക്കും" എന്നു ചോദിച്ചു. ഉടനെ കണിയാർ "കാളക്കിടാവാണ്, നെറ്റിയിൽ ചാർത്തും ഉണ്ടായിരിക്കും" എന്നു പറഞ്ഞു. അപ്പോൾ കാശിവാസി "നെറ്റിയിൽ ചാർത്തല്ല. വാലിൽ കൊടിയാണ്" എന്നു പറഞ്ഞു. "ആട്ടെ നമുക്കിപ്പോൾ അറിയാമല്ലോ" എന്നായി കണിയാൻ. കുറച്ചുസമയം കഴിഞ്ഞപ്പോൾ പശു പ്രസവിച്ചു. കിടാവ് കാള തന്നെയായിരുന്നു. എങ്കിലും കാശിവാസി പറഞ്ഞതുപോലെ വാലിൽ കോടിയായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ കണിയാരുടെ മനസ്സിൽ കുറച്ച് ലജ്ജയും വിസ്മയവും കാശിവാസിയെക്കുറിച്ച് ബഹുമാനവും അന്തർജനം പ്രസവിക്കുന്നത് ഉണ്ണിയായിത്തീർന്നേക്കുമോ എന്നുള്ള വിചാരവും എല്ലാംകൂടി വലിയ പരിഭ്രമമായിത്തീർന്നു. ഉടനെ അന്തർജനം പ്രസവിച്ചു. ഉണ്ണിയായിരുന്നതിനാൽ കണിയാരുടെ മനോവികാരങ്ങൾ ദ്വിഗുണീഭവിച്ചു. താൻ ശാസ്ത്രപ്രകാരം പറഞ്ഞത് എങ്ങനെ തെറ്റി എന്നു വിചാരിച്ചു കാശിവാസിയോടു ചോദിച്ചു: ഹേ മഹാത്മാവേ! ഇതെന്താണിങ്ങനെ വന്നത്? ഞാൻ ശാസ്ത്രപ്രകാരമാണല്ലോ രണ്ടു സംഗതികളും പറഞ്ഞത്. അതു രണ്ടും തെറ്റിപ്പോയല്ലോ. ആ കിടാവിനു നെറ്റിയിൽ ചാർത്തില്ലാതെയും വന്നു, ഇവിടെ പുരുഷപ്രജ ജനിക്കയും ചെയ്തു. ശാസ്ത്രം അബദ്ധമാണെന്നു വരുമോ?" ഇതു കേട്ടപ്പോൾ കാശിവാസി, " ശാസ്ത്രം അബദ്ധമെന്ന് ഒരിക്കലും വരുന്നതല്ല ശാസ്ത്രം ഗ്രഹിച്ചിരുന്നാലും സയുക്തികമായി ആലോചിക്കാതെയും മറ്റും പറഞ്ഞാൽ ഇങ്ങനെ തെറ്റിപ്പോകുമെന്നേ ഉള്ളൂ. ഇതു രണ്ടും നിന്റെ വിചാരക്കുറവു നിമിത്തം തെറ്റിയതാണ്" എന്നു പറഞ്ഞു. ഉടനെ കണിയാൻ ഇതിന്റെ കാരണം വ്യക്തമായി പറഞ്ഞുകേട്ടാൽ കൊള്ളാമെന്ന് അപേക്ഷിക്കയാൽ കാശിവാസി വീണ്ടും പറഞ്ഞു, "ഗർഭമുണ്ടായി മൂന്നു മാസം കഴിയുന്നതിനുമുമ്പു വിചാരിച്ചാൽ പ്രജയെ സ്ത്രീയോ പുരുഷനോ ഏതെങ്കിലും ഇഷ്ടംപോലെ ആക്കിത്തീർക്കുന്നതിനു ബ്രാഹ്മണർക്കു ശക്തിയുണ്ട്. അത് അവരുടെ വേദത്തിന്റെ മാഹാത്മ്യമാണ്. അതിനാൽ ഗർഭം മൂന്നു മാസം ആകാതെ ജാതകം എഴുതിക്കൊടുക്കരുതാത്തതാണ്. ഇവിടെ ഇപ്രകാരം ആക്കിത്തീർത്തയാൾ ഇപ്പോൾ അകത്തിരിക്കുന്നുണ്ട്. നീ ഇതിനെക്കുറിച്ചൊന്നും വിചാരിക്കാതെ ആദ്യം ജാതകം ഗണിച്ചപ്പോൾ കണ്ട ലക്ഷണം വിചാരിച്ചുതന്നെയാണ് ഇപ്പോഴും പറഞ്ഞത്. തത്ക്കാലസ്ഥിതിയെക്കുറിച്ച് വിചാരിക്കാത്തതിനാൽ ഇങ്ങനെ തെറ്റിപ്പോയതാണ്. പിന്നെ ആ കിടാവ് ഗർഭത്തിൽ കിടന്നിരുന്നപ്പോൾ അതിന്റെ വാലു വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയിൽ ചാർത്തുണ്ടെന്നു നിനക്കു തോന്നിയത്. ഇതും ആലോചനക്കുറവുതന്നെ. കുറച്ചുകൂടി മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കിൽ നിനക്കും ഇതൊക്കെ അറിയാവുന്നതായിരുന്നു."
ഇപ്രകാരം കാശിവാസിയുടെ വാക്കു കേട്ടപ്പോൾ ഇദ്ദേഹം തന്റെ അച്ഛനായ തലക്കുളത്തൂർ ഭട്ടതിരിതന്നെയായിരിക്കുമോ എന്നു സംശയം തോന്നുകയാൽ കണിയാൻ വിവരം ചോദിക്കുകയും അദ്ദേഹം അതിനെ സമ്മതിച്ചു തന്റെ വാസ്തവം പറയുകയും ചെയ്തു. ഭട്ടതിരിയെക്കുറിച്ചു പലരും, വിശേഷിച്ചു തന്റെ അമ്മയും, പറഞ്ഞു കണിയാൻ നല്ലപോലെ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹംതന്നെയാണ് ഈ കാശിവാസിയെന്നറിഞ്ഞപ്പോൾ കണിയാൻ പാദത്തിങ്കൽ വീണു നമസ്കരിച്ചു. അവരുടെ പിതൃപുത്രസംബന്ധത്തെ പരസ്പരം അറിഞ്ഞതിന്റെ ശേഷം രണ്ടുപേരും കൂടി കണിയാന്റെ ഗൃഹത്തിലേക്കു പോയി. ഈ സംഗതിയുണ്ടായതു മൂവാറ്റുപുഴ താലൂക്കിൽ പിറവത്തു പുളിമറ്റത്തു നമ്പൂരിയുടെ ഇല്ലത്തുവച്ചാണെന്നാണ് കേട്ടിരിക്കുന്നത്.

പിന്നെ അവർ രണ്ടുപേരുംകൂടി പോകുമ്പോൾ വഴിയിൽവച്ചു കണിയാൻ "ഇന്നു നമുക്കു പാൽപ്പായസം കിട്ടും" എന്നു പറഞ്ഞു. ഉടനെ കാശിവാസി "പാൽപ്പായസമാണെങ്കിലും കരിഞ്ഞതായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്രകാരംതന്നെ അവർക്ക് ഒരു നമ്പൂരി കുറെ പാൽപ്പായസം കൊടുക്കുകയും അത് കരിഞ്ഞതായിരിക്കയും ചെയ്തു. അപ്പോൾ കണിയാൻ "ഇതെന്താണ് ഇന്നു ഞാൻ പറയുന്നതൊന്നും ശരിയാകാത്തത്? ഞാനെല്ലാം ശാസ്ത്രപ്രകാരം ലക്ഷണം നോക്കിയാണല്ലോ പറയുന്നത്" എന്നു പറഞ്ഞു. ഉടനെ കാശിവാസി "ലക്ഷണം പറയുന്നതിനു ശാസ്ത്രം ഗ്രഹിച്ചാൽ മാത്രം മതിയാവുകയില്ല. ഓരോന്നിനെക്കുറിച്ചും സൂക്ഷ്മമായും പൂർണ്ണമായും ആലോചിച്ചും ഗ്രഹിച്ചും യുക്തിയോടുകൂടി പറഞ്ഞെങ്കിൽ മാത്രമേ ശരിയായിരിക്കയുള്ളൂ" എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഓരോ സംഗതിയെക്കുറിച്ചും വിവരിച്ചു കണിയാർക്കു മനസ്സിലാക്കിക്കൊടുത്തു. "നമ്പൂരി ആദ്യം വന്ന് അന്തർജനത്തിനു ഗർഭമുണ്ടെന്നു പറഞ്ഞ ലക്ഷണംകൊണ്ട് അതൊരു സ്ത്രീപ്രജയാണെന്നു വിചാരിക്കാനല്ലാതെ മാർഗ്ഗമില്ലായിരുന്നു. പിന്നീട് ഒരു ബ്രാഹ്മണൻ ആ അന്തർജനത്തിന് എന്തോ ജപിച്ചുകൊടുത്ത് ആ പ്രജയെ പുരുഷനാക്കിയതാണ്. നീ ആദ്യത്തെ ലക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയും പിന്നീട് നടന്ന സംഗതികളെക്കുറിച്ച് വിചാരിക്കാതെയും പറഞ്ഞതിനാലാണ് അത് തെറ്റിപ്പോയത്. ആ കാളക്കിടാവ് പശുവിന്റെ വയറ്റിൽ കിടന്നപ്പോൾ അതിന്റെ വാൽ വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയിൽ ചാർത്താണെന്ന് നിനക്കു തോന്നിയത്. ആലോചനയും യുക്തിയും പോരാതെ പോയതിനാലാണ് നിനക്ക് അത് തെറ്റിയത്." ഇത്രയും കാശിവാസി പറഞ്ഞപ്പോൾ "പാൽപ്പായസം കരിഞ്ഞിരിക്കും എന്നെങ്ങനെയറിഞ്ഞു" എന്നു ചോദിച്ചു. അപ്പോൾ കാശിവാസി "പാൽപ്പായസം കിട്ടുമെന്നു നീ എങ്ങനെ നിശ്ചയിച്ചു" എന്നു ചോദിച്ചു. ഉടനെ കണിയാർ, "നമ്മൾ ഇങ്ങോട്ടു പോന്നപ്പോൾ നമ്മുടെ വലതുവശത്തായി ഒരു ചക്രവാകമിഥുനം വന്ന് ഒരു പാലുള്ള വൃക്ഷത്തിന്മേൽ ഇരുന്നതുകൊണ്ടാണ് ഞാനിതു നിശ്ചയിച്ചത്" എന്നു പറഞ്ഞു. അപ്പോൾ കാശിവാസി "ആ ചക്രവാകമിഥുനം ഒരു ഉണങ്ങിയ കൊമ്പിന്മേലാണ് വന്നിരുന്നത്, അതിനാലാണ് പാൽപ്പായസം കരിഞ്ഞതായിരിക്കുമെന്ന് ഞാൻനിശ്ചയിച്ചത്. ഇങ്ങനെ ഓരോരോ സംഗതിയുടെയും സൂക്ഷ്മം നോക്കി അറിഞ്ഞിട്ടുവേണം ഒരു ലക്ഷണം പറയാൻ" എന്നു പറഞ്ഞു. കാശിവാസി, അല്ലെങ്കിൽ ഭട്ടതിരി പറഞ്ഞതിനെ എല്ലാം കണിയാർ സമ്മതിക്കുകയും പിന്നീടു കണിയാരും ഓരോന്നും സൂക്ഷ്മംവരെ നോക്കിയും ആലോചിച്ചും പറഞ്ഞുതുടങ്ങുകയും എല്ലാം ശരിയായി ഒത്തുവന്നുതുടങ്ങുകയും ചെയ്തു. പിന്നെ ജീവാവസാനംവരെ ഭട്ടതിരി ആ കണിയാന്റെ പടിപ്പുരയിൽത്തന്നെ താമസിക്കുകയും ജ്യോതിശ്ശാസ്ത്രസംബന്ധമായി അനേകം സംഗതികൾ തന്റെ പുത്രന് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. താൻ മരിച്ചാൽ ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു കൊള്ളണമെന്നും, ആ സ്ഥലത്തിരുന്നു പ്രശ്നംവച്ചു പറയുന്നതെല്ലാം സൂക്ഷ്മമായിരിക്കുമെന്നും ഭട്ടതിരി ജീവിച്ചിരുന്നപ്പോൾത്തന്നെ പറഞ്ഞിരുന്നതുപോലെതന്നെ അദ്ദേഹം മരിച്ചതിന്റെ ശേഷം ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു. അതിന്റെ ശേഷം അവിടെയിരുന്നല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്ന് ഏർപ്പാടുംവച്ചു. ഇതിനാലാണ് പാഴൂർപടിപ്പുരപ്രശ്നത്തിനു വിശേഷവും പ്രസിദ്ധിയുമുണ്ടായത്. ഈ പടിപ്പുരകൂടാതെ അവിടെ വേറെയും പടിപ്പുരയുണ്ട്. അതിനു മാഹാത്മ്യമുണ്ടാകുന്നതിനു വേറെ കാരണവുമുണ്ട്. അതും താഴെ പറഞ്ഞുകൊള്ളുന്നു.

പാഴൂർ കണിയാരുടെ അവിടെ പടിപ്പുര മൂന്നുണ്ട്. അവയിൽ ഒന്ന് കണീയാരുടെ വാസഗൃഹത്തിന്റെ തെക്കുവശത്തു നദീതീരത്താണ്. അവിടെവച്ചാണ് ഭട്ടതിരിയും കണിയാട്ടിയുംകൂടി സഹശയനമുണ്ടായിട്ടുള്ളത്. ആ അത്ഭുതസംഗതിയുടെ സ്മാരകമായിട്ട് ആ സ്ഥലം ഇപ്പോഴും കെട്ടിസൂക്ഷിച്ച് ഇട്ടിരിക്കുന്നു എന്നല്ലാതെ ആ സ്ഥലത്തെ യാതൊരു കാര്യത്തിനും ഉപയോഗപ്പെടുത്താറില്ല പിന്നെ രണ്ടു പടിപ്പുരകളുള്ളത് ഗൃഹത്തിന്റെ കിഴക്കുവശത്തു കിഴക്കും പടിഞ്ഞാറുമായി പടിപ്പുര സ്ഥാനത്തു തന്നെയാണ്. അവയിൽ പടിഞ്ഞാറുള്ള പടിപ്പുരയിലാണ് ഭട്ടതിരിയുടെ മൃതശരീരം സ്ഥാപിച്ചിട്ടുള്ളത്. കണിയാർ അവിടെയിരുന്നാണ് ഇന്നും രാശിവയ്ക്കുകയും ഒഴിവു കാണുകയും ചെയ്യുന്നത്. പ്രസിദ്ധമായ പടിപ്പുരയും അതുതന്നെയാണ്. പ്രശ്നത്തിന്റെ ഫലം പറയുന്നതിന് ആ പടിപ്പുരയിലും അതിന്റെ കിഴക്കുവശത്തുള്ള പടിപ്പുരയിലുമിരിക്കാറുണ്ട്. സാക്ഷാൽ പടിപ്പുരയുടെ കിഴക്കുവശത്തുള്ള പടിപ്പുരയ്ക്കും മാഹാത്മ്യം ഒട്ടും കുറവില്ല. ആ പടിപ്പുരയ്ക്കു മാഹാത്മ്യം ഉണ്ടായതിന്റെ കാരണമാണ് ഇവിടെ പറയാൻപോകുന്നത്.

ഭട്ടതിരിയുടെ അനുഗ്രഹവും മാഹാത്മ്യവുംകൊണ്ടും ശാസ്ത്രജ്ഞതകൊണ്ടും പാഴൂർകണിയാർ ഏറ്റവും പ്രസിദ്ധനായിത്തീർന്ന തിന്റെ ശേഷം അവനെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു ബുധശുക്രന്മാർ ബ്രാഹ്മണവേഷം ധരിച്ചു കണിയാരുടെ അടുക്കൽ ചെന്നു. അവർ ചെന്നിരുന്നത് ആ കിഴക്കേ അറ്റത്തുള്ള പടിപ്പുരയിലാണ്. രണ്ടു ബ്രാഹ്മണർ തന്നെ കാണാനായി വന്നിരിക്കുന്നു എന്നു കേട്ടയുടനെ കണിയാർ പടിപ്പുരയ്ക്കൽ ചെന്ന് ആദരപൂർവം വന്ദിച്ച് ആഗമന കാരണത്തെ ചോദിച്ചു. അപ്പോൾ ബ്രാഹ്മണർ "ഇപ്പോൾ ബുധശുക്രന്മാർ ഏതു രാശിയിലാണെന്നറിഞ്ഞാൽ കൊള്ളാമെന്നു വിചാരിച്ചാണ് ഞങ്ങൾ വന്നത്" എന്നു പറഞ്ഞു. ഉടനെ കണിയാർ പഞ്ചാംഗമെടുത്തു നോക്കി. ഇന്നിന്ന രാശികളിലാണെന്നു പറഞ്ഞു.
ബ്രാഹ്മണർ: അതുകൊണ്ടു മതിയായില്ല. ഗ്രഹങ്ങളെ ഗണിക്കാനും മറ്റും ഞങ്ങളും കുറേശ്ശെ വശമാക്കീട്ടുണ്ട്. ഞങ്ങൾ ഗണിച്ചിട്ട് അങ്ങനെയല്ല കണ്ടത്. അതിനാൽ കണിയാർ ഒന്നു ഗണിച്ചു നോക്കിത്തന്നെ പറയണം."
കണിയാർ: ഗണിച്ചുനോക്കാനൊന്നുമില്ല. ഈ പഞ്ചാംഗം അടിയൻ സൂക്ഷ്മമായി ഗണിച്ചിട്ടുള്ളതാണ്.
ബ്രാഹ്മണർ: ഈ പഞ്ചാംഗം അത്ര സൂക്ഷ്മമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല. കണിയാർ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം.

ഇങ്ങനെ ബ്രാഹ്മണർ നിർബന്ധിച്ചതിനാൽ കണിയാർ ബുധശുക്രന്മാരെ ഗണിച്ചുനോക്കി. അപ്പോൾ പഞ്ചാംഗത്തിലുള്ളതു പോലെയല്ല കണ്ടത്. ഉടനെ ബ്രാഹ്മണർ, "പഞ്ചംഗം ശരിയല്ലെന്നു ഞങ്ങൾ പറഞ്ഞത് ഇപ്പോൾ സമ്മതമായില്ലേ? എന്നാൽ ഇപ്പോൾ ഗണിച്ചതും നല്ല ശരിയായെന്നു തോന്നിന്നില്ല. കണിയാർ നല്ലപോലെ മനസ്സിരുത്തി ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. കണിയാർ വീണ്ടും ഗണിക്കാൻ തുടങ്ങി. അപ്പോൾ ബ്രാഹ്മണർ മുമ്പിരുന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നു മാറി ഇരുന്നു. കണിയാർ രണ്ടാമത് ഗണിച്ചപ്പോൾ പഞ്ചാംഗത്തിലുള്ളതുപോലെയും ആദ്യം ഗണിച്ചതുപോലെയുമല്ല കണ്ടത്. അപ്പോൾ ബ്രാഹ്മണർ "ഇതും ശരിയായില്ല. ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. ഇങ്ങനെ കണിയാർ പല പ്രാവശ്യം ഗണിക്കയും ഗണിക്കാൻ തുടങ്ങുമ്പോൾ ബ്രാഹ്മണർ മാറിമാറി ഇരിക്കയാൽ ബുധശുക്രന്മാരുടെ സ്ഥിതി മാറിമാറി കാണുകയും ചെയ്തു. ഇപ്രകാരം അനേക തവണയായപ്പോൾ ഈ വന്നിരിക്കുന്നവർ കേവലം ബ്രാഹ്മണരല്ലെന്നും ബുധശുക്രന്മാർ തന്നെ പരീക്ഷിക്കാനായി വേഷം മാറി വന്നിരിക്കുകയാണെന്നും മനസ്സിലാക്കിയിട്ട് കണിയാൻ "അടിയൻ ഒരു ഗ്രന്ഥം ഒന്നു നോക്കാനുണ്ട്. അതു നോക്കി ഗണിച്ചാൽ ഒരിക്കലും തെറ്റുകയില്ല. അതു വിശേഷപ്പെട്ട ഗണിതശാസ്ത്രഗ്രന്ഥമാണ്, അകത്തു ചെന്ന് അതുകൂടി എടുത്തുകൊണ്ടുവന്നിട് ഇനി ഗണിക്കാം. അതുവരെ തമ്പുരാക്കന്മാർ ഇവിടെ ഇരിക്കണം" എന്നു പറഞ്ഞു. അങ്ങനെയാവാമെന്നു ബ്രാഹ്മണർ സമ്മതിച്ചപ്പോൾ വീണ്ടും കണിയാർ "അങ്ങനെ കല്പിച്ചതുകൊണ്ടു മതിയായില്ല. ഇതിനെ തീർച്ചയാക്കാതെ എഴുന്നള്ളിക്കളഞ്ഞെങ്കിൽ അടിയനു വലിയ കുറച്ചിലായിട്ടു തീരും. അതിനാൽ തിരിച്ചുവന്നല്ലാതെ എഴുന്നള്ളുകയില്ലെന്നു സത്യം ചെയണം" എന്നു പറഞ്ഞു. അപ്രകാരം ബ്രാഹ്മണർ സത്യം ചെയ്യുകയും കണിയാൻ അകത്തുചെന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. കണിയാൻ തിരിച്ചുവരാതെ പോകാൻ പാടില്ലാത്തതിനാൽ ബുധശുക്രന്മാർ ആ പടിപ്പുരയിൽത്തന്നെ ലയിക്കുകയും ചെയ്തു. അതിനാൽ ആ പടിപ്പുരയിൽ ബുധശുക്രന്മാരുടെ സാന്നിദ്ധ്യം ഇന്നും ഉണ്ടെന്നാണ് വിശ്വാസം. ഇപ്രകാരമാകുന്നു ആ പടിപ്പുരയ്ക്കും മാഹാത്മ്യം സിദ്ധിച്ചത്.

Thursday, August 18, 2011

തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും


പ്രസിദ്ധനായ തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷ് മലയാളത്തിലാണ്. ഇദ്ദേഹം നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്ക് പ്രശ്നം പറയുന്നതിന് ഒരു വിശേഷവാസന ബാല്യത്തില്‍ത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ബ്രഹ്മചാരിയായി വേദാദ്ധ്യായം ചെയ്തു താമസിക്കുന്ന കാലത്ത് അനധ്യായദിവസങ്ങളില്‍ തന്റെ സഹപാഠികളുമൊരുമിച്ച് കളിക്കുമ്പോള്‍ ഓരോരുത്തര്‍ ഓരോ നേരമ്പോക്കുകള്‍ കാണിക്കുന്ന ശേഖരത്തില്‍ ഇദ്ദേഹം പ്രശ്നംവച്ചു ഫലം പറയുകയാണ് പതിവ്. ആ പതിവിന്‍പ്രകാരം ഒരു ദിവസം ഓതിക്കോന്‍ പുറത്തെവിടെയോ ഇറങ്ങിപ്പോയിരുന്ന സമയം ബ്രാഹ്മണക്കുട്ടികള്‍ എല്ലാവരുംകൂടി ഓരോ കളികള്‍ തുടങ്ങി. ഭട്ടതിരി കവിടിക്കു പകരം കുറെ ചെറിയ പാറക്കല്ലുകള്‍ പെറുക്കിയെടുത്തു പ്രശ്നം വയ്ക്കാനും തുടങ്ങി. അപ്പോഴേക്കും ശേഷമെല്ലാവരും പ്രശ്നം കേള്‍ക്കാനായി ചുറ്റും ചെന്നുകൂടി. അപ്പോള്‍ ഒരു ഉണ്ണിനമ്പൂരി "ആട്ടെ, നമ്മുടെ ഓതിക്കോന് ഉണ്ണിയുണ്ടാകാതെ ഇരിക്കുന്നതിന്റെ കാരണമെന്താണെന്ന് ഒന്നു വാരിവെച്ചുനോക്കിയാല്‍ കൊള്ളാം" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി പ്രശ്നംവയ്ക്കുന്ന ഭാവങ്ങളൊക്കെ കാണിച്ചിട്ട് "ബാലശാപംകൊണ്ടാണ്" എന്നു പറഞ്ഞു. അപ്പോള്‍ മറ്റൊരാള്‍ "അതിനു പ്രതിവിധികൂടി അറിഞ്ഞാല്‍ കൊള്ളാം" എന്നു പറഞ്ഞു.ഭട്ടതിരി ഒന്നുകൂടി വാരിവച്ചു വിചാരിച്ചിട്ട് "പഞ്ചസാരപ്പായസമുണ്ടാക്കി ഒരു സംവത്സരം മുടങ്ങാതെ ദിവസംതോറും ബ്രാഹ്മണകുട്ടികള്‍ക്കു ധാരാളമായി കൊടുക്കുകയും മേലാല്‍ കുട്ടികളെ അടിക്കാതിരിക്കയും ചെയ്താല്‍ ഉണ്ണിയുണ്ടാകും" എന്നു പറഞ്ഞു. ഭട്ടതിരിയുടെ പ്രശ്നമാരംഭിച്ചപ്പോഴേക്കും ഓതിക്കോന്‍മ്പൂരി തിരിച്ചുവന്നു. ഇവരുടെ കളി എന്തെല്ലാമാണെന്നറിയുന്നതിനായി ഒളിച്ചിരുന്നതിനാല്‍ പ്രശ്നവും പ്രതിവിധിയും എല്ലാം കേട്ടു മനസ്സിലാക്കി. പിന്നെയും


അവിടെനിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി. ഒന്നും അറിയാത്ത ഭാവത്തില്‍ വീണ്ടും എല്ലാവരും കാണത്തക്കവിധത്തില്‍ തിരിച്ചുവന്നു. ഓതിക്കോന്‍നമ്പൂതിരി വരുന്നതുകണ്ട് എല്ലാവരും കളി നിര്‍ത്തി അവരവര്‍ക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിപ്പായി. ഓതിക്കോന്‍നമ്പൂരി പതിവുപോലെ അല്ലാതെ ഒന്നും ഭാവിക്കയും പറകയും ചെയ്തുമില്ല. എങ്കിലും അദ്ദേഹം കുട്ടികളെ കഠിനമായി അടിക്കാറുള്ളതിനാല്‍ ഭട്ടതിരിയുടെ പ്രശ്നം വാസ്തവമായിരിക്കുമോ എന്നു സംശയം തോന്നുകയാല്‍ പിറ്റേദിവസം മുതല്‍ പഞ്ചസാരപ്പായസമുണ്ടാക്കി, തന്റെ ശിഷ്യന്‍മാരായ ബ്രാഹ്മണ കുട്ടികള്‍ക്കു ധാരാളമായി കൊടുത്തു തുടങ്ങി. കുട്ടികളെ അടിക്കാതെ യുമായി. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോഴേക്കും ഓതിക്കോന്‍ നമ്പൂരിക്ക് ഉണ്ണിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിനു വളരെ സന്തോഷം തോന്നുകയാല്‍ ഭട്ടതിരിയെ വിളിച്ച് "ഉണ്ണീ നീ ജ്യോതിശ്ശാസ്ത്രം പഠിക്കണം. നീ നല്ല പ്രശ്നക്കാരനായിത്തീരും" എന്നു തലയില്‍തൊട്ട് അനുഗ്രഹിച്ചു.


ഗുരുനാഥന്റെ ഈ അനുഗ്രഹത്തെ സഫലീകരിക്കണമെന്നു വിചാരിച്ച് ഭട്ടതിരി വേദാധ്യയനം കഴിഞ്ഞയുടനെതന്നെ ജ്യോതിശ്ശാസ്ത്രം പഠിക്കാനാഭിച്ചു. അതോടുകൂടി കാവ്യനാടകാലങ്കാരങ്ങളും ശബ്ദശാസ്ത്രങ്ങളും അഭ്യസിച്ചുതുടങ്ങി. സമാവര്‍ത്തനം കഴിഞ്ഞ് ഏകദേശം യവൗനമായപ്പോഴേക്കും ഭട്ടതിരി അതിവിദ്വാനും ഒരു നല്ല ജ്യോത്സ്യനുമായിത്തീര്‍ന്നു.


തദനന്തരം ഭട്ടതിരി വിവാഹം ചെയ്തു ഗൃഹസ്ഥനായി താമസിക്കുന്ന കാലത്ത് ഒരു പുത്രനുണ്ടായി. പുത്രന്റെ ജാതകം അദ്ദേഹം വളരെ സൂക്ഷ്മമായി ഗണിച്ചെഴുതുകയും ആയൂര്‍ബലം വളരെയുള്ളതായി കാണപ്പെടുകയും ചെയ്തു. എങ്കിലും ആണ്ടുതികയുന്നതിനുമുമ്പുതന്നെ ആ ശിശു മരിച്ചുപോയി. അപ്പോള്‍ ഭട്ടതിരിക്കു വ്യസനമുണ്ടായി എന്നു മാത്രമല്ല, ജ്യോതിശ്ശാസ്ത്രം വിശ്വാസയോഗ്യമല്ലായിരിക്കുമോ എന്നൊരു ശങ്കയും ജനിച്ചു. ഉടനെ ഈ സംശയം തീര്‍ക്കുന്നതിനായി മൃതജാതകവുംകൊണ്ട് പരദേശത്തു തഞ്ചന്നൂരില്‍ ആള്‍വാര്‍ എന്നു പ്രസിദ്ധനായ മഹാന്റെ അടുക്കലേക്കു പുറപ്പെട്ടു. ഭട്ടതിരി അവിടെ എത്താറായപ്പോള്‍ ചില ലക്ഷണങ്ങള്‍കൊണ്ട് ഇദ്ദേഹത്തിന്റെ ആഗമനം ആള്‍വാര്‍ക്കു മനസ്സിലാവുകയാല്‍ തന്റെ ശിഷ്യരോട് "ഒരു മൃതജാതകവുംകൊണ്ട് ഒരു മലയാളബ്രാഹ്മണന്‍ ഇവിടെ വരും. അദ്ദേഹം വന്നാല്‍ ആ മൃതജാതകം പുറത്തുവെച്ചുംവെച്ച് ഇവിടെ കയറി ഇരിക്കാന്‍ പറയണം" എന്നു പറഞ്ഞിട്ട് നിത്യകര്‍മ്മാനുഷ്ഠാനാദികള്‍ക്കായിപ്പോയി. ഭട്ടതിരി അവിടെ എത്തിയ ഉടനെ ഗുരുനാഥന്റെ കല്പനയെ ശിഷ്യര്‍ ഭട്ടതിരിയെ അറിയിക്കുകയും ആള്‍വാരുടെ യോഗ്യതയില്‍ വിസ്മയാകുലനായി ഭട്ടതിരി മൃതജാതകം ദൂരെക്കളഞ്ഞു ഗൃഹത്തിനുള്ളില്‍ പ്രവേശിച്ചിരിക്കയും ചെയ്തു.


കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആള്‍വാര്‍ വന്നു. തമ്മില്‍ സംസാരിച്ചു ഭട്ടതിരിക്കുണ്ടായ സംശയം തീര്‍ത്തു. ജ്യോതിശ്ശാസ്ത്രം ഒരിക്കലും അബദ്ധമായി വരുന്നതല്ലെന്നും ജ്യോത്സ്യന്‍മാര്‍ക്ക് ഇഷ്ടദേവതയെ ഉപാസനയും മന്ത്രസിദ്ധിയും ഇല്ലാതെയിരുന്നാല്‍ അതിന്റെ ഫലം ശരിയായി കണ്ടില്ലെന്നു വന്നുപോകാമെന്നേ ഉള്ളൂ എന്നും ആള്‍വാര്‍ പറകയാല്‍ താന്‍ എഴുതിയ ജാതകം തെറ്റിപ്പോയത് തനിക്കു ദേവതോപാസനയും മന്ത്രസിദ്ധിയും ഇല്ലാഞ്ഞിട്ടാണെന്നു മനസ്സിലാക്കി ഭട്ടതിരി തിരിച്ചുപൊരികയും ചെയ്തു.


ഭട്ടതിരി തിരിച്ചുവരുംവഴിതന്നെ തൃശ്ശിപേരൂര്‍ വടക്കുംനാഥനെ ഭജിച്ചുംകൊണ്ട് ഒരു വിശിഷ്ടമന്ത്രം അക്ഷരസംഖ്യ കഴിച്ചു താമസിച്ചു. അക്കാലത്ത് അവിടെ ദേവനു ചാര്‍ത്തിയിരുന്ന ഒരു തൃക്കണ്ണു മോഷണം പോവുകയും അനേകം പ്രശ്നക്കാരെ വരുത്തി പ്രശ്നംവെപ്പിച്ചു നോക്കിക്കുകയും ചെയ്തു. പ്രശ്നക്കാര്‍ മോഷ്ടാവിന്റെ നിറം കറുത്താണെന്നും നാമാക്ഷരങ്ങള്‍ രണ്ടുമാത്രമേ ഉള്ളൂ എന്നും അവയില്‍ ആദ്യത്തേ തു ക എന്നും രണ്ടാമത്തെതു ക്ക എന്നും ആണെന്നും വിധിച്ചു. അതിനാല്‍ ക്ഷേത്രസംബന്ധികളില്‍ ഒരുവനും കറമ്പനുമായ കാക്കു എന്നൊരുവനെ പിടികൂടി ബന്ധനത്തിലാക്കി ദിവസംതോറും ഓരോ വിധത്തില്‍ ഹേമദണ്ഡങള്‍ ചെയ്തു തുടങ്ങി. എങ്കിലും യാതൊരു തെളിവും ഉണ്ടായില്ല. ഭട്ടതിരി ഭജനം കഴിഞ്ഞല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്തിരുന്നതിനാലും അക്കാലത്തു മനൗവ്രതമായിരുന്നതുകൊണ്ടും അദ്ദേഹത്തെക്കൊണ്ടു പ്രശ്നംവയ്പ്പി ക്കുന്നതിനു തരമില്ലായിരുന്നു.
ഭജനം കാലംകൂടിയതിന്റെ ശേഷം ഭട്ടതിരിയെക്കൊണ്ടു പ്രശ്നം

വെപ്പിക്കയും തൃക്കണ്ണു കൊണ്ടുപോയത് ഒരു കാക്കയാണെന്നും വടക്കുമാറി ഒരു തെങ്ങിന്റെ മുകളില്‍ കൊണ്ടുപോയി വെച്ചിട്ടുണ്ടെന്നും വിധിക്കുകയും അപ്രകാരം മോഷണദ്രവ്യം കിട്ടുകയും ചെയ്തു. അതിനാല്‍ കൊച്ചിമഹാരാജാവു സന്തോഷിച്ചു ഭട്ടതിരിക്ക് അനേകം ബിരുദങ്ങള്‍ കല്പിച്ചുകൊടുത്തു. അതിന്റെ ശേഷം ഭട്ടതിരി


തിരുവിതാംകൂര്‍ മഹാരാജാവുതിരുമനസ്സിലെ സന്നിധിയിലും പല പ്രശ്നങ്ങള്‍ പറകയും ജാതകങ്ങള്‍ എഴുതിക്കൊടുക്കുകയും എല്ലാം ശരിയായി ഒത്തുവരികയാല്‍ അനേക സമ്മാനങ്ങള്‍ വാങ്ങുകയും ഉണ്ടായിട്ടുണ്ട്.


ഭട്ടതിരി തിരുവനന്തപുരത്തു ചെന്ന് താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിയോട് "ഞാന്‍നാളെ പത്മനഭസ്വാമിക്ഷേത്രത്തില്‍ തൊഴാന്‍ പോകുമ്പോള്‍ മതില്‍ക്കകത്തേക്കു കടക്കുന്നത് എതിലേകൂടിയായിരിക്കും?" എന്നു കല്പിചു ചോദിചു. അതിനു മറുപടി യായി ഭട്ടതിരി, "അതെനിക്കറിയാം. എങ്കിലും ഇപ്പോള്‍ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോള്‍ അറിയിച്ചതു വാസ്തവമാണെന്ന് അവിടേക്കു ബോധപ്പെടും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കക ത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തില്‍ക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തില്‍ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ട് "ഇന്നു ഞാന്‍ ഇതിലേയാണ് മതില്ക്കകത്തേക്ക് പോകാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മതില്‍ വെട്ടിപ്പൊളിക്കട്ടെ" എന്നു കല്പിചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതില്‍ വെട്ടിപ്പൊളിചുതുടങ്ങി. മതിലിന്റെ കല്ലുകള്‍ കുറെ പൊളിച്ചപ്പോള്‍ ഒരു കല്ലിന്റെ ഇടയില്‍ ഒരോലത്തുണ്ട് ഇരിക്കുന്നതു കണ്ടു. ഉടനെ "അതെന്താണ്? കാണട്ടെ" എന്നു കല്പിചു. കൂടെയുണ്ടായിരുന്ന ഹരിക്കാരന്‍ ഓലക്കഷ്ണമെടുത്തു തൃക്കൈയില്‍ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോള്‍ അതില്‍ ഭട്ടതിരി സ്വന്തം കൈയക്ഷരത്തില്‍ "ഇതിലേ എഴുന്നള്ളും" എന്ന് എഴുതിയിരിക്കുന്നതായി കണ്ടു.

തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോള്‍ അടുക്കല്‍തന്നെ ഉണ്ടായിരുന്നതിനാല്‍ തിരുമനസ്സുകൊണ്ട് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്ക് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ട് ഇവിടെ ഒരു വാതില്‍ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതില്‍ വെപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ "ചെമ്പകത്തിന്‍മൂട്ടില്‍ നട" എന്നു പറഞ്ഞുവരുന്ന വാതില്‍ ഇപ്രകാരമുണ്ടായിട്ടുള്ളതാണ്. മഹാരജാക്കന്‍മാര്‍ മതില്ക്കകത്തേക്ക് ഇപ്പോഴും അതിലേയാണ് എഴുന്നള്ളുക പതിവ്. ഇങ്ങനെ പല കാരണവശാല്‍ തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിക്ക് പല സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെ കോഴിക്കോട്, ചിറയ്ക്കല്‍ മുതലായ രാജസന്നിധികളില്‍നിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങള്‍ക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.


ഭട്ടതിരിയുടെയും പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരുടെയും ജീവിതകാലം ഒന്നായിരുന്നു എന്നാണ് സൂക്ഷ്മാന്വേഷികളായിട്ടുള്ളവര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. സ്വാമികളുടെ ജീവിതകാലം കൊല്ലവര്‍ഷം മുന്നൂറ്റിയമ്പതിനും നാന്നൂറ്റിഅമ്പതിനും മധ്യേ ആയിരുന്നു എന്നു പല ലക്ഷ്യങ്ങള്‍ ഉള്ളതും ഭട്ടതിരി പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുള്ള "രക്ഷേല്‍ ഗോവിന്ദമര്‍ക്ക" എന്നുള്ള കലിസംഖ്യ ഈ കാലത്തോട് അടുത്തിരിക്കു ന്നതുകൊണ്ടും മേല്പറഞ്ഞതുപോലെ ഇവര്‍ രണ്ടുപേരും ഒരു കാലത്തു ഊഹിക്കാം.

ഈ സംഗതിയെ ജീവിച്ചിരുന്നവരാണെന്നുതന്നെ ബലപ്പെടുത്തുന്നതായി ഒരു കഥ കേട്ടിട്ടുള്ളതുകൂടി ഇവിടെ പറഞ്ഞു കൊള്ളുന്നു.


വില്വമംഗലത്തുസ്വാമിയാര്‍ക്ക് അതികഠിനാമായി ഒരു വയറ്റുവേദന ഉണ്ടായിരുന്നു. അദ്ദേഹം അതിന്റെ ദുസ്സഹത്വം നിമിത്തം ഇതിനെന്തു വേണ്ടൂ എന്നു ശ്രീകൃഷ്ണസ്വാമിയുടെ അടുക്കല്‍ പല പ്രാവശ്യം ചോദിച്ചിട്ടും ഒന്നും മറുപടി അരുളിച്ചെയ്തില്ല (സ്വാമിയാര്‍ക്കു ശ്രീകൃഷ്ണന്‍ പ്രത്യക്ഷനാണെന്നു പ്രസിദ്ധമാണല്ലോ). അതിനാല്‍ സ്വാമിയാര്‍ തന്റെ പ്രിയ വയസ്യനും ദക്ഷിണാമൂര്‍ത്തി ഭക്തമണിയുമായ "ശിവാങ്ങള്‍" എന്ന യോഗീശ്വരനോട് ഈ വിവരം പറഞ്ഞു. ആ യോഗീശ്വരന്‍ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാര്‍ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം സ്വാമിയാര്‍ തന്റെ ദീനം ഭേദമായ വിവരം ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷമായപ്പോള്‍ അറിയിചു. "ഈ ജന്മംകൊണ്ട് തീര്‍ന്നോട്ടെ എന്നാണ് ഞാന്‍വിചാരിചത്. അത് മൂന്ന് ജന്മം കൂടെ ആക്കിത്തീര്‍ത്തു" എന്ന് ഭഗവാന്‍ അരുളിച്ചെയ്ത് ഉടനെ മറയുകയും ചെയ്തു. ഇതു കേട്ടപ്പോള്‍ സ്വാമിയാര്‍ക്ക് വ്യസനമായി.

ഇനിയത്തെ ജന്മങ്ങളില്‍ താന്‍ ആരായിരിക്കുമെന്ന് അറിയുന്നതിനായി ഉടനെ തലക്കുളത്തൂര്‍ ഭട്ടതിരിയെ വരുത്തി വിചാരിപ്പിച്ചുനോക്കി. അപ്പോള്‍ ഭട്ടതിരി "ഇനി അവിടേക്കു ചേരപ്പാമ്പ്, കാള, തുളസി ഇങ്ങനെയാണ് മൂന്നു ജന്മങ്ങള്‍ ഉള്ളത്. ആ മൂന്നു ജന്മങ്ങളിലും മനുഷ്യനായിട്ടു ഞാനും ജനിക്കും. അവിടേക്ക് അന്ന് ഓരോ ആപത്തുകള്‍ സംഭവിക്കുകയും അപ്പോള്‍ രക്ഷിക്കുന്നതിനു ഞാന്‍ അടുക്കല്‍ ഉണ്ടായിരിക്കുകയും ചെയ്യും. തുളസിയായിട്ടുള്ള മൂന്നാമത്തെ ജന്മത്തില്‍ അവിടേക്കു സായൂജ്യം കിട്ടുകയും ചെയും. പിന്നെ സംസാരദുഃഖം അനുഭവിക്കേണ്ടല്ലോ" എന്നു പറഞ്ഞു.
(ഭട്ടതിരി പറഞ്ഞതുപോലെതന്നെ സ്വാമിയാര്‍ക്കു പിന്നെ മൂന്നു

ജന്മങ്ങള്‍കൂടി ഉണ്ടായി എന്നും, അപ്പോള്‍ മനുഷ്യജന്മത്തോടുകൂടി ഭട്ടതിരിയും ഉണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു. സ്വാമിയാര്‍ മൂന്നാമത്തെ ജന്മത്തില്‍ തുളസിയായി ജനിച്ചത് ഒരു വിഷ്ണുക്ഷേത്രത്തില്‍ ശ്രീകോവിലില്‍നിന്നു തീര്‍ഥമൊലിച്ചുവീഴുന്ന ഓവിങ്കലായിരുന്നു. ഒരു ദിവസം ശാന്തിക്കാരന്‍ കുളിച്ചുവന്ന് അഭിഷേകം കഴിഞ്ഞ് ചന്ദനവും പൂവും ചാര്‍ത്താനായി ഭാവിച്ചപ്പോള്‍ തുളസി കാണായ്കയാല്‍ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി. അപ്പോള്‍ ഓവിങ്കല്‍ ഏറ്റവും ചെറുതായി ഒരു തുളസി നില്‍ക്കുന്നതുകണ്ട് അതിന്റെ ഒരില എടുക്കാനായി ചെന്നു പറിച്ചപ്പോള്‍ അത് വേരോടുകൂടി പറഞ്ഞുപോന്നു. അതു കണ്ട് മണ്ഡപത്തില്‍ ജപിചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണന്‍ "അതു മുഴുവനും ബിംബത്തില്‍ ചാര്‍ത്തിയേക്കണം" എന്നു പറയുകയും ശാന്തിക്കാരന്‍ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോടുകൂടി ചേര്‍ന്നുപോവുകയും ചെയ്തു. ആ തുളസി സ്വാമിയാരായിരുന്നു എന്നും ജപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണന്‍ ഭട്ടതിരി ആയിരുന്നു എന്നും പറയേണ്ടതില്ലല്ലോ).

ജന്മാന്തരങ്ങളെക്കുറിച്ച് ഭട്ടതിരി പറഞ്ഞതുകേട്ടപ്പോള്‍ സ്വാമിയാരുടെ മനസ്സിലെ വ്യസനം അല്പം ശാന്തമായി. ഭട്ടതിരിയെ യഥാക്രമം ബഹുമാനിച്ചു സ്വഗൃഹത്തിലേക്ക് അയയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ജാതകംതന്നെ സ്വയമേവ ഒന്നു ഗണിച്ചുനോക്കണമെന്നു നിശ്ചയിച്ചു. ഗണിച്ചുനോക്കിയപ്പോള്‍ ഇന്നപ്പോള്‍ തനിക്ക് ജാതിഭ്രംശം സംഭവിക്കുമെന്നായിക്കണ്ടു. ജാതകമെല്ലാം എഴുതി കുറ്റം തീര്‍ത്തു സൂക്ഷിച്ചു എങ്കിലും തനിക്കു വരാനിരിക്കുന്ന അധഃപതനത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല.


അതിന്റെശേഷം കുറഞ്ഞോരുകാലം കഴിഞ്ഞപ്പോള്‍ ഏറ്റവും ദരിദ്രനും സമീപസ്ഥനുമായ ഒരു ബ്രാഹ്മണന്‍ ദാരിദ്യദുഃഖം സഹിക്കവഹിയാതെയായിട്ടു. ഭട്ടതിരിയുടെ അടുക്കല്‍ വന്നു ചോദിച്ചു: "ഹേ! അവിടുന്നു പലരോടും പല സംഗതിക്കും പ്രശ്നം പറയുന്നുണ്ടല്ലോ; ഒന്നും തെറ്റുന്നുമില്ല. എന്നാല്‍ എനിക്ക് ഈ ദാരിദ്യ്രദുഃഖം തീര്‍ന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാന്‍ സംഗതി വരുമോ? ഇതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു പറഞ്ഞാല്‍ കൊള്ളാം. ഞാന്‍ ഇതിലധികം വലയേണ്ടതില്ല" ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കു കേട്ട് ആര്‍ദ്രമാനസനായി ഭവിച്ച ഭട്ടതിരി കുറഞ്ഞോരു നേരം കണ്ണടച്ചു വിചാരിച്ചതിന്റെ ശേഷം പറഞ്ഞു, "അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങയുടെ ദാരിദ്യ്രം അശേഷം തീരുന്നതിനുള്ള കാലം അടുത്തിരിക്കുന്നു. ഞാന്‍ ഒരു ഉപായം പറഞ്ഞുതരാം. അതുപോലെ പ്രവര്‍ത്തിച്ചാല്‍ മതി. എന്തെന്നാല്‍, ഈ വരുന്ന ദ്വാദശിനാള്‍ അര്‍ധരാത്രി ആകുമ്പോള്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിങ്കല്‍ പോയി നില്‍ക്കണം. അപ്പോള്‍ അതിലെ രണ്ടു ബ്രാഹ്മണര്‍ വരും. അവരുടെ പിന്നാലെ കൂടിക്കൊള്ളണം. എന്തു പറഞ്ഞാലും ഒഴിച്ചുപോകരുത്. അവര്‍ അങ്ങേ കബളിപ്പിച്ചു പോകാന്‍ കഴിയുന്നതും ശ്രമിക്കും. എങ്കിലും വിട്ടു പിരിയരുത്. അവര്‍ പോകുന്നിടത്തേക്ക് അങ്ങെയും കൊണ്ടു പോകണമെന്നു പറഞ്ഞുകൊള്ളണം. ഈ കശൗലം പറഞ്ഞുതന്നത് ആരാണെന്നു ചോദിചാല്‍ പറകയുമരുത്. ഇപ്രകാരം ചെയ്താല്‍ അങ്ങയുടെ ദാരിദ്യ്രം അശേഷം തീര്‍ന്നു സുഖമായിട്ടിരിക്കാന്‍ സംഗതി വരും". ഇങ്ങനെ ഭട്ടതിരി പറഞ്ഞപ്പോള്‍ ബ്രാഹ്മണന്ന് വളരെ സന്തോഷമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ഭട്ടതിരിയുടെ പ്രശ്നം ഒരിക്കല്‍പ്പോലും ആര്‍ക്കും തെറ്റാറില്ലാത്തതിനാല്‍ കാര്യം സഫലമാകുമെന്നു ബ്രാഹ്മണന്‍ നല്ലപോലെ വിശ്വസിച്ചു. "എന്നാല്‍ ഇനി പോയിവന്നിട്ടു കണ്ടുകൊള്ളാം" എന്നു പറഞ്ഞു പോവുകയും ചെയ്തു.


ഭട്ടതിരി പറഞ്ഞതുപോലെ ദ്വാദശിനാള്‍ അര്‍ധരാത്രിക്കു മുമ്പേ ബ്രാഹ്മണന്‍ തൃശ്ശൂര്‍ വടക്കെ ഗോപുരത്തിലെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അതിതേജോമയന്മാരായ രണ്ടു ബ്രാഹ്മണര്‍ അതിലേ കടന്നുപോകുന്നതായി കണ്ട് അവരുടെ പിന്നാലെ ചെന്നു. അവര്‍ ഇദ്ദേഹത്തെ വിട്ടുപിരിയുന്നതിനായി പലവിധത്തിലും ഉപായങ്ങള്‍ നോക്കി. ഒന്നും ഫലിക്കയില്ലെന്നു തീര്‍ച്ചയായപ്പോള്‍ അവര്‍ ചോദിച്ചു, "ഹേ! അങ്ങ് എവിടേക്കാണ് പുറപ്പെട്ടിരിക്കുന്നത്? ഞങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശമെന്താണ്?
ബ്രാഹ്മണന്‍: നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
ബ്രാഹ്മണര്‍: ഞങ്ങള്‍ ബദര്യാശ്രമത്തിങ്കലേക്കാണ്.
ബ്രാഹ്മണന്‍: എന്നാല്‍ ഞാനും അങ്ങോട്ടുതന്നെയാണ്.
ബ്രാഹ്മണര്‍: എന്നാല്‍ അതു ഞങ്ങളുടെ കൂടെ വരണമെന്നുണ്ടോ?
ബ്രാഹ്മണന്‍: ഉണ്ട്. ഞാനങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.നിങ്ങള്‍ കൃപയുണ്ടായി എന്നെക്കൂടെ കൊണ്ടുപോകണം.
ബ്രാഹ്മണര്‍: ഞങ്ങളെ ഇപ്പോള്‍ ഇവിടെ കാണുമെന്ന് അങ്ങോടു പറഞ്ഞുതന്നതാരാണ്?

ബ്രാഹ്മണന്‍: അതു ഞാന്‍ പറയുകയില്ല. നിങ്ങള്‍ എന്നോടു നിര്‍ബ{ന്ധിക്കയുമരുത്.


ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മറ്റേ ബ്രാഹ്മണര്‍ കുറച്ചുനേരം വിചാരിച്ചിട്ടു പറഞ്ഞു, "ആട്ടെ, കാര്യമൊക്കെ മനസ്സിലായി. അങ്ങേക്ക് ഈ കശൗലം ഉപദേശിച്ചുതന്നെയാള്‍ക്ക് അധഃപതനം വന്നുപോട്ടെ. നേരിട്ടു കണ്ടുപോയതുകൊണ്ട് ഇനി അങ്ങേ ഉപേക്ഷിച്ചു പോകാന്‍ ഞങ്ങള്‍ക്കു നിവൃത്തിയില്ല. അതിനാല്‍ കൊണ്ടുപോകാം. കണ്ണടച്ചുകൊണ്ടു ഞങ്ങളെ തൊട്ടോളണം."


ഇങ്ങനെ ബ്രാഹ്മണരുടെ വാക്കു കേട്ടയുടനെ ആ ബ്രാഹ്മണന്‍ അപ്രകാരം ചെയ്തു. മാത്രനേരം കഴിഞ്ഞപ്പോള്‍ കണ്ണു തുറന്നോളാന്‍ പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോള്‍ മൂന്നുപേരും ബദര്യാശ്രമത്ത് ഒരു ഗൃഹത്തില്‍ എത്തിയിരിക്കുന്നു. ഉടനെ ആ ദിവ്യന്മാരായ ബ്രാഹ്മണര്‍ പറഞ്ഞു, "ഇതാ ഈ ഗൃഹത്തിനകത്ത് ഒരാള്‍ മരിക്കാറായി ശ്വാസം വലിചുകൊണ്ട് കിടക്കുന്നുണ്ട്. അദ്ദേഹം അങ്ങയുടെ അപ്ഫനാണ്. അങ്ങയുടെ ഒരപ്ഫന്‍ കാശിക്കുപോയിട്ടുള്ളതായി ഓര്‍ക്കുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാണിത്. അദ്ദേഹം ഗംഗാസ്നാനം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളില്‍ സഞ്ചരിച്ച്, ക്രമേണ ഇവിടെ വന്നുചേര്‍ന്നു. പിന്നെ വളരെക്കാലമായി ഇവിടെ ശാന്തി കഴിച്ച് താമസിക്കയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിനു മരണസമയം അടുത്തിരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ടുപോകാനായി വന്ന വിഷ്ണുദൂതന്മാരാണ്. അരനാഴികയ്ക്കകം ഞങ്ങള്‍ കൊണ്ടുപോകും. അതിനുമുമ്പേ കാണണമെങ്കില്‍ കണ്ടോളണം." ഇങ്ങനെ ആ ബ്രാഹ്മണവേഷം ധരിച്ചിരുന്ന വിഷ്ണുദൂതന്മാരുടെ വാക്കു കേട്ടു ബ്രാഹ്മണന്‍ അകത്തു കടന്നു നോക്കിയപ്പോള്‍ അവര്‍ പറഞ്ഞതുപോലെ തന്റെ അപ്ഫന്‍ ശ്വാസം വലിചുകൊണ്ട് കിടക്കുന്നതുകണ്ടു. മരിക്കാറായി കിടക്കുന്ന ബ്രാഹ്മണനു ബോധം കെട്ടിട്ടില്ലായിരുന്നതിനാല്‍ തന്റെ പുത്രനെ കണ്ടപ്പോള്‍ ആളറിയുകയും ചെയ്തു. ഏകാകിയായി പരദേശത്തു താമസിക്കുന്ന ഒരാള്‍ അത്യന്തം അവശതയില്‍ കിടക്കുന്ന സമയം തന്റെ അടുത്ത അവകാശിയായ ഒരാളെ വിചാരിച്ചിരിക്കാതെ പെട്ടെന്നു കാണ്‍മാന്‍ സംഗതിയായാല്‍ ഉണ്ടാകുന്ന സന്തോഷം അളവില്ലാത്തതായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ആ വൃദ്ധബ്രാഹ്മണന്‍ തന്റെ ഭ്രാതൃപുത്രനെ കണ്ടയുടനെ താന്‍ വളരെ കാലമായി സംഖ്യയില്ലാതെ സമ്പാദിച്ചു ജാളികകളിലാക്കിക്കെട്ടിവെച്ചു പൂട്ടിയിരിക്കുന്ന പെട്ടിയുടെ താക്കോല്‍ തലയിണയുടെ

താഴെ വെച്ചിരുന്നതെടുത്തു കൈയില്‍ കൊടുത്തു. ഉടനെ പ്രാണനും പോയി.

ബ്രാഹ്മണന്‍ അപ്ഫന്റെ സംസ്കാരം മുതലായത് യഥാക്രമം കഴിചതിന്റെ ശേഷം തനിക്കു കിട്ടിയ അപരിമിതമായ ദ്രവ്യവുംകൊണ്ട് തന്റെ ഗൃഹത്തില്‍ വന്നുചേര്‍ന്നു. ഉടനെ ഭട്ടതിരിയെ ചെന്നു കണ്ടു വിവരങ്ങള്‍ എലാം പറഞ്ഞുകേള്‍പ്പിചു. വിഷ്ണുദൂതന്മാര്‍ അധഃപതനം വന്നുപോകട്ടെ എന്നു തന്നെ ശപിച്ചു എന്നു കേട്ടപ്പോള്‍ ഭട്ടതിരി "അത്ര ഉള്ളോ? അതു ഞാന്‍മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണല്ലോ" എന്നു പറഞ്ഞു താന്‍ എഴുതിവെച്ചിരുന്ന ജാതകമെടുത്തു ബ്രാഹ്മണനെ കാണിച്ചു. ബ്രാഹ്മണന്‍ എല്ലാം കൊണ്ടും ഭട്ടതിരിയെക്കുറിച്ച് വിസ്മയിച്ചു തന്റെ ഗൃഹത്തില്‍ വന്നു സുഖമായി വസിച്ചു. തന്റെ അധഃപതനദിവസത്തെ പ്രതീക്ഷിച്ചുംകൊണ്ടു ഭട്ടതിരിയും ഇരുന്നു.


ജാതകഫലം അനുഭവിക്കാതെ കഴികയില്ലെന്നു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും കഴിയുന്നതും പരീക്ഷിക്കണമെന്ന് വിചാരിച്ച് ഭട്ടതിരി ഒരുപായം നിശ്ചയിച്ചുകൊണ്ട് സ്വദേശം വിട്ടു പാഴൂര്‍ വന്നു താമസിച്ചു. തനിക്ക് അധഃപതനം സംഭവിക്കുന്നതിനു യോഗമുള്ളതായ ആ ദിവസം രാവിലെ കുളിച്ചു നിത്യകര്‍മ്മാനുഷ്ഠാനാദികളും ഭക്ഷണവും കഴിഞ്ഞതിന്റെ ശേഷം ചില സ്നേഹിതന്മാരോടുകൂടി തോണി കളിക്കാനായി പോയി. അന്ന് അഹോരാത്രം തോണിയില്‍ത്തന്നെ കഴിച്ചുകൂട്ടണമെന്നായിരുന്നു ഭട്ടതിരിയുടെ ഉദ്ദേശം. പാഴൂര്‍ പുഴയിലായിരുന്നു വഞ്ചികളി. പകല്‍ മുഴുവനും അങ്ങനെ പുഴയില്‍ത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യാസമയമായപ്പോള്‍ കരയ്ക്കടുത്തു കുളിച്ചു സന്ധ്യാവന്ദനാദി കഴിച്ചു വീണ്ടും എല്ലാവരുംകൂടി വഞ്ചിയില്‍ കയറി കളിതുടങ്ങി. നല്ല നിലാവുള്ള കാലമായിരുന്നതിനാല്‍ തത്കാലം ഒരു വിഷമതയും ഉണ്ടായിരുന്നില്ല. നേരം പാതിരാ കഴിഞ്ഞപ്പോള്‍ ആ വിധമൊക്കെ ഒന്നു മാറി. അകസ്മാല്‍ അതികഠിനമായി മഴക്കാറും കാറ്റും തുടങ്ങി. കാര്‍മേഘങ്ങളാല്‍ ചന്ദ്രമണ്ഡലം അശേഷം മൂടപ്പെടുകയാല്‍ ചന്ദ്രികയില്ലാതെയായി. എന്നു മാത്രമല്ല, അതിഘോരമായ അന്ധകാരം ലോകമാസകലം നിറയുകയും ചെയ്തു. വഞ്ചിയില്‍ ഇരിക്കുന്നവര്‍ക്കുതന്നെ പരസ്പരം കാണ്‍മാന്‍ വഹിയാതെയായിത്തീര്‍ന്നു. ഉടനെ അതികേമമായി മഴയും തുടങ്ങി. പുഴയില്‍ ഒഴുക്കും ഓളവും കലശലായി. വഞ്ചിയില്‍ വെള്ളം നിറഞ്ഞു മുങ്ങുമെന്നുള്ള ദിക്കായി. മരണഭയം നിമിത്തം എല്ലാവര്‍ക്കും വല്ലപ്രകാരവും കരയ്ക്കടുക്കണമെന്നു തോന്നിത്തുടങ്ങി. ഇരുട്ടുകൊണ്ട് കരയും കടവും കാണാനും പാടില്ല. ഒഴുക്കും ഓളവും കൊണ്ട് ഊന്നിയാലും തുഴഞ്ഞാലും വഞ്ചി നേരെ പോകുന്നുമില്ല. ആകപ്പാടെ വലിയ കുഴപ്പത്തിലായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തിനു വളരെപ്പറയുന്നു?

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എല്ലാവരും നനഞ്ഞൊലിച്ചു കിടുകിടാ വിറച്ചുകൊണ്ട് അടുക്കലുള്ള ഓരോ ഗൃഹങ്ങളിലേക്ക് കയറിപ്പോയി. കൂട്ടുകാരെല്ലാം പിരിഞ്ഞു. ഭട്ടതിരി തനിച്ചായി. കാറ്റും മഴയും കൊണ്ട് തണുപ്പു സഹിക്കവയ്യാതെ വിറചുകൊണ്ട് അദ്ദേഹം ഇരുട്ടത്തു തപ്പിത്തപ്പി പുറപ്പെട്ടു. തല്‍ക്കാലമുണ്ടായ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു കാണപ്പെട്ടതായ ഒരു വീടിന്റെ തിണ്ണയില്‍ അങ്ങനെ ചെന്നു കയറി. മുണ്ടും മറ്റും പിഴിഞ്ഞ് തുവര്‍ത്തി കുറച്ചുസമയം അവിടെ ഇരുന്നു. അപ്പോള്‍ ഒരിടിമിന്നലുണ്ടായതിനാല്‍ ആ ഇറയത്ത് ഒരു കയറ്റുകട്ടിലും പായും തലയിണയും ഇരിക്കുന്നതായി കണ്ടു. ഇതാരുടെയെങ്കിലുമാകട്ടെ, എടുത്തു കിടക്കുകതന്നെ എന്നു നിശ്ചയിച്ച് ആ കട്ടിലില്‍ കയറിക്കിടപ്പുമായി. അത്താഴമുണ്ണായ്കകൊണ്ടും വഞ്ചികളിയാലുണ്ടായ അധ്വാനം നിമിത്തവും ഭട്ടതിരി വളരെ ക്ഷീണിച്ചിരുന്നതിനാല്‍ കിടന്നെ ഉടനെ ഉറക്കവുമായി. ഭട്ടതിരി കിടന്നതായ ആ കട്ടിലും പായയും വീട്ടുടമസ്ഥന്റേതായിരുന്നു. അവന്‍ ഒരു മദ്യപന്‍ ആയിരുന്നതിനാല്‍ ഭാര്യയോടു കലഹിച്ച് അന്ന് എവിടെയോ പോയിരുന്നതിനാലാണ് അതൊഴിവായിരുന്നത്.


ഭട്ടതിരി ഉറക്കമായി കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മഴ മാറി. മുമ്പിലത്തെപ്പോലെ നിലാവും തെളിഞ്ഞു. ആ സമയം ഒരു സ്ത്രീ പുരയുടെ വാതില്‍ തുറന്നു മൂത്രശങ്കയ്ക്കോ മറ്റോ ആയി പുറത്തിറങ്ങി. അപ്പോള്‍ കട്ടിലില്‍ ഒരാള്‍ കിടക്കുന്നതു കണ്ടു. അതു തന്റെ ഭര്‍ത്താവാണെന്നും തിരികെ വന്നപ്പോള്‍ രാത്രി അധികമായതിനാല്‍ വിളിക്കേണ്ടെന്നു വിചാരിച്ചു കയറിക്കിടന്നതാണെന്നും വിചാരിച്ച് ആ സ്ത്രീയും ഇദ്ദേഹത്തിന്റെ കൂടെ പോയി കിടന്നു. സ്ത്രീ വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നനഞ്ഞു ബുദ്ധിമുട്ടി ഈറനോടുകൂടി പുതയ്ക്കാനൊന്നുമില്ലാതെ വിറച്ചുകൊണ്ടു കിടന്നിരുന്ന ഭട്ടതിരിക്ക് ഇവളുടെ സഹശയനം ഏറ്റവും സുഖകരമായി ഭവിച്ചു.

തത്ക്കാലം തന്റെ നിശ്ചയങ്ങളെക്കുറിച്ചൊന്നും ഓര്‍മ്മയുണ്ടായതുമില്ല. കിം ബഹുനാ, ഭട്ടതിരി തത്ക്കാലത്തേക്ക് ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. "പ്രായസ്സമാപന്ന വിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ.


സുഖാനുഭവങ്ങള്‍ എല്ലാം കഴിഞ്ഞതിന്റെ ശേഷം ഭട്ടതിരി നക്ഷത്രം നോക്കി സമയം അറിഞ്ഞിട്ട് ആ സ്ത്രീയോട് "നീ ആരാണ്? നിന്റെ ജാതിയെന്താണ്?" എന്നൊക്കെ ചോദിച്ചു. ശബ്ദം കേട്ടപ്പോഴേ ആള്‍ മാറിയാണെന്ന് അവള്‍ക്ക് മനസ്സിലായുള്ളൂ. ഉടനെ പരിഭ്രമിച്ച് എണീറ്റ് വന്ദിച്ച് അടുക്കല്‍ നിന്നുംകൊണ്ട് ല ́ാവനമ്രമുഖിയായി മന്ദമാകുംവണ്ണം അവള്‍ "അടിയന്‍ കണിയാട്ടിയാണ്. ആളറിയാതെ ചെയ്തുപോയ അപരാധത്തെ തിരുമേനി ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴേ ഭട്ടതിരിക്ക് തന്റെ സ്ഥിതിയെക്കുറിച്ച് ഓര്‍മ്മ വന്നുള്ളൂ. "ലിഖിതമപി ലലാടേ പ്രാജ്ഝിതും കസ്സമര്‍ഥഃ" എന്നു വിചാരിച്ച് ധൈര്യത്തോടുകൂടി അദ്ദേഹം പറഞ്ഞു" ആട്ടെ, നീ ഇതുകൊണ്ടു ഒട്ടും പരിഭ്രമിക്കുകയും വ്യസനിക്കയും വേണ്ട. ഇത് ഒരു ഈശ്വരവിധിയാണ്. നീ ഇപ്പോള്‍ എങ്കല്‍നിന്നും ഗര്‍ഭം ധരിച്ചിരിക്കുന്നു. അതിയോഗ്യനായ ഒരു പുത്രന്‍ നിനക്ക് ജനിക്കും. അവന്‍ നിമിത്തം നിനക്കും നിന്റെ കുടുംബത്തിനും ഏറ്റവും അഭ്യുദയവും സിദ്ധിക്കും. ഇതാ അരുണോദയമായിരിക്കുന്നു. ഞാന്‍ ഇനി ഇവിടെ താമസിക്കുന്നില്ല.

ഈശ്വരേച്ഛയുണ്ടെങ്കില്‍ ഇനിയൊരുകാലത്തു ഞാന്‍ഇവിടെ വന്നുകണ്ടുകൊള്ളാം" എന്നും താന്‍ ആരാണെന്നുള്ള വിവരവും പറഞ്ഞതിന്റെ ശേഷം വെളുപ്പാന്‍കാലത്തുതന്നെ ഭട്ടതിരി അവിടെനിന്നു പോവുകയും ചെയ്തു.

അതിന്റെശേഷം അദ്ദേഹം ശ്രീകാശി മുതലായ പുണ്യസ്ഥലങ്ങളില്‍

സഞ്ചരിച്ച് ഒടുക്കം പാണ്ഡ്യരാജ്യത്തു ചെന്നുചേ!ര്‍ന്നു. പിന്നെ കുറഞ്ഞോരുകാലം അവിടെ താമസിക്കുകയും അവിടെയും ഒരു ശൂദ്രസ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിലും ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. ആ പുത്രനെ അദ്ദേഹം തന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കയും വിശേഷിച്ചും ജ്യോതിശ്ശാസ്ത്രം ഉപദേശിക്കയും ചെയ്തു. ആ പുത്രനാണ് പ്രസിദ്ധനായ "ഉള്ളമടയാന്‍" എന്നും ചിലര്‍ പറയുന്നു. ഉള്ളമടയാന്‍ ഭട്ടതിരിയുടെ പുത്രനല്ല്ല, ശിഷ്യനാണ് എന്നും ചിലര്‍ പറയുന്നു. ഏതെങ്കിലും, ഭട്ടതിരി വളരെക്കാലം പരദേശങ്ങളില്‍ താമസിച്ചതിന്റെ ശേഷം കാശിവാസിയുടെ വേഷമായിട്ടുതന്നെ സ്വദേശത്തേക്കു പുറപ്പെട്ടു. ഭട്ടതിരിയില്‍നിന്നു ഗര്‍ഭം ധരിച്ച കണിയാട്ടി, പത്തുമാസം കഴിഞ്ഞപ്പോള്‍ ഗര്‍ഭം പൂര്‍ണ്ണമായി, ഏറ്റവും തേജോമയനും കോമളനുമായ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ബാലനെ വിദ്യഭ്യാസം ചെയ്യിക്കയും അവന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അവന്‍ ഒരു നല്ല വിദ്വാനും ജ്യോത്സ്യനുമായിത്തീരുകയും ചെയ്തു. ജാതകമെഴുത്ത്, പ്രശ്നം പറക മുതലായവയില്‍ അവന്‍ ഏകദേശം ഭട്ടതിരിയോടു തുല്യനായിത്തീര്‍ന്നു.


അങ്ങനെയിരിക്കുന്ന കാലത്ത് ഒരു നമ്പൂരി, താന്‍ വിവാഹം ചെയ്തിരിക്കുന്ന അന്തര്‍ ́നത്തിനു ഗര്‍ഭമുണ്ടായിരിക്കുമ്പോള്‍ യദൃച്ഛയാ കണിയാരെ കാണുന്നതിനു സംഗതിയായി. അപ്പോള്‍ "അന്തര്‍ജനം പ്രസവിക്കുന്നത് ഉണ്ണിയോ പെണ്ണോ" എന്നു ചോദിച്ചു. ഉടനെ കണിയാര്‍ "സ്ത്രീപ്രജയാണെന്നും താമസിയാതെ ജാതകമെഴുതി തരാമെന്നും" പറഞ്ഞു. അപ്രകാരം ഒരു സ്ത്രീജാതകം എഴുതിക്കൊടുക്കുകയും ആ ജാതകത്തില്‍ പറഞ്ഞിരിക്കുന്ന സമയത്ത് അന്തര്‍ജനം പ്രസവിക്കയും പെണ്‍കുട്ടി ആയിരിക്കയും ചെയ്തതിനാല്‍ നമ്പൂരിക്ക് നല്ല വിശ്വാസമായി. പിന്നെയും അന്തര്‍ജനത്തിനു ഗര്‍ഭമുണ്ടാകുന്ന സമയമൊക്കെ കണിയാരെ കണിയാര്‍ കണ്ടുപറകയും പ്രസവിക്കുന്നതിനുമുമ്പുതന്നെ ജാതകമെഴുക്കൊടുക്കയും എല്ലാം ഒത്തുവരികയും ചെയ്തു. അങ്ങനെ നമ്പൂരിക്ക് ഒന്‍പത് പെണ്‍കിടാങ്ങളുണ്ടായി. അത്യന്തം ദരിദ്രനായ നമ്പൂരിക്ക് ഒന്‍പത് പെണ്‍കിടാങ്ങള്‍ അടുപ്പിചുണ്ടാവുകയും ഒരു പുത്രന്‍പോലും ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ വ്യസനം ഇത്രമാത്രമെന്ന് എങ്ങനെ പറയുന്നു? പത്താമതും അന്തര്‍ജനത്തിന് ഗര്‍ഭമുണ്ടായപ്പോള്‍ കണിയാരെ പോയി കണ്ടു വിവരം പറഞ്ഞു. അതും സ്ത്രീപ്രജ തന്നെയാണെന്നു പറഞ്ഞ് കണിയാരു പതിവുപോലെ ജാതകം എഴുതിക്കൊടുത്തു.


കണിയാര്‍ പറഞ്ഞാല്‍പ്പിന്നെ കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നു നിശ്ചയമുള്ളതിനാല്‍ നമ്പൂരിക്ക് വ്യസനം സഹിക്കവയ്യാതെ ആയിത്തീര്‍ന്നു.


ഇപ്രകാരം ഇരിക്കുന്നകാലത്ത് യദൃച്ഛയാ ഒരു വഴിപോക്കന്‍ നമ്പൂരിയുടെ ഇല്ലത്തു വന്നു. ആ വഴിപോക്കന്‍ തൈക്കാട്ടുശ്ശേരിയില്‍ തൈക്കാട്ടു നമ്പൂരിയായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അദ്ദേഹം എവിടെയോ പോയി വരുംവഴി ഊണു കഴിച്ചുപോകാനായി അവിടെ കേറിയതാണ്. വഴിപോക്കന്‍നമ്പൂരിയെ കണ്ടയുടനെ ഗൃഹസ്ഥന്‍നമ്പൂരി


യഥായോഗ്യം ആദരിച്ച്, "വേഗത്തില്‍ കുളികഴിച്ചുവരാം, ഊണിന് അധികം താമസമില്ല" എന്നു പറഞ്ഞു. ദാരിദ്യ്രം അതികലശലായിട്ടുണ്ടെങ്കിലും ആ ഗൃഹസ്ഥന്‍നമ്പൂരി ഏറ്റവും ഔദാര്യം ഉള്ള ആളായിരുന്നു. വഴിപോക്കന്‍നമ്പൂരി കുളിയും തേവാരവും കഴിഞ്ഞ് വന്നപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു. രണ്ടുപേരും ഊണുകഴിഞ്ഞ് പുറത്തളത്തില്‍ പോയി മുറുക്കി വര്‍ത്തമാനവും പറഞ്ഞിരിക്കുമ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി തന്റെ കഷ്ടാവസ്ഥകളെലാം വഴിപോക്കന്‍നമ്പൂരിയെ പറഞ്ഞുകേള്‍പ്പിചു. ഉടനെ വഴിപോക്കന്‍നമ്പൂരി "ആട്ടെ ഇപ്പോള്‍ അകായിലേക്കു ഗര്‍ഭമെത്ര മാസമായി" എന്നു ചോദിച്ചു. "നാളു പോയിട്ട് ഒരു മാസം കഴിഞ്ഞു" എന്നു ഗൃഹസ്ഥന്‍ പറഞ്ഞു. "അത്ര ഉള്ളോ? എന്നാല്‍ ഇപ്രാവശ്യത്തേത് ഒരുണ്ണിയാകരുതെന്നൊന്നുമില്ല. എനിക്ക് ഒരു നാല്‍പ്പത് ദിവസം ചെലവിനു തന്ന് ഇവിടെ താമസിപ്പിച്ചാക്കാമെങ്കില്‍ ഈ പ്രാവശ്യം പുരുഷപ്രജയെ പ്രസവിപ്പിചേക്കാം" എന്ന് വഴിപോക്കന്‍ പറഞ്ഞു. അപ്പോള്‍ ഗൃഹസ്ഥന്‍ "സ്ത്രീപ്രജയെന്ന് കണിയാന്‍ ജാതകമെഴുതി ത്തന്നിരിക്കുന്ന സ്ഥിതിക്ക് അത് മറിച്ചുവരാന്‍ പ്രയാസമാണ്. കണിയാന്‍ സാമാന്യക്കാരനല്ല" എന്നു പറഞ്ഞു. "ആട്ടെ, അതൊക്കെ ശരിതന്നെ, എനിക്കു നാല്‍പ്പതു ദിവസം ഭക്ഷണം തന്ന് ഇവിടെ താമസിപ്പിക്കാമോ? എന്നാല്‍ കണിയാനെന്നല്ല ബ്രഅാവു തന്നെ പറഞ്ഞാലും ഞാന്‍ നിവൃത്തിയുണ്ടാക്കിക്കൊള്ളാം" എന്നു വഴിപോക്കന്‍ ഉറപ്പായി വീണ്ടും പറഞ്ഞപ്പോള്‍ അങ്ങനെ ആവാമെന്നു ഗൃഹസ്ഥന്‍ സമ്മതിച്ചു. അതിന്റെ ശേഷം വഴിപോക്കന്‍ നമ്പൂരി നാല്‍പ്പതു ദിവസം അവിടെ താമസിച്ച് അന്തര്‍ജനത്തിന് നെയ്യ് ജപിച്ചു കൊടുത്തു. "പ്രസവദിവസം ഞാനും വരാം, കണിയാനെയും വരുത്തണം, ആരു പറഞ്ഞതാണ് ഒക്കുന്ന തെന്നറിയണമല്ലോ" എന്നു പറഞ്ഞു വഴിപോക്കന്‍നമ്പൂരി പോവുകയും ചെയ്തു.


അന്തര്‍ജനത്തിന്റെ പ്രസവദിവസം നേരത്തെ ആ നമ്പൂരി വീണ്ടും വന്നു ചേര്‍ന്നു. അദ്ദേഹം ഇവിടെ വന്നിരിക്കുന്ന വിവരവും അദ്ദേഹം പറഞ്ഞിട്ടുള്ളതും ഒന്നും കണിയാനോടു പറഞ്ഞുപോകരുതെന്നും പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങാതെ പുറത്തളത്തില്‍ ഇരുന്നു. കണിയാന്‍ വിവരമൊന്നും അറിയാതെ പടിക്കലും വന്നിരുന്നു. അപ്പോള്‍ യദൃച്ഛയാ ഒരു കാശിവാസിയും അവിടെ വന്നു മുറ്റത്തിരുന്നു. ഉടനെ അന്തര്‍ജനത്തിനു പ്രസവവേദനയും ആരംഭിച്ചു. അപ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി കണിയാനോട് "എന്താ കണിയാരേ! പെണ്ണു തന്നെയാണ്, അല്ലേ?" എന്നു ചോദിച്ചു. "അടിയന്‍ എഴുതിത്തന്നിട്ടുള്ള ജാതകമൊന്നും

ഇതുവരെ തെറ്റീട്ടില്ലല്ലോ. പിന്നെ എന്തിനു സംശയിക്കുന്നു? അങ്ങനെ തന്നെയാണ് ഇതും" എന്നു കണിയാന്‍ പറഞ്ഞപ്പോള്‍ കാശിവാസി "ഇതുവരെ തെറ്റീട്ടില്ലെങ്കിലും ഈ പ്രാവശ്യം കുറച്ചു തെറ്റിപ്പോയി. അന്തര്‍ജനം പ്രസവിക്കുന്നത് ഒരു ആണ്‍കുട്ടിയെ ആണ്, സംശയമില്ല" എന്നു പറഞ്ഞു. ഒരുനാളും അങ്ങനെ വരുന്നതല്ലെന്നു കണിയാനും വാദിച്ചു. ഇങ്ങനെ അവര്‍ വാദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ഒരു പശുവിനു പ്രസവവേദന തുടങ്ങി. പ്രസവിക്കാനുള്ള ഭാവമായി. അപ്പോള്‍ ഗൃഹസ്ഥന്‍ നമ്പൂരി "ആട്ടെ കണിയാരേ! എന്നാല്‍ ഈ പശു പ്രസവിക്കുന്ന കിടാവ് എന്തായിരിക്കും" എന്നു ചോദിച്ചു. ഉടനെ കണിയാര്‍ "കാളക്കിടാവാണ്, നെറ്റിയില്‍ ചാര്‍ത്തും ഉണ്ടായിരിക്കും" എന്നു പറഞ്ഞു. അപ്പോള്‍ കാശിവാസി "നെറ്റിയില്‍ ചാര്‍ത്തല്ല. വാലില്‍ കൊടിയാണ്" എന്നു പറഞ്ഞു. "ആട്ടെ നമുക്കിപ്പോള്‍ അറിയാമല്ലോ" എന്നായി കണിയാന്‍. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പശു പ്രസവിച്ചു. കിടാവ് കാള തന്നെയായിരുന്നു. എങ്കിലും കാശിവാസി പറഞ്ഞതുപോലെ വാലില്‍ കോടിയായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ കണിയാരുടെ മനസ്സില്‍ കുറച്ച് ലജ്ജയും വിസ്മയവും കാശിവാസിയെക്കുറിച്ച് ബഹുമാനവും അന്തര്‍ജനം പ്രസവിക്കുന്നത് ഉണ്ണിയായിത്തീര്‍ന്നേക്കുമോ എന്നുള്ള വിചാരവും എല്ലാംകൂടി വലിയ പരിഭ്രമമായിത്തീര്‍ന്നു. ഉടനെ അന്തര്‍ജനം പ്രസവിച്ചു. ഉണ്ണിയായിരുന്നതിനാല്‍ കണിയാരുടെ മനോവികാരങ്ങള്‍ ദ്വിഗുണീഭവിച്ചു. താന്‍ ശാസ്ത്രപ്രകാരം പറഞ്ഞത് എങ്ങനെ തെറ്റി എന്നു വിചാരിച്ചു കാശിവാസിയോടു ചോദിച്ചു: ഹേ മഹാത്മാവേ! ഇതെന്താണിങ്ങനെ വന്നത്? ഞാന്‍ശാസ്ത്രപ്രകാര മാണല്ലോ രണ്ടു സംഗതികള്‍ പറഞ്ഞത്. അതു രണ്ടും തെറ്റിപ്പോയല്ലോ. ആ കിടാവിനു നെറ്റിയില്‍ ചാര്‍ത്തില്ലാതെയും വന്നു, ഇവിടെ പുരുഷപ്രജ ജനിക്കയും ചെയ്തു. ശാസ്ത്രം അബദ്ധമാണെന്നു വരുമോ?" ഇതു കേട്ടപ്പോള്‍ കാശിവാസി, " ശാസ്ത്രം അബദ്ധമെന്ന് ഒരിക്കലും വരുന്നതല്ല ശാസ്ത്രം ഗ്രഹിച്ചിരുന്നാലും സയുക്തികമായി ആലോചിക്കാതെയും മറ്റും പറഞ്ഞാല്‍ ഇങ്ങനെ തെറ്റിപ്പോകുമെന്നേ ഉള്ളൂ. ഇതു രണ്ടും നിന്റെ വിചാരക്കുറവു നിമിത്തം തെറ്റിയതാണ്" എന്നു പറഞ്ഞു. ഉടനെ കണിയാന്‍ ഇതിന്റെ കാരണം വ്യക്തമായി പറഞ്ഞുകേട്ടാല്‍ കൊള്ളാമെന്ന് അപേക്ഷിക്കയാല്‍ കാശിവാസി വീണ്ടും പറഞ്ഞു, "ഗര്‍ഭമുണ്ടായി മൂന്നു മാസം കഴിയുന്നതിനുമുമ്പു വിചാരിച്ചാല്‍ പ്രജയെ സ്ത്രീയോ പുരുഷനോ ഏതെങ്കിലും ഇ ഷ്ടംപോലെ ആക്കിത്തീര്‍ക്കുന്നതിനു ബ്രാഹ്മണര്‍ക്കു ശക്തിയുണ്ട്. അത് അവരുടെ വേദത്തിന്റെ മാഹാത്മ്യമാണ്. അതിനാല്‍ ഗര്‍ഭം മൂന്നു മാസം ആകാതെ ജാതകം എഴുതിക്കൊടുക്കരുതാത്തതാണ്. ഇവിടെ ഇപ്രകാരം ആക്കിത്തീര്‍ത്തയാള്‍ ഇപ്പോള്‍ അകത്തിരിക്കുന്നുണ്ട്. നീ ഇതിനെക്കുറിച്ചൊന്നും വിചാരിക്കാതെ ആദ്യം ജാതകം ഗണിച്ചപ്പോള്‍ കണ്ട ലക്ഷണം വിചാരിചുതന്നെയാണ് ഇപ്പോഴും പറഞ്ഞത്. തത്ക്കാലസ്ഥിതിയെക്കുറിച്ച് വിചാരിക്കാത്തതിനാല്‍ ഇങ്ങനെ തെറ്റിപ്പോയതാണ്. പിന്നെ ആ കിടാവ് ഗര്‍ഭത്തില്‍ കിടന്നിരുന്നപ്പോള്‍ അതിന്റെ വാലു വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയില്‍ ചാര്‍ത്തുണ്ടെന്നു നിനക്കു തോന്നിയത്. ഇതും ആലോചനക്കുറവുതന്നെ. കുറച്ചുകൂടി മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കില്‍ നിനക്കും ഇതൊക്കെ അറിയാവുന്നതായിരുന്നു."

ഇപ്രകാരം കാശിവാസിയുടെ വാക്കു കേട്ടപ്പോള്‍ ഇദ്ദേഹം തന്റെ അച്ഛനായ തലക്കുളത്തൂര്‍ ഭട്ടതിരിതന്നെ യായിരിക്കുമോ എന്നു സംശയം തോന്നുകയാല്‍ കണിയാന്‍ വിവരം ചോദിക്കുകയും അദ്ദേഹം അതിനെ സമ്മതിച്ചു തന്റെ വാസ്തവം പറയുകയും ചെയ്തു. ഭട്ടതിരിയെക്കുറിച്ചു പലരും, വിശേഷിച്ചു തന്റെ അമ്മയും, പറഞ്ഞു കണിയാന്‍ നല്ലപോലെ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹംതന്നെയാണ് ഈ കാശിവാസിയെന്നറിഞ്ഞപ്പോള്‍ കണിയാന്‍ പാദത്തിങ്കല്‍ വീണു നമസ്കരിച്ചു. അവരുടെ പിതൃപുത്രസംബന്ധത്തെ പരസ്പരം അറിഞ്ഞതിന്റെ ശേഷം രണ്ടുപേരും കൂടി കണിയാന്റെ ഗൃഹത്തിലേക്കു പോയി. ഈ സംഗതിയുണ്ടായതു മൂവാറ്റുപുഴ താലൂക്കില്‍ പിറവത്തു പുളിമറ്റത്തു നമ്പൂരിയുടെ ഇല്ലത്തുവച്ചാണെന്നാണ് കേട്ടിരിക്കുന്നത്.


പിന്നെ അവര്‍ രണ്ടുപേരുംകൂടി പോകുമ്പോള്‍ വഴിയില്‍വച്ചു കണിയാന്‍ "ഇന്നു നമുക്കു പാല്‍പ്പായസം കിട്ടും" എന്നു പറഞ്ഞു. ഉടനെ കാശിവാസി "പാല്‍പ്പായസമാണെങ്കിലും കരിഞ്ഞതായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്രകാരംതന്നെ അവര്‍ക്ക് ഒരു നമ്പൂരി കുറെ പാല്‍പ്പായസം കൊടുക്കുകയും അത് കരിഞ്ഞതായിരിക്കയും ചെയ്തു. അപ്പോള്‍ കണിയാന്‍ "ഇതെന്താണ് ഇന്നു ഞാന്‍ പറയുന്നതൊന്നും ശരിയാകാത്തത്? ഞാനെല്ലാം ശാസ്ത്രപ്രകാരം ലക്ഷണം നോക്കിയാണല്ലോ പറയുന്നത്" എന്നു പറഞ്ഞു. ഉടനെ കാശിവാസി "ലക്ഷണം പറയുന്നതിനു ശാസ്ത്രം ഗ്രഹിച്ചാല്‍ മാത്രം മതിയാവുകയില്ല. ഓരോന്നിനെക്കുറിച്ചും സൂക്ഷ്മമായും പൂര്‍ണ്ണമായും ആലോചിച്ചും ഗ്രഹിച്ചും യുക്തിയോടുകൂടി പറഞ്ഞെങ്കില്‍ മാത്രമേ ശരിയായിരിക്ക യുള്ളൂ" എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഓരോ സംഗതിയെക്കുറിച്ചും വിവരിച്ചു കണിയാര്‍ക്കു മനസ്സിലാക്കിക്കൊടുത്തു. "നമ്പൂരി ആദ്യം വന്ന് അന്തര്‍ജനത്തിനു ഗര്‍ഭമുണ്ടെന്നു പറഞ്ഞ ലക്ഷണംകൊണ്ട് അതൊരു സ്ത്രീപ്രജയാണെന്നു വിചാരിക്കാനല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു. പിന്നീട് ഒരു ബ്രാഹ്മണന്‍ ആ അന്തര്‍ജനത്തിന് എന്തോ ജപിച്ചുകൊടുത്ത് ആ പ്രജയെ പുരുഷനാക്കിയതാണ്. നീ ആദ്യത്തെ ലക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയും പിന്നീട് നടന്ന സംഗതികളെക്കുറിച്ച് വിചാരിക്കാ തെയും പറഞ്ഞതിനാലാണ് അത് തെറ്റിപ്പോയത്. ആ കാളക്കിടാവ് പശുവിന്റെ വയറ്റില്‍ കിടന്നപ്പോള്‍ അതിന്റെ വാല്‍ വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയില്‍ ചാര്‍ത്താണെന്ന് നിനക്കു തോന്നിയത്. ആലോചനയും യുക്തിയും പോരാതെ പോയതിനാലാണ് നിനക്ക് അത് തെറ്റിയത്." ഇത്രയും കാശിവാസി പറഞ്ഞപ്പോള്‍ "പാല്‍പ്പായസം കരിഞ്ഞിരിക്കും എന്നെങ്ങനെയറിഞ്ഞു" എന്നു ചോദിച്ചു. അപ്പോള്‍ കാശിവാസി "പാല്‍പ്പായസം കിട്ടുമെന്നു നീ എങ്ങനെ നിശ്ചയിച്ചു" എന്നു ചോദിച്ചു. ഉടനെ കണിയാര്‍, "നമ്മള്‍ ഇങ്ങോട്ടു പോന്നപ്പോള്‍ നമ്മുടെ വലതുവശത്തായി ഒരു ചക്രവാകമിഥുനം വന്ന് ഒരു പാലുള്ള വൃക്ഷത്തിന്മേല്‍ ഇരുന്നതുകൊണ്ടാണ് ഞാനിതു നിശ്ചയിച്ചത്" എന്നു പറഞ്ഞു. അപ്പോള്‍ കാശിവാസി "ആ ചക്രവാകമിഥുനം ഒരു ഉണങ്ങിയ കൊമ്പിന്മേലാണ് വന്നിരുന്നത്, അതിനാലാണ് പാല്‍പ്പായസം കരിഞ്ഞതായിരിക്കുമെന്ന് ഞാന്‍നിശ്ചയിച്ചത്. ഇങ്ങനെ ഓരോരോ സംഗതിയുടെയും സൂക്ഷ്മം നോക്കി അറിഞ്ഞിട്ടുവേണം ഒരു ലക്ഷണം പറയാന്‍" എന്നു പറഞ്ഞു. കാശിവാസി, അല്ലെങ്കില്‍ ഭട്ടതിരി പറഞ്ഞതിനെ എല്ലാം കണിയാര്‍ സമ്മതിക്കുകയും പിന്നീടു കണിയാരും ഓരോന്നും സൂക്ഷ്മംവരെ നോക്കിയും ആലോചിച്ചും പറഞ്ഞുതുടങ്ങുകയും എല്ലാം ശരിയായി ഒത്തുവന്നുതുടങ്ങുകയും ചെയ്തു. പിന്നെ ജീവാവസാനംവരെ ഭട്ടതിരി ആ കണിയാന്റെ പടിപ്പുരയില്‍ത്തന്നെ താമസിക്കുകയും ജ്യോതിശ്ശാസ്ത്രസംബന്ധമായി അനേകം സംഗതികള്‍ തന്റെ പുത്രന് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. താന്‍ മരിച്ചാല്‍ ശവം ആ പടിപ്പുരയില്‍ത്തന്നെ സ്ഥാപിച്ചു കൊള്ളണമെന്നും, ആ സ്ഥലത്തിരുന്നു പ്രശ്നംവച്ചു പറയുന്നതെല്ലാം സൂക്ഷ്മമായിരിക്കുമെന്നും ഭട്ടതിരി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പറഞ്ഞിരുന്നതുപോലെതന്നെ അദ്ദേഹം മരിച്ചതിന്റെ ശേഷം ശവം ആ പടിപ്പുരയില്‍ത്തന്നെ സ്ഥാപിച്ചു. അതിന്റെ ശേഷം അവിടെയിരുന്നല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്ന് ഏര്‍പ്പാടുംവച്ചു. ഇതിനാലാണ് പാഴൂര്‍പടിപ്പുരപ്രശ്നത്തിനു വിശേഷവും പ്രസിദ്ധിയുമുണ്ടായത്. ഈ പടിപ്പുരകൂടാതെ അവിടെ വേറെയും പടിപ്പുരയുണ്ട്. അതിനു മാഹാത്മ്യമുണ്ടാകുന്നതിനു വേറെ കാരണവുമുണ്ട്. അതും താഴെ പറഞ്ഞുകൊള്ളുന്നു.


പാഴൂര്‍ കണിയാരുടെ അവിടെ പടിപ്പുര മൂന്നുണ്ട്. അവയില്‍ ഒന്ന് കണീയാരുടെ വാസഗൃഹത്തിന്റെ തെക്കുവശത്തു നദീതീരത്താണ്. അവിടെവച്ചാണ് ഭട്ടതിരിയും കണിയാട്ടിയുംകൂടി സഹശയനമുണ്ടായി ട്ടുള്ളത്. ആ അത്ഭുതസംഗതിയുടെ സ്മാരകമായിട്ട് ആ സ്ഥലം ഇപ്പോഴും കെട്ടിസൂക്ഷിച്ച് ഇട്ടിരിക്കുന്നു എന്നല്ലാതെ ആ സ്ഥലത്തെ യാതൊരു കാര്യത്തിനും ഉപയോഗപ്പെടുത്താറില്ല പിന്നെ രണ്ടു പടിപ്പുരകളുള്ളത് ഗൃഹത്തിന്റെ കിഴക്കുവശത്തു കിഴക്കും പടിഞ്ഞാറുമായി പടിപ്പുര സ്ഥാനത്തു തന്നെയാണ്. അവയില്‍ പടിഞ്ഞാറുള്ള പടിപ്പുരയിലാണ് ഭട്ടതിരിയുടെ മൃതശരീരം സ്ഥാപിച്ചിട്ടുള്ളത്. കണിയാര്‍ അവിടെയിരു ന്നാണ് ഇന്നും രാശിവയ്ക്കുകയും ഒഴിവു കാണുകയും ചെയ്യുന്നത്. പ്രസിദ്ധമായ പടിപ്പുരയും അതുതന്നെയാണ്. പ്രശ്നത്തിന്റെ ഫലം പറയുന്നതിന് ആ പടിപ്പുരയിലും അതിന്റെ കിഴക്കുവശത്തുള്ള പടിപ്പുരയിലുമിരിക്കാറുണ്ട്. സാക്ഷാല്‍ പടിപ്പുരയുടെ കിഴക്കുവശത്തുള്ള പടിപ്പുരയ്ക്കും മാഹാത്മ്യം ഒട്ടും കുറവില്ല. ആ പടിപ്പുരയ്ക്കു മാഹാത്മ്യം ഉണ്ടായതിന്റെ കാരണമാണ് ഇവിടെ പറയാന്‍പോകുന്നത്.


ഭട്ടതിരിയുടെ അനുഗ്രഹവും മാഹാത്മ്യവുംകൊണ്ടും ശാസ്ത്രജ്ഞതകൊണ്ടും പാഴൂര്‍കണിയാര്‍ ഏറ്റവും പ്രസിദ്ധനായിത്തീര്‍ന്ന തിന്റെ ശേഷം അവനെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു ബുധശുക്രന്മാര്‍ ബ്രാഹ്മണവേഷം ധരിച്ചു കണിയാരുടെ അടുക്കല്‍ ചെന്നു. അവര്‍ ചെന്നിരുന്നത് ആ കിഴക്കേ അറ്റത്തുള്ള പടിപ്പുരയിലാണ്. രണ്ടു ബ്രാഹ്മണര്‍ തന്നെ കാണാനായി വന്നിരിക്കുന്നു എന്നു കേട്ടയുടനെ കണിയാര്‍ പടിപ്പുരയ്ക്കല്‍ ചെന്ന് ആദരപൂര്‍വം വന്ദിച്ച് ആഗമന കാരണത്തെ ചോദിച്ചു. അപ്പോള്‍ ബ്രാഹ്മണര്‍ "ഇപ്പോള്‍ ബുധശുക്രന്മാര്‍ ഏതു രാശിയിലാണെന്നറിഞ്ഞാല്‍ കൊള്ളാമെന്നു വിചാരിച്ചാണ് ഞങ്ങള്‍ വന്നത്" എന്നു പറഞ്ഞു. ഉടനെ കണിയാര്‍ പഞ്ചാംഗമെടുത്തു നോക്കി. ഇന്നിന്ന രാശികളിലാണെന്നു പറഞ്ഞു.
ബ്രാഹ്മണര്‍: അതുകൊണ്ടു മതിയായില്ല. ഗ്രഹങ്ങളെ ഗണിക്കാനും മറ്റും ഞങ്ങളും കുറേശ്ശെ വശമാക്കീട്ടുണ്ട്. ഞങ്ങള്‍ ഗണിച്ചിട്ട് അങ്ങനെയല്ല കണ്ടത്. അതിനാല്‍ കണിയാര്‍ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം."
കണിയാര്‍: ഗണിച്ചുനോക്കാനൊന്നുമില്ല. ഈ പഞ്ചാംഗം അടിയന്‍ സൂക്ഷ്മമായി ഗണിച്ചിട്ടുള്ളതാണ്.
ബ്രാഹ്മണര്‍: ഈ പഞ്ചാംഗം അത്ര സൂക്ഷ്മമാണെന്നു ഞങ്ങള്‍ക്കു

തോന്നുന്നില്ല. കണിയാര്‍ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം. ഇങ്ങനെ ബ്രാഹ്മണര്‍ നിര്‍ബന്ധിച്ചതിനാല്‍ കണിയാര്‍ ബുധശുക്രന്മാരെ ഗണിച്ചുനോക്കി. അപ്പോള്‍ പഞ്ചാംഗത്തിലുള്ളതു പോലെയല്ല കണ്ടത്. ഉടനെ ബ്രാഹ്മണര്‍, "പഞ്ചംഗം ശരിയല്ലെന്നു ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ സമ്മതമായില്ലേ? എന്നാല്‍ ഇപ്പോള്‍ ഗണിച്ചതും നല്ല ശരിയായെന്നു തോന്നിന്നില്ല. കണിയാര്‍ നല്ലപോലെ മനസ്സിരുത്തി ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. കണിയാര്‍ വീണ്ടും ഗണിക്കാന്‍ തുടങ്ങി. അപ്പോള്‍ ബ്രാഹ്മണര്‍ മുമ്പിരുന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നു മാറി ഇരുന്നു. കണിയാര്‍ രണ്ടാമത് ഗണിച്ചപ്പോള്‍ പഞ്ചാംഗ ത്തിലുള്ളതുപോലെയും

ആദ്യം ഗണിച്ചതുപോലെയുമല്ല കണ്ടത്. അപ്പോള്‍ ബ്രാഹ്മണര്‍ "ഇതും ശരിയായില്ല. ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. ഇങ്ങനെ കണിയാര്‍ പല പ്രാവശ്യം ഗണിക്കയും ഗണിക്കാന്‍ തുടങ്ങുമ്പോള്‍ ബ്രാഹ്മണര്‍ മാറിമാറി ഇരിക്കയാല്‍ ബുധശുക്രന്മാരുടെ സ്ഥിതി മാറിമാറി കാണുകയും ചെയ്തു. ഇപ്രകാരം അനേക തവണയായപ്പോള്‍ ഈ വന്നിരിക്കുന്നവര്‍ കേവലം ബ്രാഹ്മണരല്ലെന്നും ബുധശുക്രന്മാര്‍ തന്നെ പരീക്ഷിക്കാനായി വേഷം മാറി വന്നിരിക്കുക യാണെന്നും മനസ്സിലാക്കിയിട്ട് കണിയാന്‍ "അടിയന്‍ ഒരു ഗ്രന്ഥം ഒന്നു നോക്കാനുണ്ട്. അതു നോക്കി ഗണിച്ചാല്‍ ഒരിക്കലും തെറ്റുകയില്ല. അതു വിശേഷപ്പെട്ട ഗണിതശാസ്ത്രഗ്രന്ഥമാണ്, അകത്തു ചെന്ന് അതുകൂടി എടുത്തുകൊണ്ടുവന്നിട് ഇനി ഗണിക്കാം. അതുവരെ തമ്പുരാക്കന്മാര്‍ ഇവിടെ ഇരിക്കണം" എന്നു പറഞ്ഞു. അങ്ങനെയാവാമെന്നു ബ്രാഹ്മണര്‍ സമ്മതിചപ്പോള്‍ വീണ്ടും കണിയാര്‍ "അങ്ങനെ കല്പിചതുകൊണ്ടു മതിയായില്ല. ഇതിനെ തീര്‍ച്ചയാക്കാതെ എഴുന്നള്ളിക്കളഞ്ഞെങ്കില്‍ അടിയനു വലിയ കുറച്ചിലായിട്ടു തീരും. അതിനാല്‍ തിരിച്ചുവന്നല്ലാതെ എഴുന്നള്ളുകയിലെന്നു സത്യം ചെയണം" എന്നു പറഞ്ഞു. അപ്രകാരം ബ്രാഹ്മണര്‍ സത്യം ചെയ്യുകയും കണിയാന്‍ അകത്തുചെന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. കണിയാന്‍ തിരിച്ചുവരാതെ പോകാന്‍ പാടില്ലാത്തതിനാല്‍ ബുധശുക്രന്മാര്‍ ആ പടിപ്പുരയില്‍ത്തന്നെ ലയിക്കുകയും ചെയ്തു. അതിനാല്‍ ആ പടിപ്പുരയില്‍ ബുധശുക്രന്മാരുടെ സാന്നിദ്ധ്യം ഇന്നും ഉണ്ടെന്നാണ് വിശ്വാസം. ഇപ്രകാരമാകുന്നു ആ പടിപ്പുരയ്ക്കും മാഹാത്മ്യം സിദ്ധിചത്.

Thursday, August 11, 2011

പറയിപെറ്റ പന്തിരുകുലം


ചരിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീര്‍ക്കുക പതിവ്.

അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തില്‍ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് "എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ്ഞു. ഉടനെ ആദ്ദേഹം അവിടെനിന്നു പുറപ്പെട്ടുപോവുകയും ചെയ്തു.

തദനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല യോഗ്യന്മാരേയും കണ്ടു ചോദിച്ചു. എങ്കിലും രാമായണത്തിലെ എല്ലാശ്ലോകങ്ങളും വാക്യങ്ങളും പ്രധാനം തന്നെ. അല്ലാതെ അതിനുണ്ടോ വ്യത്യാസം "നഹി ഗുളഗുളികായാം ക്വാപി മാധുര്യഭേദഃ" എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരില്‍നിന്നും കിട്ടിയില്ല. അങ്ങനെ നാല്പതുദിവസം കഴിഞ്ഞു. ബ്രാഹ്മണനു വ്യസനം സഹിക്കവഹിയാതെയും ആയിത്തീര്‍ന്നു. രാജാവിന്റെ അടുക്കലുള്ള സേവപോകുമെന്നുതന്നെയല്ല, സര്‍വജ്ഞനെന്നു സര്‍വരാലും സമ്മതിക്കപ്പെട്ടി രിക്കുന്ന തനിക്ക് ഇതറിഞ്ഞുകൂടെന്നു വരുന്നത് ഏറ്റവും അവമാനകരവും ആണല്ലോ. ഈ അവമാനം സഹിച്ചുകൊണ്ട് സ്വദേശത്തു താമസിക്കുന്നതില്‍ ഭേദം മരിക്കതന്നെയാണ് എന്നിങ്ങനെയൊക്കെ വിചാരിച്ചുംകൊണ്ടു ഭക്ഷണവുംകൂടാതെ ആ സാധുബ്രാഹ്മണന്‍ പകല്‍ മുഴുവനും അലഞ്ഞുനടന്നു. രാത്രിയായപ്പോള്‍ ഒരു വനാന്തരത്തില്‍ ഒരാല്‍ത്തറയുടെ അടുക്കല്‍ ചെന്നുചേര്‍ന്നു. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവഹിയാതെ ആ ആല്‍ത്തറയില്‍ കയറിക്കിടന്നു. ഉടനെ ക്ഷീണംകൊണ്ടു മയക്കവുമായി. അദ്ദേഹം കിടന്ന സമയം "വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ" എന്നു പറഞ്ഞുംകൊണ്ടാണ് കിടന്നത്.

നേരം ഏകദേശം പാതിരയായപ്പോഴേക്ക് ചില ആകാശസഞ്ചാരി കളായ ദേവതമാര്‍ ആ ആലിന്മേല്‍ വന്നുകൂടി. ആ ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് "നിങ്ങള്‍ വരുന്നില്ലേ? ഇപ്പോള്‍ ഒരു സ്ഥലത്ത് പ്രസവമുണ്ട്. ഞങ്ങള്‍ അവിടെ പോവുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ വരുവിന്‍" എന്നു പറഞ്ഞു. അപ്പോള്‍ ആ ആലിന്മേലിരുന്ന ദേവതമാര്‍ "ഞങ്ങള്‍ക്കു വരാന്‍ നിവൃത്തിയില്ല. ഇവിടെ ഒരു വിശിഷ്ടനായ ബ്രാഹ്മണന്‍ വന്നു കിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാര്‍ഥം ഞങ്ങളെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കിടന്നത്. അതിനാല്‍ നിങ്ങള്‍ പോയി തിരിച്ചുവരുമ്പോള്‍ ഇതിലേ വന്നു വിവരം പറഞ്ഞു വേണം പോകാന്‍" എന്നു പറഞ്ഞു. എന്നാലങ്ങനെയാകട്ടെ എന്നു പറഞ്ഞ് ആ വനദേവതമാര്‍ പോവുകയും ചെയ്തു.

അന്ത്യയാമമായപ്പോള്‍ വരരുചി ഉണര്‍ന്നുവെങ്കിലും വ്യസനത്തോടു കൂടി ഓരോന്നുമോര്‍ത്തു കണ്ണുമടച്ചു കിടന്നതല്ലാതെ എഴുന്നേറ്റില്ല. അപ്പോള്‍ മുമ്പേ പോയ ദേവതമാര്‍ വീണ്ടും അവിടെ വന്നുചേര്‍ന്നു. ഉടനെ ആലിന്മേല്‍ ഉണ്ടായിരുന്ന ദേവതമാര്‍ "പ്രസവമെവിടെയായിരുന്നു? കുട്ടിയെന്താണ്? എന്നു ചോദിച്ചു. അപ്പോള്‍ ദേവതമാര്‍ "ഒരു പറയന്റെ അവിടെയായിരുന്നു പ്രസവം. കുട്ടി പെണ്ണാണ്" എന്നു പറഞ്ഞു. "അവളെ വിവാഹം ചെയ്യുന്നത് ആരായിരിക്കും?" എന്ന് ആലിന്മേലുണ്ടായിരുന്നവര്‍ വീണ്ടും ചോദിച്ചപ്പോള്‍ വന്നവര്‍ "അത് "മാം വിദ്ധി" എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ്. നേരം വെളുക്കാറായി. ഞങ്ങള്‍ ഇനി താമസിക്കുന്നില്ല. ശേഷമൊക്കെ പിന്നെപ്പറയാം" എന്നു പറഞ്ഞ് ഉടനെ പോവുകയും ചെയ്തു.

ഏറ്റവും ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കുകേട്ടപ്പോള്‍ തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയായ അധഃപതനത്തെക്കുറിച്ചു വിചാരിച്ചുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തില്‍ തിങ്ങിവശായി. അധഃപതനം കൂടാതെ കഴിക്കുന്നതിനു തക്കതായ ഒരുപായം ആലോചിച്ചു നിശ്ചയിച്ചുംകൊണ്ടു സന്തോഷത്തോടു കൂടി എണീറ്റു. അപ്പോഴേക്കും നേരവും വെളുക്കയാല്‍ ഉടനെ അവിടെ നിന്നു പുറപ്പെട്ടു.

നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദമായിത്തീര്‍ന്നു. എങ്കിലും സഭാവാസികളായ വിദ്വാന്മാര്‍ ക്കെല്ലാം വളരെ സന്തോഷമാണുണ്ടായത്. വരരുചി അവിടെ ഉണ്ടായിട്ടാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നും മറ്റും വിചാരിച്ച് അവര്‍ക്കെല്ലാവര്‍ക്കും വരരുചി യെക്കുറിച്ച് അത്യന്തം അസൂയയുണ്ടായിരുന്നു. രാജസഭ കൂടിയപ്പോള്‍ രാജാവ്, "കഷ്ടം നമ്മുടെ വരരുചിയെ കണ്ടില്ലല്ലോ? അദ്ദേഹം അവമാനം വിചാരിച്ച് പ്രാണത്യാഗം ചെയ്തതോ, രാജ്യം വിട്ടുപോയതോ എന്തോ? അതില്ല, സര്‍വശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ അദ്ദേഹം ഏതു വിധവും നമ്മുടെ ചോദ്യത്തിനു തക്കതായ മറുപടി മനസ്സിലാക്കിക്കൊണ്ടു വരാതെയിരിക്കുകയില്ല" എന്നും മറ്റും വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്തോഷസമേതം വരരുചിയും അവിടെ എത്തി. അദ്ദേഹത്തിന്റെ മുഖപ്രസന്നത കണ്ടപ്പോള്‍തന്നെ കാര്യം സാധിച്ചു എന്നു രാജാവിനും സഭാവാസികളായ എല്ലാവര്‍ക്കും മനസ്സിലായി. ഉടനെ രാജാവ് "എന്തായി, മനസ്സിലായോ?" എന്നു ചോദിച്ചു.

വരരുചി: ദൈവകാരുണ്യത്താലും ഗുരുകടക്ഷംകൊണ്ടും മാന്യന്മാരായ നിങ്ങളുടെയൊക്കെ അനുഗ്രഹമാഹാത്മ്യത്താലും ഒരു വിധം മനസ്സിലായി എന്നുതന്നെ പറയാം.

രാജാവ്: ഏതു ശോകമാണ്, ഏതു വാക്യമാണ്? കേള്‍ക്കട്ടെ.

വരരുചി: രാമായണത്തില്‍ പ്രധാനമായ ശ്ലോകം,

"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"
എന്നുള്ളതാണ്.ഇതില്‍ പ്രധാനമായിട്ടുള്ള വാക്യം "മാം വിദ്ധി ജനകാത്മജാം" എന്നുള്ളതുമാണ്.

ഇതു കേട്ടപ്പോള്‍ സഭയിലുണ്ടായിരുന്നവരെല്ലാം ശരി ശരി എന്ന് ഐക്യകണ്ഠേന സമ്മതിചു. രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കൈയ്ക്കുക് പിടിച്ച് അര്‍ധാസനം കൊടുത്തിരുത്തി. പിന്നെ വിലതീരാതെകണ്ടുള്ള ആഭരണങ്ങളും അനവധിസുവര്‍ണരത്നങ്ങളും അദ്ദേഹത്തിനു സമ്മാനം കൊടുത്തു സന്തോഷിപ്പിക്കുകയും തന്നോടുകൂടി യഥാപൂര്‍വം താമസിച്ചുകൊള്ളുന്നതിനനുവദിക്കുകയും ചെയ്തു.

തദനന്തരം വരരുചി മേല്പറഞ്ഞ ശ്ലോകത്തിന്റെ അര്‍ഥം പത്തു വിധത്തില്‍ വ്യാഖ്യാനിച്ചു രാജാവിനെ കേള്‍പ്പിച്ചു. അവയില്‍ രണ്ടുവിധം അര്‍ഥം താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ചു യാത്രപറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം എന്നു താല്‍പര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചുകൊള്ളണം. അടവീ അയോദ്ധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോദ്ധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാസുഖം ഗച്ഛ. സുഖമാകുംവണ്ണം ഗമിച്ചാലും എന്ന് ഒരര്‍ത്ഥം. പിന്നെ

രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍ (പക്ഷിവാഹനനായിരിക്കുന്ന മഹാവിഷ്ണു) എന്നറിഞ്ഞാലും. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോദ്ധ്യാം അടവീം വിദ്ധി. അയോദ്ധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സ! നീ സുഖമാകുവണ്ണം പോയാലും എന്നു രണ്ടാമത്തെ അര്‍ത്ഥം. ഇപ്രകാരം യഥാക്രമം പത്തു വിധത്തില്‍ വരരുചിയുടെ വ്യാഖ്യാനം കേട്ടപ്പോള്‍ രാജാവ് പൂര്‍വ്വാധികം സന്തോഷിക്കുകയും വരരുചിയെ ബഹുമാനിക്കയും ചെയ്തു. പിന്നെ എല്ലാവരുംകൂടി ഓരോ രാജ്യ വര്‍ത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുമ്പോള്‍ വരരുചി, "അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയില്‍ ഒരു പറയന്റെ മാടത്തില്‍ ഒരു പറയി പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായിട്ടുണ്ട്. അതിന്റെ ജാതകഫലം നോക്കിയതില്‍ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നു മുതല്‍ ഓരോ നാശകാരണങ്ങള്‍ തുടങ്ങും. അല്ലെങ്കില്‍ ആ പ്രജയെ ഉടനെ കൊല്ലി ക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ജ്യോതിശാസ്ത്രജ്ഞനും വിഷിഷ്ടനുമായ ഈ ബ്രാഹ്മണോത്തമന്റെ വചനം ഒരിക്കലും മിഥ്യയാകുന്നതല്ലെന്നുള്ള വിശ്വാസത്താല്‍ രാജാവിനും സഭാവാസികള്‍ക്കും വളരെ വ്യസനമായിത്തീര്‍ന്നു. ബാലനിഗ്രഹം കഷ്ടം. വിശേഷിച്ചും പെണ്‍കുട്ടിയായിരിക്കുന്ന സ്ഥിതിക്ക് അതൊരിക്കലും വിഹിതമല്ല. അതിനാല്‍ എന്തു വേണ്ടൂ എന്ന് എലാവരും കൂടി ആലോചിച്ച് ഒരു കശൗലം നിശ്ചയിച്ചു. എങ്ങനെയെന്നാല്‍, വാഴപ്പിണ്ടികൊണ്ട് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി, ഈ കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതില്‍ കിടത്തി നദിയിലൊഴുക്കുക. ഈ നിശ്ചയത്തെ രാജാവും സമ്മതിച്ചു. ഉടനെ രണ്ടു ഭടന്മാരെ വിളിച്ച് അപ്രകാരം ചെയ്വാന്‍ കല്പനയും കൊടുത്തു. കുട്ടിയുണ്ടായിരിക്കുന്ന സ്ഥലം ഏകദേശം ഇന്ന ദിക്കിലാണെന്ന് വരരുചി പറഞ്ഞുകൊടുത്തു. രാജഭടന്മാര്‍ അന്വേഷിചുചെന്നു. കുട്ടിയെ എടുത്തു കല്പനപ്രകാരം ചെയ്കയും ഉടനെ വിവരം രാജസന്നിധിയില്‍ അറിയിക്കയും ചെയ്തു. തനിക്കു വരുവാന്‍ ഭാവിച്ച അധഃപതനം കൂടാതെ കഴിഞ്ഞുവല്ലോ എന്നു വിചാരിച്ചു വരരുചിക്ക് വളരെ സന്തോഷവുമായി. പിന്നെയും അദ്ദേഹം രാജാവിന്റെ അടുക്കല്‍ സേവകനായി താമസിച്ചു. അങ്ങനെ കുറഞ്ഞൊരു കാലം കഴിഞ്ഞതിന്റെശേഷം വരരുചി സ്ഥിരതാമസം സ്വഗൃഹത്തില്‍ത്തന്നെ ആക്കി.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വരരുചി ഒരു വഴിയാത്രയില്‍ ഭക്ഷണം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു. ഉടനെ ബ്രാഹ്മണന്‍ "വേഗത്തില്‍ കുളി കഴിച്ചുവരം. ഇവിടെ ഊണുകാലമായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോള്‍ വരരുചി ഈ ബ്രാഹ്മണന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കാനായിട്ടു "ഞാന്‍ഊണു കഴിക്കണമെങ്കില്‍ ചില ദുര്‍ഘടങ്ങളുണ്ട്. അതൊക്കെ സാധിക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാന്‍ പോകാന്‍" എന്നു പറഞ്ഞു.

ബ്രാഹ്മണന്‍: ദുര്‍ഘടങ്ങള്‍ എന്തെല്ലാമാണാവോ? ഇവിടെ നിവൃത്തിയുള്ളവയാണെങ്കില്‍ സാധിക്കാം. എന്തെങ്കിലും കേള്‍ക്കട്ടെ.

വരരുചി: മറ്റൊന്നുമല്ല, കുളി കഴിഞ്ഞാല്‍ ഉടുക്കാന്‍ വീരാളിപ്പട്ടു വേണം. നൂറുപേര്‍ക്കു ഭക്ഷണം കൊടുത്തിട്ടുവേണം എനിക്കു ഊണുകഴിക്കാന്‍. എന്നു മാത്രമല്ല എന്റെ ഊണിനു നൂറ്റെട്ടു കൂട്ടം കൂട്ടാന്‍ വേണം. ഊണു കഴിഞ്ഞാല്‍ പിന്നെ എനിക്കു മൂന്നുപേരെ തിന്നണം. നാലുപേരെന്നെ ചുമക്കുകയും വേണം. ഇത് ഉള്ളൂ.

ഇതു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ വല്ലാതെ അന്ധാളിച്ച് ഒന്നും മിണ്ടാതെ നിന്നു. ഉടനെ ഒരു കന്യക അകത്തിരുന്നുകൊണ്ട് "അച്ഛനൊട്ടും അന്ധാളിക്കയും പരിഭ്രമിക്കയും വേണ്ട. ഇതിനെല്ലാം ഇവിടെ തയാറുണ്ടെന്നു പറഞ്ഞേക്കൂ" എന്നു പറഞ്ഞു. ബ്രാഹ്മണന്‍ അപ്രകാരം പറയുകയും വരരുചി കുളിക്കാന്‍ പോവുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ കന്യകയെ വിളിച്ച് ഇതെല്ലാമിവിടെ സാധിക്കുമോ എന്നു ചോദിച്ചു. അപ്പോള്‍ കന്യക "എല്ലാം സാധിക്കും. ഇതൊന്നും അത്ര പ്രയാസമില്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛനു മനസ്സിലാകാഞ്ഞിട്ടാണ് പരിഭ്രമിക്കുന്നത്. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തല്‍കോണകം വേണമെന്നാണ്. നൂറു പേര്‍ക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാന്‍ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാല്‍ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റിലയും, അടയ്ക്കയും, നൂറും കൂട്ടി മുറുക്കണമെന്നാണ്. (പുകയില അക്കാലത്ത് ഇല്ലായിരിക്കും). പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാല്‍ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണമെന്നാണ്. കട്ടിലില്‍ കിടക്കുമ്പോള്‍ കട്ടില്‍ക്കാലുകള്‍ നാലും കൂടിയാണല്ലോ ചുമക്കുന്നത്. ഇത്രയൊക്കേ ഉള്ളൂ. ഇതിനിവിടെ എന്താ വിഷമം?" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അച്ഛന്‍ വളരെ സന്തോഷിക്കുകയും, കന്യകയുടെ ബുദ്ധിവിശേഷത്തെക്കുറിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. "എന്നാല്‍ എന്റെ മകള്‍ പോയി എലാം വേഗം തയാറാക്കൂ" എന്നു പറഞ്ഞു കന്യകയെ അയച്ചു. വരരുചി കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും ഒരു ചീന്തല്‍കോണകം, വൈശ്യത്തിനു വേണ്ടുന്ന ഹവിസ്സും, ചന്ദനം, പൂവ് മുതലായവയും തയ്യാറാക്കിയിരുന്നു. ഊണിന് ഇഞ്ചിക്കറിയും ഉണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോഴേക്കും പുറത്തളത്തില്‍ മുറുക്കാനുള്ള സാമാനങ്ങളും ഒരു കട്ടിലില്‍ പായും തലയിണയും എല്ലാം തയ്യാറാക്കിയിരുന്നു. വരരുചി വൈശ്യവും, ഊണും കഴിച്ചു പുറത്തളത്തില്‍ ചെന്നു മുറുക്കി കട്ടിലില്‍ കയറിക്കിടന്നു. താന്‍ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഇപ്രകാരമെല്ലാം തയാറാക്കിയത് ഈ കന്യകയുടെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടാണെന്നു മനസ്സിലാവുകയാല്‍ ഏതുവിധവും ഈ കന്യകയെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം മനസ്സു കൊണ്ടാലോചിച്ചുറച്ചു. എന്തിനു വളരെപ്പറയുന്നു? വരരുചി തന്റെ ആഗ്രഹം ആ കന്യകയുടെ അച്ഛനെ ഗ്രഹിപ്പിക്കുകയും അദ്ദേഹം സമ്മതിക്കുകയും കാലതാമസം കൂടാതെ സുമുഹൂര്‍ത്തത്തിങ്കല്‍ ആ കന്യകയെ വിവാഹം കഴിക്കയും സ്വഗൃഹത്തില്‍ കൊണ്ടുപോരികയും ചെയ്തു.

അങ്ങനെ ആ ദമ്പതിമാര്‍ യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം ഭക്ഷണവും മറ്റും കഴിഞ്ഞ് രണ്ടുപേരു കൂടി സ്വൈര്യസല്ലാപം ചെയ്തു സന്തോഷിച്ചിരിക്കുന്ന സമയത്തിങ്കല്‍ വരരുചി തന്റെ പ്രമഭാജനമായ ധര്‍മ്മദാരങ്ങളുടെ തലമുടി ഭംഗിയാകും വണ്ണം ചീകിക്കെട്ടി. അപ്പോള്‍ തലയുടെ മധ്യത്തില്‍ വലിയതായ ഒരു വ്രണകിണം കാണുകയാല്‍ അതെന്താണെന്നു ചോദിച്ചു. അപ്പോള്‍ ആ സാധ്വി "അതൊരു പന്തം തറച്ച പാടാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അമ്മ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പിണ്ടിച്ചങ്ങാടത്തിന്മേല്‍ ആറ്റില്‍ക്കൂടി ഒഴുകി വരുന്നതുകണ്ടപ്പോള്‍ എന്നെ പിടിച്ചുകേറ്റി വളര്‍ത്തിയതാണെന്നും, പ്രസവിച്ചതല്ലെന്നും ഒരിക്കല്‍ അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. അന്ന് എന്റെ തലയില്‍ പന്തവും തറച്ചിരുന്നുവത്ര" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബുദ്ധിശാലിയായ വരരുചിക്കു തന്റെ ധര്‍മ്മദാരങ്ങള്‍ ആ പറയന്റെ അപത്യം തന്നെയാണെന്ന് നിശ്ചയമായി. തല്‍ക്കാലം മനസ്സില്‍ കുറച്ചു വിഷാദം ഉണ്ടായി എങ്കിലും "ലിഖിതമപിലലാടേ പ്രാജ്ഝിതും കഃ സമര്‍ഥഃ" എന്നു വിചാരിച്ചു സമാധാന പ്പെട്ടുകൊണ്ടു വിവരമെല്ലാം തന്റെ ധര്‍മ്മപത്നിയെയും ധരിപ്പിച്ചു. "ഇനി നമുക്കേതായാലും ഇവിടെയിങ്ങനെ താമസിക്കേണ്ട. ആയുഃശ്ശേഷത്തെ ദേശസഞ്ചാരംകൊണ്ടുതന്നെ നയിക്കണം" എന്നു പറഞ്ഞു വരരുചി ഭാര്യാസമേതം ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പിന്നെ അവരുടെ സഞ്ചാരം മലയാളദേശങ്ങളിലായിരുന്നു എന്നു പറഞ്ഞാല്‍ അവര്‍ പാരദേശികന്മാരായിരുന്നു എന്നും മേല്പറഞ്ഞ കഥകളെല്ലാം പരദേശത്തുവെച്ചു നടന്നതാണെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ.

അങ്ങനെ അവര്‍ ഓരോരോ ദിക്കുകളില്‍ സഞ്ചരിച്ചുകൊണ്ടിരി ക്കുന്ന കാലത്ത് ഭാര്യ ഗര്‍ഭം ധരിചു. ഗര്‍ഭം പൂര്‍ണ്ണമായി; പ്രസവവേദനയുടെ ആരംഭമായപ്പോള്‍ ഒരു കാട്ടിലേയ്ക്കു കയറി പ്രസവിച്ചുകൊള്ളാന്‍ പറഞ്ഞുംവെച്ചു ഭര്‍ത്താവു വഴിയില്‍ ഇരുന്നു. ഭാര്യ അപ്രകാരം ഒരു വനാന്തരത്തില്‍ പ്രവേശിക്കുകയും ഉടനെ പ്രസവിക്കുകയും ചെയ്തു. പിള്ള വാങ്ങാനും മറ്റും ആരുമുണ്ടായിരുന്നില്ലെന്നു പറയണമെന്നില്ലല്ലോ. "ആരോരുമില്ലാത്തവര്‍ക്കു ദൈവം തുണ" എന്നുണ്ടല്ലോ. പ്രസവം കഴിഞ്ഞപ്പോള്‍ "കുട്ടിക്കു വായുണ്ടോ?" എന്നു വരരുചി ചോദിച്ചു. "ഉണ്ട്" എന്നു ഭാര്യ മറുപടിയും പറഞ്ഞു. "വായുള്ള പിള്ളയ്ക്കു ദൈവം ഇരയും കല്പിചിട്ടുണ്ട്. അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല" എന്നു പറഞ്ഞു കുട്ടിയെ അവിടെത്തന്നെ ഇട്ടുംവെച്ചു ഭാര്യയോടുകൂടി വരരുചി അപ്പോള്‍ത്തന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പെറ്റുകിടക്കുക എന്നൊരു ഞായം ആ സ്ത്രീയ്ക്കുണ്ടായിരുന്നില്ല. പ്രസവരക്ഷയ്ക്കുള്ള മരുന്നുകളും കാട്ടാറുകളിലെ പച്ചവെള്ളവും കാട്ടിലെ കായ്കനികളും ഭിക്ഷയെടുത്തു കിട്ടുന്ന സ്വല്പമായ അന്നവും മറ്റുമല്ലാതെ വിശേഷിച്ചു യാതൊന്നുമില്ലായിരുന്നു. എങ്കിലും ആ പതിവ്രതയ്ക്കു യാതൊരു തരക്കേടുമുണ്ടായില്ല.

ഇങ്ങനെതന്നെ പല സ്ഥലങ്ങളിലായി പതിനൊന്നു പ്രസവം കഴിഞ്ഞു. കുട്ടികളെയെല്ലാം കാട്ടിലിട്ടുവെച്ചുതന്നെ പോവുകയും ചെയ്തു. ആ പതിനൊന്നു കുട്ടികളെയും ബ്രാഹ്മണന്‍ മുതല്‍ പതിനൊന്നു ജാതിക്കാര്‍ക്കു കിട്ടുകയും അവര്‍ എടുത്തുകൊണ്ടുപോയി വളര്‍ത്തുകയും ചെയ്തു.

പന്ത്രണ്ടാമത്തെ ഗര്‍ഭമുണ്ടായപ്പോള്‍ ആ സാധ്വി, കഷ്ടം! ഞാന്‍ പതിനൊന്നു പ്രസവിച്ചിട്ടും ഒരു കുട്ടിയും എനിക്കില്ലല്ലോ. ഈ പ്രാവശ്യം പ്രസവിക്കുമ്പോള്‍ "കുട്ടിയ്ക്കു വായുണ്ടോ?" എന്നു ഭര്‍ത്താവു ചോദിച്ചാല്‍ ഇല്ലെന്നു പറയണം, എന്നാല്‍ ആ കുട്ടിയെയെങ്കിലും എടുത്തുകൊള്‍വാന്‍ ഇദ്ദേഹം അനുവദിക്കുമായിരിക്കും. പിന്നീടു പരമാര്‍ഥം പറഞ്ഞ് ഇദ്ദേഹത്തെ സമ്മതിപ്പിക്കയും ചെയ്യാം" എന്നു നിശ്ചയിച്ചു. ഗര്‍ഭം പൂര്‍ണ്ണമായപ്പോള്‍ പതിവുപോലെ പ്രസവിക്കയും, "കുട്ടിയ്ക്കു വായുണ്ടോ?" എന്നു ഭര്‍ത്താവു ചോദിക്കുകയും "ഇല്ല" എന്നു ഭാര്യ പറയുകയും, ആ കുട്ടിയെ എടുത്തുകൊള്ളുന്നതിനു ഭര്‍ത്താവനു വദിക്കുകയും ചെയ്തു. ഉടനെ കുട്ടിയെയുമെടുത്തു രണ്ടുപേരുകൂടി പുറപ്പെട്ടു. കുറചു സമയം കഴിഞ്ഞപ്പോള്‍ വാസ്തവമായിട്ടും കുട്ടിയ്ക്കു വായില്ല്ലാതെയായിത്തീര്‍ന്നു. വിശിഷ്ടകളായ സാധ്വികളുടെ വാക്കു മിഥ്യയായി ഭവിക്കുന്നതല്ലല്ലോ. വരരുചി ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതാണ് "വായില്ലാക്കുന്നിലപ്പന്‍" എന്നു പ്രസിദ്ധപ്പെട്ട ദേവന്‍. ഈ വായില്ലാക്കുന്നിലപ്പന്‍ ഉള്‍പ്പെടെയാണ് "പറയി പെറ്റ പന്തിരുകുലം" എന്നു പറയുന്നത്. ഈ പന്ത്രണ്ടുപേരുടെയും പേരുകള്‍ പറയുന്നതായ ഒരു ശ്ലോകം കേട്ടിട്ടുള്ളതു താഴെ ചേര്‍ക്കുന്നു.

"മേഷ (ള)ത്തോളഗ്നിഹോത്രി രജകനുളിയന്നൂര്‍
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും."
ഇവര്‍ പലദിക്കുകളിലായിട്ടാണ് താമസിച്ചു വന്നത്. എങ്കിലും എല്ലാവര്‍ക്കും ബാല്യം കഴിഞ്ഞപ്പോഴേക്കും അവര്‍ പരസ്പരം സഹോദരന്മാരാണെന്ന് അറിയുകയും തമ്മില്‍ തമ്മില്‍ സ്നേഹ ത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അത്ഭുതകര്‍മ്മങ്ങളും അവസാനമില്ലാതെയുണ്ട്. വരരുചിയും ഭാര്യയും പിന്നെ അവരുടെ ജീവിതശേഷത്തെ സഞ്ചാരംകൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിനു മേല്പറഞ്ഞ പന്ത്രണ്ടുപേരില്‍ വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമാണ് പതിവ്. അത് മേളത്തോളഗ്നി ഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍ ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍ വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രി കളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നു മാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരു ദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. "ആട്ടെ അതിനു സമാധാനമുണ്ടാക്കാം" എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ അവരുടെ അച്ഛന്റെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തു പേരും ചാത്തക്കാരായ ബ്രാഹ്മണനും അഗ്നി ഹോത്രിയുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടന്നുറങ്ങുന്നതിനായി അഗ്നിഹോത്രി പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കീട്ടുണ്ടായിരുന്നു. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റു കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍ പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്ക മായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനെയും വിളിച്ച് ഒരു വിളക്കുമായി പത്തുപേര്‍ കിടക്കുന്ന സ്ഥലത്തും കൊണ്ടുപോയി "എന്നെ തൊട്ടുകൊണ്ടു നോക്കു വിന്‍" എന്നു പറഞ്ഞു. അന്തര്‍ജനവും ചാത്തക്കാരനും അഗ്നിഹോത്രി കളെ തൊട്ടുകൊണ്ടുനോക്കിയപ്പോള്‍ പത്തുപേരും ഒന്നുപോലെ ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റു ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും ഇവര്‍ എല്ലാവരും സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാവുകയും ചെയ്തു.

മേഷത്തോളഗ്നിഹോത്രികളുടെ ഭവനം പൊന്നാനിത്താലൂക്കില്‍ മേഴത്തൂരംശത്തിലാണത്ര. വള്ളുവനാടു താലൂക്കില്‍ ഒറ്റപ്പാലത്തിനു സമീപമുള്ള കടമ്പൂരു മനയ്ക്കല്‍ നമ്പൂരിമാര്‍ ഈ അഗ്നിഹോത്രിയുടെ പുലക്കാരുമത്ര. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനം ഒരിക്കല്‍ അടുക്കലുള്ള പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ ഒരു താലംകൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചു മുക്കി വെള്ളത്തിലിട്ട് ഒഴുകി പ്പോകാതിരിക്കാന്‍ അതില്‍ കുറെ മണലും വാരിയിട്ടു കുളിച്ചുകേറി. പോകാന്‍ നേരത്തു താലമെടുത്തപ്പോള്‍ വരുകയില്ല. അത് അവിടെ ഉറചുപോയി. അങ്ങനെയുണ്ടായതാണ് "തൃത്താലപ്പന്‍" എന്നു ലോക പ്രസിദ്ധനായ ദേവന്‍. തൃത്താലപ്പന്റെ വിഗ്രഹം ഇന്നും മണല്‍ കൂട്ടിയതുപോലെതന്നെയാണിരിക്കുന്നത്. ശിലപോലെ ഉറപ്പുണ്ടുതാനും.

നാറാണത്തു ഭ്രാന്തന്റെ ദിവ്യത്വങ്ങള്‍ പറഞ്ഞാല്‍ വളരെയുണ്ട്. അദ്ദേഹത്തിന്റെ പതിവായിട്ടുള്ള പ്രവൃത്തി വലിയ കല്ലുകള്‍ ഉരുട്ടി മലയുടെ മുകളില്‍ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോള്‍ കൈവിടുകയും കല്ലു സ്വയമേവ കീഴ്പോട്ട് ഉരുണ്ടുപോകുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കയുമാണ്. ഇതു കണ്ടാല്‍

"ഇത്രയും കനത്തോരു കല്ലുകളുരുട്ടിക്കൊ
ണ്ടദ്രിതന്‍ മുകള്‍പ്പാട്ടിലേറ്റുവാന്‍ പാരം ദണ്ഡം
ആയതു കീഴപോട്ടേക്കു ചാടിപ്പാനെളുപ്പമാ
മായാസം ചെറ്റു വേണ്ടാ താഴത്തു വന്നേ നില്‍ക്കൂ."
എന്നുള്ള സാരോപദേശത്തെ ദൃഷ്ടാന്തപ്പെടുത്തി മനുഷ്യസ്ഥിതി ഇതിനോടു സദൃശമാണെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്താനാണൊ എന്നു തോന്നും. "ആര്‍ക്കറിയാവൂ മഹാന്മാരുടെ മനോഗതം!"

ഇദ്ദേഹത്തിന്റെ ഉപജീവനം ഭിക്ഷയെടുത്തുതന്നെയായിരുന്നു. കൈയില്‍ ഒരു ചെമ്പുപാത്രമുണ്ട്. ഭിക്ഷ യാചിച്ച് അന്നന്നു കിട്ടുന്ന അരി മുഴുവന്‍ വൈകുന്നേരമാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെ വച്ചു സ്വയം പാകം ചെയ്തു ഭക്ഷിക്കും. സ്വയം പാകഭക്ഷണമല്ലാതെ പതിവില്ല. അത് ഒരു നേരമേ ഉള്ളുതാനും. ഊണുകഴിഞ്ഞാല്‍ അവിടെത്തന്നെ കിടക്കും. നേരം വെളുത്താല്‍ പുറപ്പെടും. ഉച്ചവരെ കല്ല് മലയില്‍ ഉരുട്ടിക്കേറ്റുകയായി. പിന്നെ ഭിക്ഷ യാചിക്കയും. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ ദിനചര്യ. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഇദ്ദേഹം ഒരു ശ്മശാനത്തില്‍ ചെന്നുചേര്‍ന്നു. അത് ഒരു ശവദാഹം കഴിച്ച് ജനങ്ങളെല്ലാം പോയ ഉടനെ ആയിരുന്നതിനാല്‍ അവിടെ ധാരാളം തീയും മുറിക്കൊള്ളിയും ഉണ്ടായിരുന്നു. ഇതുകണ്ട് നാറാണത്തുഭ്രാന്തന്‍ സ്വയംപാകത്തിന് ഇവിടെത്തന്നെ തരം എന്നു നിശ്ചയിച്ചു മൂന്നു കല്ലുകളെടുത്ത് ആ പട്ടടയുടെ ഒററ്റത്തു തന്നെ അടുപ്പു കൂട്ടി. അടുക്കലുള്ള നദിയില്‍ നിന്ന് വെള്ളവും കൊണ്ടുവന്ന് അരിയും വെള്ളവും ഒരുമിച്ചുതന്നെ ആ ചെമ്പുപാത്രത്തില്‍ അടുപ്പത്തുവെച്ചു കുറേ തീക്കനലും നീക്കിക്കൂട്ടി. കുറിക്കൊള്ളികളും പെറുക്കി അടുപ്പിലിട്ടു. ഇടതുകാലിന്മേല്‍ കുറച്ചു മന്തുള്ളതിനാല്‍ ആ കാലു വലിച്ച് അടുപ്പുകല്ലിന്മേല്‍ വെച്ചു തീയും കാഞ്ഞു മൂളിപ്പാട്ടും പാടി കുറേശ്ശെ ഉറക്കവും തൂക്കി ആടി അങ്ങനെ അവിടെ ഇരുന്നു. മഞ്ഞുകാലമായതിനാല്‍ തീ കായാന്‍ നല്ല രസവുമുണ്ടായിരുന്നു. അങ്ങനെയിരുന്നു നേരം ഒരു യാമം കഴിഞ്ഞപ്പോഴേക്കും ഭൂതപ്രതപിശാചുക്കളോടുകൂടി ആര്‍ത്തുതിമിര്‍ത്തു ചുടലഭദ്രകാളിയുടെ വരവായി. അവരുടെ അട്ടഹാസങ്ങളും അലര്‍ച്ചകളുമൊക്കെക്കേട്ടിട്ടും നാറാണത്തുഭ്രാന്തന് ഒരു കുലുക്കവുമുണ്ടായില്ല. അവരെല്ലാവരും അടുത്തുവന്നപ്പോള്‍ പണ്ടെങ്ങുമില്ലാത്തവിധം ഒരു മനുഷ്യനിരിക്കുന്നതു കണ്ടിട്ട് "ആരാണവിടെ വന്നിരിക്കുന്നത്? വേഗത്തില്‍ എണീറ്റുപോകണം" എന്നു പറഞ്ഞു.

നാറാണത്തുഭ്രാന്തന്‍: നിങ്ങള്‍ക്കു കണ്ണില്ലേ? ഇവിടെയിരിക്കുന്നത് ആരാണെന്നു കണ്ടുകൂടെന്നുണ്ടോ? ഞാനൊരു മനുഷ്യനാണ്. ഇപ്പോള്‍ പോകാന്‍ ഭാവമില്ല. "

ഭദ്രകാളി: അതില്ലേ? എന്നാല്‍ ഞങ്ങള്‍ നിന്നെ പേടിപ്പിക്കും.

ഭ്രാന്തന്‍: നിങ്ങള്‍ പേടിപ്പിച്ചാല്‍ ഞാന്‍പേടിച്ചില്ലെങ്കിലോ?

ഭദ്രകാളി: ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാതെ അങ്ങനെ ആരെങ്കിലുമുണ്ടോ?

ഭ്രാന്തന്‍: ആവോ? ഒന്നു പരീക്ഷിച്ചുനോക്കുവിന്‍. എന്നാലറിയാമല്ലോ.

ഇതുകേട്ടപ്പോള്‍ അവര്‍ക്കു കോപം സഹിക്കവയ്യാതായിട്ട് എല്ലാവരുംകൂടി തീക്കട്ടപോലെയിരിക്കുന്ന ആ കണ്ണുകള്‍ തുറിച്ചുമിഴിച്ചും രക്തവര്‍ണങ്ങളായി ആയതങ്ങളായിരിക്കുന്ന നാവുകളെ വളച്ചുകടിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ വലിയ ദം ഷ്ട്രങ്ങളെയും പല്ലുകളെയും പുറത്തേയ്ക്കു തള്ളിച്ചും വലിയ അട്ടഹാസത്തോടുകൂടിയും നാറാണത്തുഭ്രാന്തനെ പേടിപ്പിക്കുനായിട്ട് അദ്ദേഹത്തിന്റെ നേരെ പാഞ്ഞുചെന്നു. അദ്ദേഹം ഇതുകണ്ടിട്ട് യാതൊരു കൂസലും കൂടാതെ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു. ലവലേശം പേടിച്ചില്ല. അപ്പോള്‍ ചുടലഭദ്രകാളിയും ഭൂതങ്ങളുമെല്ലാം ലജ്ജസഹിക്കവഹിയാതെ മുഖം താഴ്ത്തികൊണ്ടു നിന്നു.

ഭ്രാന്തന്‍: എന്താ പേടിപ്പിചുകഴിഞ്ഞുവോ?

ഭദ്രകാളി: അല്ലയോ മഹാനുഭാവാ! അങ്ങ് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ച് ഇങ്ങനെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ്. അവിടുന്ന് സാമാന്യനല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്നു കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങള്‍ ഈ ചുടലയില്‍ നൃത്തം ചെയ്വാനായി വന്നിരിക്കയാണ്.

ഭ്രാന്തന്‍: നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിന്‍, അതിനു ഞാന്‍പോകണമെന്നുണ്ടോ?

ഭദ്രകാളി: മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ക്ക് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണ് ഇങ്ങനെ അപേക്ഷിക്കുന്നത്.

ഭ്രാന്തന്‍: എന്നാല്‍ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാന്‍ഇവിടെനിന്നു പോവുകയില്ല.

ഭദ്രകാളി: നൃത്തം നാളെയായാല്‍ പോരാ, ഇന്നാണ് പതിവ്.

ഭ്രാന്തന്‍: എന്നാല്‍ പതിവുപോലെയാകട്ടെ. ഞാന്‍ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ട്. തീയും വെള്ളവും കിട്ടുന്ന ദിക്കില്‍ അരി വയ്ക്കുക, അരി വെയ്ക്കുന്ന ദിക്കില്‍ ഉണ്ണുക, ഉണ്ണുന്ന ദിക്കില്‍ കിടക്കുക ഇങ്ങനെയാണ് നമ്മുടെ പതിവ്. അതും വ്യത്യാസപ്പെടുത്തുകയില്ല.

ഒരു വിധത്തിലും ഇദ്ദേഹം ഒഴിഞ്ഞുപോവുകയില്ലെന്നു തീര്‍ച്ചായായപ്പോള്‍ ഭദ്രകാളി "അല്ലയോ മഹാനുഭാവാ! അവിടുന്ന് ഒരു വിധത്തിലും സമ്മതിക്കായ്കയല്‍ ഞങ്ങള്‍ തന്നെ ഒഴിഞ്ഞുപൊയ്ക്കൊളയാമെന്നു നിശ്ചയിച്ചു. എന്നാല്‍ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാല്‍ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാന്‍ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങള്‍ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണ് ഞങ്ങളുടെ വിചാരം. അതിനാല്‍ അവിടേക്ക് ആഗ്രഹമുള്ളതെന്താണെന്ന് പറഞ്ഞാലും" എന്നു പറഞ്ഞു.

ഭ്രാന്തന്‍: എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങള്‍ പൊയ്ക്കൊള്ളിന്‍. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ.

ഭദ്രകാളി: അയ്യോ! അവിടുന്നങ്ങനെ പറയരുത്. ദയവുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങള്‍ക്കിവിടെ പോകാന്‍ നിവൃത്തിയില്ല.

ഭ്രാന്തന്‍: നാശം! ഉപദ്രവമായിട്ടു തീര്‍ന്നല്ലോ. ആട്ടെ, എന്നാല്‍ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങള്‍ക്കറിയാമോ?

ഭദ്രകാളി: ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും,പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയുംകഴിയുമ്പോള്‍ മരിക്കും.

ഭ്രാന്തന്‍: എന്നാല്‍ അതുകൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നാഗ്രഹമുണ്ട്. അങ്ങനെ അനുഗ്രഹിക്കണം.

ഭദ്രകാളി: അതു ഞങ്ങള്‍ വിചാരിച്ചാല്‍ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്രസമയംകൂടി ആയുസ്സു തരാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല.

ഭ്രാന്തന്‍: എന്നാല്‍ അതുവേണ്ട. നിങ്ങള്‍ പറഞ്ഞതിന്റെ തലേദിവസം ഞാന്‍മരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിന്‍.

ഭദ്രകാളി: അതും ഞങ്ങള്‍ക്കു നിവൃത്തിയില്ല.

ഭ്രാന്തന്‍: എന്നാല്‍ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണ്? നിങ്ങള്‍ വിചാരിച്ചാല്‍ ഒന്നും ചെയ്വാന്‍ കഴികയില്ലെന്നു എനിക്കറിയാം.അതാണ് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാന്‍പറഞ്ഞത്.

ഭദ്രകാളി: അവിടുന്ന് കൃപയുണ്ടായി ഞങ്ങള്‍ വിചാരിച്ചാല്‍ കഴിയുന്നതായ ഒരു വരത്തെ വരിക്കണം.

ഭ്രാന്തന്‍: എന്നാലാവട്ടെ. ഈ ശനികളിവിടെനിന്നൊഴിഞ്ഞു പോകണമല്ലോ. എന്റെ ഈ ഇടത്തുകാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാവാന്‍ അനുഗ്രഹിച്ചിട്ടു പൊയ്ക്കൊള്‍വിന്‍. ഇതു നിങ്ങള്‍ വിചാരിച്ചാല്‍ കഴിയും.

ഇതുകേട്ടു ചുടലഭദ്രകാളിയും മറ്റു സന്തോഷിച്ച് അപ്രകാരം അനുഗ്രഹിച്ചിട്ടും മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തുഭ്രാന്തന്‍ ഊണും കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോള്‍ എണീറ്റു കല്ലുപിടിക്കാന്‍ പോവുകയും ചെയ്തു. ഈ കഥയില്‍ നിന്ന് ഈശ്വരകല്പിതത്തെ നീക്കാന്‍ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്പഷ്ടമാകുന്നു.

ഒരിക്കല്‍ നാറാണത്തുഭ്രാന്തന്‍ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാന്‍ പോകുന്നതറിഞ്ഞ് മറ്റൊരാള്‍കൂടെ ഒരുമിച്ചുചെന്നു. രണ്ടുപേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടുപേരും ഒരുമിച്ചുതന്നെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തുഭ്രാന്തന്‍ "എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. "എനിക്കും ദാഹം സഹിക്കവഹിയാതെയായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോള്‍ നാറാണത്തുഭ്രാന്തന്‍ "ആട്ടെ നിവൃത്തിയുണ്ടാക്കാം" എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരും കൂടി കുറചുചെന്നപ്പോള്‍ ഒരു മൂശാരിയുടെ ആലയില്‍ ഒരു വലിയ വാര്‍പ്പു വാര്‍ക്കാനായി ഓടു ചൂളയില്‍വച്ചുരുക്കുന്നതു കണ്ടു. നാറാണത്തുഭ്രാന്തന്‍ അവിടെക്കേറിച്ചെന്ന് ഒരുകിത്തിളച്ചുമറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാന്‍ പറഞ്ഞു. "അയ്യോ! പൊള്ളിച്ചത്തുപോകും. എനിക്കു പ്രയാസമുണ്ട്" എന്നു മറ്റേയാള്‍ പറഞ്ഞപ്പോള്‍ "എന്നാല്‍ തനിക്കു ഭ്രഷ്ടുണ്ട്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടായാല്‍ ഞാന്‍ കുടിക്കുന്നതൊക്കെ കുടിക്കയും വേണം" എന്നു പറഞ്ഞു നാറാണത്തുഭ്രാന്തന്‍ പോവുകയും ചെയ്തു.

"മുറ്റുമൊരുത്തന്‍ പ്രവര്‍ത്തിച്ചതിനെന്തു
മൂലമെന്നുള്ള വിചാരവും കൂടാതെ
മറ്റവന്‍കൂടെ പ്രവര്‍ത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോര്‍ത്തുകൊണ്ടീടുവിന്‍"
എന്നുള്ള സാരോപദേശ ത്തിന് ഈ കഥ ദൃഷ്ടാന്തമാകുന്നു.
നാറാണത്തുഭ്രാന്തന്‍ ചിലപ്പോള്‍ കട്ടുറുമ്പുകള്‍ കൂട്ടംകൂടി വരിവരിയായി പോകുമ്പോള്‍ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ട്. അങ്ങനെ ഒരു ദിവസം നാറാണത്തുഭ്രാന്തന്‍ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അടുക്കെച്ചെന്ന് "എത്രയായി?" എന്നു ചോദിച്ചു. ഉടനെ നാറാണത്തുഭ്രാന്തന്‍ "പതിനായിരം പോയി. പതിനായിരമുണ്ട്. അതുകൂടെ പോകണം. എന്നാല്‍ സുഖമായി" എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആള്‍ക്ക് വളരെക്കാലമായി വയറ്റില്‍ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാള്‍ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തുഭ്രാന്തന്‍ പറഞ്ഞതിന്റെ സാരം ആ പതിനായിരംകൂടി ചെലവായാല്‍ ഇയാള്‍ക്കു വയറ്റില്‍ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യന്‍ മനസ്സിലാക്കി ശേഷമുണ്ടായിരുന്ന പതിനായിരംകൂടി ചികിത്സയ്ക്കും സത്കര്‍മ്മങ്ങള്‍ക്കുമായി ചെലവാക്കുകയും വയറ്റില്‍ വേദന ഭേദമാവുകയും ചെയ്തു.

അകവൂര്‍ ചാത്തനും ഇതുപോലെത്തന്നെ ഒരു ദിവ്യനായിരുന്നു. അദ്ദേഹം അകവൂര്‍ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛന്‍ നമ്പൂരിപ്പാട്ടിലേക്ക് അനര്‍ഹയായ ഒരു സ്ത്രീയില്‍ മനസ്സു പ്രവര്‍ത്തിക്കയാല്‍ തത്പാപപരിഹാരാര്‍ത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീര്‍ച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോള്‍ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തന്‍ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീര്‍ത്ഥങ്ങളിലെല്ലാം ചാത്തന്‍ ഈ ചുരയ്ക്കായും മുക്കി, ചാത്തന്‍ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തില്‍ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ചാത്തന്‍ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.

അതൊരു കയ്പന്‍ ചുരയ്ക്കയായിരുന്നതിനാല്‍ കൂട്ടാന്‍ കയ്പുകൊണ്ടു കൂട്ടാന്‍ പാടിലായിരുന്നു. കൂട്ടാന്‍ കയ്ചതിനാല്‍ നമ്പൂരിപ്പാട്ടീന്ന് അന്തര്‍ജനത്തിനെ ദേഷ്യപ്പെട്ടു. "ചാത്തന്‍ നുറുക്കിത്തന്നതാണ് ഞാന്‍വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അലാതെയൊന്നുമല" എന്നന്തര്‍ജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഊണുകഴിഞ്ഞ് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ച് "കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു" എന്നും "അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും" ചോദിച്ചു. അപ്പോള്‍ ചാത്തന്‍ "കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കില്‍ തിരുമനസ്സിലെ പാപവും തീര്‍ന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീര്‍ത്ഥങ്ങളിലെല്ലാം അടിയന്‍ ആ കയ്പന്‍ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്" എന്നു പറഞ്ഞു.

ഇതു കേട്ടപ്പോള്‍ ചാത്തന്‍ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാല്‍ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ല ́യുമുണ്ടായി. തന്റെ പാപം തീര്‍ന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. "ഇനി പാപം തീരാന്‍ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ"മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാല്‍ ചാത്തന്‍, "തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങള്‍ കൂടിനില്ക്കുമ്പോള്‍ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല" എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഇതുകേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീര്‍ച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തില്‍ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങള്‍ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിചു വലിയ കൊടിലുകള്‍കൊണ്ടും മറ്റും പിടിച്ചു സഭയില്‍ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോള്‍ അടുത്തു നിന്നിരുന്ന ചാത്തന്‍ നമ്പൂരിപ്പാട്ടിലെ തടുത്തുനിറുത്തിക്കൊണ്ട് "ഇത്രയും മതി. ഇപ്പോള്‍ അവിടുത്തെ പാപമെല്ലാം തീര്‍ന്നിരിക്കുന്നു" എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാല്‍ പാപമോചന ത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താല്‍ മതിയാകുന്നതല്ലെന്നും സ്പ ഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോള്‍ കുളിച്ച് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഒരു ദിവസം ചാത്തന്‍ ചോദിച്ചു. "ഞാന്‍പരബ്രഹ്മത്തെ സേവിക്കയാണെ"ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. "അപ്പോള്‍ പരബ്രഅം എങ്ങനെയിരിക്കും?" എന്നു ചാത്തന്‍ ചോദിക്കയാല്‍ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു "നമ്മുടെ മാടന്‍പോത്തിനെ പ്പോലിരിക്കും" എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോള്‍ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോള്‍ ചാത്തന്റെ ധ്യാനപ്രകാരം മാടന്‍പോത്തിന്റെ സ്വരൂപത്തില്‍ പരബ്രഅം അയാള്‍ക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഅം ചാത്തന്റെ കൂടെ നടക്കുകയും അയാള്‍ പറയുന്ന വേലകള്‍ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിന് ഈ മാടന്‍പോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.

അങ്ങനെയിരിക്കുമ്പോള്‍ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തന്‍ ഭാണ്ഡം മാടന്‍പോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോള്‍ അവിടെ ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടന്‍പോത്തിന്റെ കൊമ്പുകള്‍ അവിടെ തടഞ്ഞതിനാല്‍ അതിനു കടക്കാന്‍ പാടില്ലാതെ അവിടെ നിന്നു. അപ്പോള്‍ ചാത്തന്‍ തിരിഞ്ഞുനിന്ന് "ചരിചു കടത്തൂ" എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ മാടന്‍പോത്തിനെ അദ്ദേഹത്തിനു കാണ്മാന്‍ പാടില്ലായിരുന്നതിനാല്‍ "നീ ആരോടാണ് പറയുന്നത്?" എന്നു ചോദിചു. "നമ്മുടെ മാടന്‍പോത്തിനോട്" എന്നു ചാത്തന്‍ മറുപടി പറഞ്ഞു.

നമ്പൂതിരിപ്പാട്: മാടന്‍പോത്തെവിടെ? ഏതു മാടന്‍പോത്ത്?

ചാത്തന്‍: ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയന്‍ സേവിച്ചു പ്രത്യക്ഷമാക്കിയ മാടന്‍പോത്താണിത്.

ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ട് നോക്കിയപ്പോള്‍ മാടന്‍പോത്തിന്റെ ആകൃതിയില്‍ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മമത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് "എന്നെക്കാള്‍ ഭക്തി നിനക്കുതന്നെയാണ്. അതിനാല്‍ ഞാന്‍നിന്നെയും വന്ദിക്കുന്നു" എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടന്‍പോത്ത് അവിടെത്തന്നെ ഭൂമിയില്‍ താണുപോയി. "അടിയന്റെ മാടന്‍പോത്തില്ലാതെ അടിയന്‍ വരികയില്ല" എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. "എനിക്കിനി എന്താണ് ഗതി" എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോള്‍ ചാത്തന്‍ "മേല്പോട്ട് കേറാന്‍ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം" എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്ന് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തന്‍ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയില്‍ച്ചേര്‍ന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.

ഉളിയന്നൂര്‍ പെരുന്തച്ചനും അനേകം അത്ഭുതകര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശത്തുതന്നെ ഒരു ക്ഷേത്രത്തിലെ ഉപയോഗത്തി ലേക്കായി അവിടുത്തെ ഊരാണ്‍മക്കാര്‍ പറഞ്ഞിട്ട് ഒരു കുളം പെരുന്തച്ചന്‍ ഉണ്ടാക്കീട്ടുണ്ട്. കുളം കുഴിച്ചു കല്ലുകെട്ടിത്തുടങ്ങിയപ്പോള്‍ ഊരാണ്‍മ ക്കാരില്‍ ചിലര്‍ കുളം നീളത്തിലിരിക്കണമെന്നും ചിലര്‍ ചതുരത്തില്‍ വേണമെന്നും മറ്റു ചിലര്‍ വട്ടത്തില്‍ വേണമെന്നും മറ്റും തര്‍ക്കമായി. അപ്പോള്‍ പെരുന്തച്ചന്‍ "നിങ്ങളാരും വഴക്കു പിടിക്കേണ്ട. എല്ലാവരുടെയും ഇ ഷ്ടപ്രകാരം കുളം വട്ടത്തില്‍ നീളത്തില്‍ സമചതുരത്തില്‍ ത്രികോണമായിട്ടു കോഴിമുട്ടഭാഷയിലുണ്ടാക്കിയേക്കാം. എന്നാല്‍ പോരേ?" എന്നു പറഞ്ഞ് അങ്ങനെ ഒരു കുളവും കെട്ടിത്തീര്‍ത്തു. ആ കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നും നോക്കിയാല്‍ പെരുന്തച്ചന്‍ പറഞ്ഞതുപോലെ ഒക്കെയും തോന്നും. കുളത്തിലിറങ്ങിയാല്‍ ഇപ്പോഴും ആര്‍ക്കും കിഴക്ക് പടിഞ്ഞാറ് അറിയാന്‍ പാടില്ലാതെയാണിരിക്കുന്നത്. അതിനാല്‍ ബ്രാഹ്മണര്‍ ആ കുളത്തില്‍ കുളിച്ചു നിത്യകര്‍മ്മം കഴിക്കാറില്ല. പെരുന്തച്ചത് അതിദിവ്യ നായ ഒരു പുത്രനും ഉണ്ടായിരുന്നു. ഈ കുളം പെരുന്തച്ചന്‍ കുഴിച്ചപ്പോള്‍, മകന്‍, "പുഴ കടന്ന് ഈ കുളത്തിലേക്ക് വലവരും പോകുമോ?" എന്നു ചോദിച്ചു. അന്നു കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകന്നും ആയതിനാല്‍ "ഇതെന്താടാ ഭ്രാന്തു പറയുന്നത്? പുഴ എത്ര ദൂരെക്കിടക്കുന്നു" എന്നു പെരുന്തചന്‍ പറഞ്ഞു. "ആട്ടെ, കാണാം" എന്നു മകനും പറഞ്ഞു. കുറചുകാലം കഴിഞ്ഞപ്പോള്‍ ദൂരേക്കൂടി ഒഴുകിക്കൊണ്ടിരുന്ന നദി കുത്തിപ്പാഞ്ഞ് അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യേ ഒഴുകിത്തുടങ്ങി. അപ്പോള്‍ അമ്പലമിക്കരെയും കുളമക്കരെയുമായിത്തീര്‍ന്നു. ആറു കടന്ന് ആരും കുളത്തിലേക്കു പോകാതെയുമായി. ഇപ്പോഴും ആ സ്ഥിതിയില്‍ തന്നെ ഇരിക്കുന്നു.

പിന്നെ പെരുന്തച്ചന്‍ ഒരു നദിയില്‍ ഒരു പാലം പണിതു. അതിനും കുറെ ദിവ്യത്വമുണ്ട്. പാലത്തിന്റെ ഒരറ്റത്ത് ഒരു പാവയുണ്ട്. മറ്റേ അറ്റത്ത് ആള്‍ കേറുമ്പോള്‍ പാവ കീഴ്പോട്ടു താണുതുടങ്ങും. ആള്‍ പാലത്തിന്റെ മധ്യത്തിലാകുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. അങ്ങേ അറ്റത്തു ചെല്ലുമ്പോഴേക്കും പാവ വായില്‍ നിറച്ചു വെള്ളവുംകൊണ്ടു പൂര്‍വസ്ഥിതിയില്‍ മുകളില്‍ വന്നുനില്ക്കും. ആള്‍ അടുത്തു ചെല്ലുമ്പോള്‍ ചെല്ലുന്ന ആളുടെ മുഖത്ത് ഒരു തുപ്പും കൊടുക്കും. ഇങ്ങനെയാണതിന്റെ സൂത്രം. ഇരു പെരുന്തചന്റെ മകന്‍ കണ്ടിട്ടു വേറൊരു പാവയെ ഉണ്ടാക്കി പാലത്തിന്റെ ഇങ്ങേ അറ്റത്തും വെച്ചു. ആ പാവ പാലത്തിന്മേല്‍ ആളുകയറുമ്പോള്‍ മുമ്പേ നടന്നുതുടങ്ങും. ആളുകള്‍ അങ്ങേ അറ്റത്തു ചെല്ലുന്നതിനുമുമ്പേ അവിടെ എത്തും. മറ്റേപ്പാവ തുപ്പുന്നതിനുമുമ്പേ അതിന്റെ ചെകിട്ടത്ത് ഈ പാവ ഒരടിവെച്ചുകൊടുക്കും. അപ്പോള്‍ ആ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞുപോകുന്നതിനാല്‍ ആരുടെയും മുഖത്തു തുപ്പാന്‍ കഴിയാതെയുമായി.

പെരുന്തച്ചന്‍ ഒരിക്കല്‍ ഒരു വഴിയാത്ര പോകുമ്പോള്‍ ഒരുദിക്കില്‍ ചില ആശാരിമാര്‍കൂടി ഒരമ്പലം പണിയുന്നതു കണ്ട് അവിടെച്ചെന്നു നോക്കിക്കൊണ്ടിരുന്നു. ആശാരിമാരാരും പെരുന്തച്ചനെ ബഹുമാനിക്കയും കണ്ടതായി നടിക്കപോലും ചെയ്തില്ല. അവര്‍ക്ക് ഊണു കാലമായപ്പോള്‍ പെരുന്തച്ചനെ വിളിക്കാതെ പോവുകയും ചെയ്തു. ഉടനെ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വരകൂടി വരച്ചും വെച്ചു പെരുന്തച്ചനും പോയി. ആശാരിമാര്‍ ഊണു കഴിഞ്ഞുവന്നു പണി തുടങ്ങി. പെരുന്തച്ചന്‍ വരച്ച വര അവിടത്തെക്കണക്കാശാരി വരച്ചതാണെന്നു വിചാരിച്ച് അവിടെ വെച്ചു മുറിച്ചു കഴുക്കോലെല്ലാം പണിതീര്‍ത്തു കൂട്ടു കേറ്റിയപ്പോള്‍ കഴുക്കോലിനു നീളം പോരായ്കയാല്‍ കൂടം പിടിക്കയില്ല. കണക്കനും പണിക്കാരനും കൂടി പഠിച്ച വിദ്യയെല്ലാമെടുത്തിട്ടും കൂടം പിടിച്ചില്ല. ഈ അബദ്ധം എങ്ങനെ വന്നു എന്നറിയാതെ എല്ലാവരും വളരെ വ്യസനിച്ചു. ഒടുക്കം കഴുക്കോലുകള്‍ മാറ്റണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി. ശ്രീകോവിലിന്റെ കൂട്ടുകേറ്റിയ വിധത്തില്‍ തന്നെ കൂടം പിടിക്കാതെ ആ നിലയില്‍ വെച്ചുംവെച്ചുതന്നെ വേറെ പണികള്‍ തുടങ്ങി.

പെരുന്തച്ചന്‍ പോയി ആരുമറിയാതെ കുറെക്കടുന്തുടികള്‍ ഉണ്ടാക്കിക്കൊണ്ടു പുറപ്പെട്ടു. യാത്രയായപ്പോള്‍ "എങ്ങോട്ടാ യാത്ര?" എന്നു മകന്‍ ചോദിച്ചു. ഒന്നും മിണ്ടാതെ പെരുന്തച്ചന്‍ പോയി. പിന്നാലെ മകനും പുറപ്പെട്ടു. ഒരു ദിവസം ഉച്ചയായപ്പോള്‍ ആ അമ്പലം പണിയുന്ന സ്ഥലത്തു വന്നു. അപ്പോള്‍ ആശാരിമാരെല്ലാം ഉണ്ണാന്‍ പോയിരിക്കയായിരുന്നു. അവിടെ ആരുമില്ലെന്നു മനസ്സിലായപ്പോള്‍ പെരുന്തച്ചന്‍ ശ്രീകോവിലിനു മുകളില്‍ കേറി ഈ കടുന്തുടികളെല്ലാം വെച്ചിണക്കി ഒരടി കൊടുത്തു. പെട്ടെന്നു കൂടം പിടിക്കയും ചെയ്തു. അപ്പോഴേക്കും മകനും അവിടെ എത്തി. ഉടനെ പെരുന്തച്ചന്‍ "കണ്ടോടാ, മകനേ കൂടം പിടിചത്" എന്നു ചോദിചു. "ഓഹോ കാണുകയും പഠിക്കയും ചെയ്തു" എന്നു മകന്‍ ഉത്തരം പറഞ്ഞു.

ഇങ്ങനെ പലവിധത്തിലും മകന്‍ അസാമാന്യനാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആദ്യപുത്രനാണെങ്കിലും പെരുന്തച്ച അവനെക്കുറിച്ച് സഹിയവയ്യാതെയുള്ള അസൂയയും വൈരവുമുണ്ടായി. ഇവന്‍ ജീവിച്ചിരുന്നാല്‍ തന്റെ യശസ്സിനു ഹാനി ഭവിക്കുമെന്നും അതിനാല്‍ ഏതുവിധവും ഇവന്റെ കഥ കഴിക്കണമെന്നും പെരുന്തച്ചന്‍ തീര്‍ച്ചയായി മനസ്സില്‍ ഉറച്ചു.

കൂടം പിടിച്ച ശബ്ദം കേട്ട് ആശാരിമാരെല്ലാം ഓടിവന്നു നോക്കിയപ്പോള്‍ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. അപ്പോള്‍ ഇതെല്ലാം

മനസ്സിലാവുകയാല്‍ പെരുന്തച്ചന്റെ കശൗലങ്ങളാണെന്നു ആശാരിമാരെല്ലാം പെരുന്തച്ചനെയും മകനെയും വന്ദിച്ചു ബഹുമാനിച്ചു. അന്നുമുതല്‍ പെരുന്തച്ചനെയും മകനെയും പണിക്കു പ്രധാനന്മാരായി ചേര്‍ക്കുകയും അവര്‍കൂടി പണി തുടങ്ങുകയും ചെയ്തു. അക്കാലം മുതല്‍ ആശാരിമാര്‍ പണിതുകൊണ്ടിരിക്കുന്ന സ്ഥലത്തു മറ്റാശാരിമാര്‍ വന്നാല്‍ അവര്‍ക്കുകൂടി ചോറുകൊടുക്കാതെ ഇവര്‍ ഉണ്ണുകയില്ലെന്നു ഒരേര്‍പ്പാട് വെചു.

പിന്നെ അവിടെപ്പണിതുകൊണ്ടിരിക്കുന്ന കാലത്തു പെരുന്തച്ചന്‍ അമ്പലത്തിന്റെ മുകളിലിരുന്നുകൊണ്ടു താഴെക്കുനിഞ്ഞിരുന്നു പണിയുന്ന മകന്റെ കഴുത്തിലേക്ക് ഒരു വലിയ ഉളി കൈമോശം വന്നുപോയി എന്ന ഭാവത്തില്‍ ഇട്ടു. ഉളി വന്നുവീണ് കഴുത്ത് രണ്ടായി മുറിഞ്ഞ് മകന്‍ മരിക്കയും ചെയ്തു. ഈ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത് തിരുവല്ലായില്‍വെച്ചാണെന്നാണ് കേട്ടിരിക്കുന്നത്.

പെരുന്തചന്‍ സ്വദേശത്തുള്ള നമ്പൂരിമാരുടെ ആവശ്യപ്രകാരം അവിടെയും ഒരമ്പലം പണിതിട്ടുണ്ട്. അവിടെ സോപാനത്തിങ്കല്‍നിന്നു ശ്രീകോവിലകത്തേക്കു കേറുമ്പോള്‍ ഇടയ്ക്കിടെ തല മുട്ടുമെന്നു തോന്നും കണ്ടാല്‍. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താല്‍ തല മുട്ടുകയില്ല. തല മുട്ടിയേക്കുമെന്നു സംശയിച്ചു നില്ക്കുകയോ കുനിയുകയോ ചെയ്താല്‍ തല മുട്ടുകയും ചെയ്യും. അങ്ങനെ ഒരു വിദ്യയുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പെരുന്തച്ചനുണ്ടാക്കിയതാണ്. നമ്പൂരിമാരെല്ലാവരുംകൂടി ഒരു ബിംബമുണ്ടാക്കിക്കൊടുക്കണമെന്നു പെരുന്തച്ചനോടു പറഞ്ഞു. അങ്ങനെയാവാമെന്നു പെരുന്തച്ചനും സമ്മതിച്ചു. ഏതു മൂര്‍ത്തിയുടെ വിഗ്രഹമാണ് വേണ്ടതെന്ന് നമ്പൂരിമാര്‍ പറഞ്ഞുമില്ല, പെരുന്തച്ചന്‍ ചോദിച്ചുമില്ല. തമ്മില്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് പെരുന്തച്ചന്‍ അതിനെക്കുറിച്ച് വിചാരിച്ചത്. എല്ലാവരും അത്താഴം കഴിഞ്ഞ് കിടക്കുന്ന സമയം അവരവരുടെ ഇ ഷ്ടദേവതയുടെ പേരു പറഞ്ഞു പ്രാര്‍ത്ഥിക്കുമല്ലോ. അതിനാല്‍ നമ്പൂരിമാര്‍ കിടക്കുന്ന സമയം എന്തുപറയുന്നു എന്നറിയണം. ഉണ്ടാക്കി അതറിഞ്ഞാല്‍ അവരുടെ ഇ ഷ്ടദേവതയുടെ വിഗ്രഹം ക്കൊടുക്കാമല്ലോ. എന്നിങ്ങനെ വിചാരിച്ച് പെരുന്തച്ചന്‍ പല ദിവസമായി നമ്പൂരിമാര്‍ കിടക്കുന്ന സമയത്ത് അവിടെയൊക്കെപ്പോയി ഒളിച്ചുനിന്നു. അവരെല്ലാം കിടക്കുന്ന സമയത്ത് "അവിടെക്കിട" എന്നും പറഞ്ഞുകൊണ്ടാണ് കിടക്കുക പതിവ്. അലാതെ ഈശ്വരനാമം ഒന്നും പറയുക പതിവില്ല. ഒടുക്കം പെരുന്തച്ചന്‍ "എന്നാലവിടെക്കിട" എന്നും പറഞ്ഞ് ഒരു ബിംബം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ ഒരു ബിംബം ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. മൂര്‍ത്തിയെന്താണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.

പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നിരുന്നു. പെരുന്തച്ചനും മറ്റും അഗ്നിഹോത്രിയുടെ ഇല്ലത്തു ചെന്നാല്‍ ശ്രാദ്ധമൂട്ടേണ്ടുന്ന ദിവസങ്ങളിലല്ലാതെ അകത്തു കടക്കാറില്ല. മറ്റുള്ള ദിവസങ്ങളില്‍ അവിടെച്ചെന്നാല്‍ യഥാക്രമം പുറത്തു നില്ക്കുകയേ പതിവുള്ളൂ. അതിനാല്‍ പെരുന്തച്ചന്‍ അന്നു ചെന്നിട്ടു പടിക്കുപുറത്താണ് നിന്നത്. അവിടെ നിന്നുകൊണ്ട് അഗ്നിഹോത്രി അപ്പോള്‍ എന്തുചെയ്യുകയാണെന്ന് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം സഹസ്രാവൃത്തി കശിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ അവിടെയിരുന്നു നിലത്ത് ചെറുതായിട്ട് ഒരു കുഴി കുഴിച്ചു. പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്കാരത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു. പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ഗണപതിഹോമമായിരുന്നു. പെരുന്തച്ചന്‍ അപ്പോഴും ഒരു കുഴി കുഴിച്ചു. ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമപുഷ്പാഞ്ജലി, വൈശ്യം മുതലായി ഓരോന്നു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. നേരം ഉച്ചയായപ്പോഴേക്കും അഗ്നിഹോത്രി പുറത്തുവന്നു. അപ്പോള്‍ പെരുന്തച്ചന്‍ "തേവാരമെല്ലാം കഴിഞ്ഞോ?" എന്നു ചോദിച്ചു.

അഗ്നിഹോത്രി: ഓ! ഏകദേശം കഴിഞ്ഞു. പെരുന്തച്ചന്‍ വന്നിട്ട് വളരെ നേരമായി, അല്ലേ? ഇരുന്നു മുഷിഞ്ഞായിരിക്കും."

പെരുന്തച്ചന്‍" ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്കേടുണ്ടായില്ല. ഇവിടെ ഞാന്‍അനേകം കുഴികള്‍ കുഴിച്ചു. പക്ഷേ, ഒന്നിലും വെള്ളം കണ്ടില. ഇത്രയും നേരംകൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ വെള്ളം കാണുമായിരുന്നു.

ഇതു കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും പെരുന്തചന്‍ പറഞ്ഞതിന്റെ സാരം അനേകമീശ്വരന്മാരെ കുറെശ്ശേ സേവിക്കുന്നതു വെറുതെയാണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അതു നല്ലതുപോലെയായാല്‍ ഫലസിദ്ധി ഉണ്ടാകുമെന്നാണെ ന്നും ഇതു തന്റെ തേവാരത്തെ സംബന്ധിച്ചാണെന്നും അഗ്നിഹോത്രിക്കു മനസ്സിലാവുകയാല്‍ അദ്ദേഹം, പല കുഴികളായാലും അവ പതിവായി കുറെശ്ശേ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാ ത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ക്കുള്ള പരസ്പരബന്ധമുണ്ടായിരിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും ചുവട് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതുമാണ്" എന്നു മറുപടി പറഞ്ഞു.

പെരുന്തച്ചന്‍: ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓര്‍മ്മ വിട്ടു പോകാതെയിരുന്നാല്‍ മതി. പിന്നെ എത്രവേണമെങ്കിലും കുഴിക്കാം. എല്ലാത്തിലും വെള്ളവും കാണും.

ഇങ്ങനെ ഒടുക്കം പെരുന്തച്ചന്‍ അഗ്നിഹോത്രിയുടെ യുക്തി ശരിയാണെന്ന് സമ്മതിക്കുകയും പിന്നെ വന്ന കാര്യം പറഞ്ഞ് പോവുകയും ചെയ്തു.

ഇനി പ്രസിദ്ധനായ പാക്കനാരുടെ ചില കഥകള്‍ കൂടി പറയാതെ ഉപന്യാസം സമാപിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നുന്നതിനാല്‍ അതു ചിലതു പറയാം. പറയനായ പാക്കനാരുടെ ഉപജീവനവും മറ്റും മുറം വിറ്റാണെന്നാണു വെച്ചിരിക്കുന്നത്. കുലാചാരപ്രകാരമുള്ള പ്രവൃത്തി കൊണ്ട് ഉപജീവിക്കുന്നതാണ് ശ്രഷ്ഠമെന്നു കാണിക്കാനായിരിക്കും അങ്ങനെ വെച്ചിരിക്കുന്നത്.

മാതാപിതാക്കളുടെ ചാത്തമൂട്ടാനായി അഗ്നിഹോത്രിയുടെ ഭവനത്തില്‍ ചെല്ലുമ്പോള്‍ പത്തുപേരും ഓരോ വിശി ഷ്ടപദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുക പതിവുണ്ട്. പാക്കനാര്‍ മാംസമാണ് കൊണ്ടുചെല്ലുക പതിവ്. അത് അഗ്നിഹോത്രികളുടെ അന്തര്‍ജനത്തിനും ചാത്തക്കാര്‍ക്കും വളരെ വ്യസനമാണ്. എങ്കിലും പാക്കനാരുടെ ദിവ്യത്വം വിചാരിച്ച് ആരുമൊന്നും പറയുകയുമില്ല. കൊണ്ടുചെല്ലുന്നതെല്ലാം അന്തര്‍ജനം പാകംചെയ്കയും ചാത്തക്കാര്‍ ഭക്ഷിക്കയുമാണ് പതിവ്. ഒരിക്കല്‍ പാക്കനാര്‍ ചെന്നപ്പോള്‍ പശുവിന്റെ മുല ചെത്തിയെടുത്ത് ഒരിലയില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. വെലിക്കു വേണ്ടുന്ന സാധനങ്ങള്‍ വെയ്പു തുടങ്ങിയപ്പോള്‍ അന്തര്‍ജനം ഈ പൊതിയഴിച്ചുനോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോള്‍ എന്തായാലും ഇത് പാകം ചെയ്വാന്‍ കഴികയില്ലെന്നു നിശ്ചയിച്ച് അത് അങ്ങനെതന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ചാത്തക്കാരനെ ഇരുത്തി വെലിയും തുടങ്ങി. ചാത്തക്കാരന് ഓരോ സാധനങ്ങള്‍ വിളമ്പിത്തുടങ്ങിയപ്പോള്‍ പാക്കനാരു കൊണ്ടുവന്ന സാമാനംകൊണ്ടുള്ള കറികളൊന്നും കാണായ്കയാല്‍ "ഞാന്‍കൊണ്ടുവന്നതെവിടെ?" എന്നു പാക്കനാരു ചോദിച്ചു. അന്തര്‍ജനം ഒന്നും പറയാതെ നിന്നതിനാല്‍ സത്യം പറയാനായി അഗ്നിഹോത്രികള്‍ നിര്‍ബന്ധിക്കുകയും അന്തര്‍ജനം പരമാര്‍ഥമൊക്കെ പറയുകയും ചെയ്തു. അപ്പോള്‍ പാക്കനാര്‍ "എന്നാല്‍ അതു കിളിര്‍ത്തോ എന്നു നോക്കൂ" എന്നു പറഞ്ഞു. അന്തര്‍ജനം ചെന്നു നോക്കിയപ്പോള്‍ അതു കിളിര്‍ത്ത് അവിടെയൊക്കെപ്പടര്‍ന്നു നിറച്ചു കായുമായി കിടക്കുന്നതു കണ്ടു. വിവരം പറഞ്ഞപ്പോള്‍ "അതിന്റെ കായ് പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരൂ" എന്നു പാക്കനാര്‍ പറഞ്ഞു. ചാത്തക്കാരന്റെ ഊണ് കഴിയുന്നതിനുമുമ്പേ അതിന്റെ കായ്കള്‍കൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കൊണ്ടുവന്നു വിളമ്പി. അങ്ങനെ ഉണ്ടായതാണ് കോവല്. കോവല്‍ക്കാ ഇപ്പോഴും വെലിക്കു പ്രധാനമാണല്ലോ. "കോവലും കോഴിയുമുള്ള ദിക്കില്‍ വെലിയിടണമെന്നില്ല" എന്നൊരു വാക്കും പ്രസിദ്ധമാണ്. കോവലുള്ള ദിക്കില്‍ വെലിയിട്ടില്ലെങ്കിലും പിതൃക്കള്‍ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കില്‍ ശുദ്ധമായിട്ടു വെലിയിടാന്‍ പ്രയാസമാകയാല്‍ വെലിയിട്ടതുകൊണ്ടും വിശേഷമില്ലെന്നുമാണ് ഇതിന്റെ സാരം. ഇതില്‍നിന്നു പാക്കനാരുടെയും കോവലിന്റെയും മാഹാത്മ്യം എത്രയുണ്ടെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

ഒരു ദിവസം പാക്കനാരും ഭാര്യയും കൂടി കാട്ടില്‍ വിറകൊടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂരി വന്നു. അദ്ദേഹം ഇവരെക്കണ്ടു വഴിമാറാന്‍ പറഞ്ഞു. അപ്പോള്‍ പറക്കള്ളി നമ്പീരി പറയുന്നതു കേള്‍ക്കാതെ പതുക്കെ "മകളെ ഭാര്യയാക്കിവെച്ചുകൊണ്ടിരിക്കുന്ന ഇയ്യാള്‍ക്കെന്തിനാണ് വഴിമാറി ക്കൊടുക്കുന്നത്" എന്നു പറഞ്ഞു. അപ്പോള്‍ പാക്കനാര്‍ "ഛീ അങ്ങനെ പറയരുത്, ഒരട്ട ശേഷിച്ചിട്ടുണ്ടായിരുന്നു; അത് നിനക്കുമായി" എന്നു പറഞ്ഞു. രണ്ടുപേരും വഴിമാറിക്കൊടുക്കുകയും നമ്പൂരി കടന്നുപോവുകയും ചെയ്തതിന്റെ ശേഷം പറക്കള്ളി "ഒരട്ടയുണ്ടെന്നു പറഞ്ഞതിന്റെ സാരമെന്താണ്? അതെനിക്ക് മനസ്സിലായില്ല" എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ "അതു പറയാം. കേട്ടോളൂ" എന്നു പറഞ്ഞ് താഴെ വരുന്ന പ്രകാരം പറഞ്ഞു.

"ഈ നമ്പൂരിയുടെ അന്തര്‍ജനം ഒരു ദിവസം അത്താഴത്തിന് അരിവെച്ചതില്‍ ഒരു അട്ട വീണു. ഉടനെ ആ വിവരം അന്തര്‍ജനം നമ്പൂരിയോട് പറഞ്ഞു. ആ ചോറു ഭൃത്യന്മാര്‍ക്കു കൊടുക്കുന്നതിനു ശട്ടം കെട്ടി. അന്തര്‍ജനം അപ്രകാരം ചെയ്കയും ചെയ്തു. ആ അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുപ്പിചതിലുള്ള് പാപഫലത്തെ ഇദ്ദേഹത്തെ അനുഭവിപ്പിക്കുന്നതിനായി പരലോകത്തില്‍ ഒരുകുന്നട്ടയെ കൂട്ടീട്ടുണ്ടായിരുന്നു. ഇദ്ദേഹം മരിച്ച് അവിടെ ചെല്ലുമ്പോള്‍ ആ അട്ടയെ മുഴുവനും ഇദ്ദേഹത്തെ തീറ്റണമെന്നാണ് യമധര്‍മരാജാവ് നിശ്ചയിച്ചിരുന്നത്. ആ വിവരം ചിത്രഗുപ്തന് മനസ്സിലായി. ഈ നമ്പൂരി ദിവസംതോറും അത്താഴം കഴിഞ്ഞു കിടക്കുന്ന സമയം "ചിത്രഗുപ്തായ നമഃ" എന്നു പറഞ്ഞുംകൊണ്ടാണ് കിടക്കുക പതിവ്. അതിനാല്‍ ചിത്രഗുപ്തന്‍ ഈ നമ്പൂരി ദിവസം തോറും എന്നെ പ്രാര്‍ഥിച്ചുകൊണ്ടാണല്ലോ കിടക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും ഒരു സഹായം ചെയ്തുകൊടുക്കാതിരുന്നാല്‍ ക ഷ്ടമാണ്. അദ്ദേഹം മരിച്ചിവിടെ വരുമ്പോള്‍ ഈ അട്ടകളെയൊക്കെ തിന്നേണ്ടതായും വന്നിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് ഈ വിവരം ധരിപ്പിക്കയും ഇതിനൊരു പ്രതിവിധി പറഞ്ഞുകൊടുക്കുകയും ചെയ്യണം എന്നു വിചാരിച്ച് നിശ്ചയിച്ചു. ഉടനെ ചിത്രഗുപ്തന്‍ പ്രത്യക്ഷമായി നമ്പൂരിയുടെ അടുക്കല്‍ ചെന്നു. ചിത്രഗുപ്തനെ കണ്ടപ്പോള്‍ ഒരു സാധാരണമനുഷ്യനല്ലെന്നു തോന്നുകയാല്‍ നമ്പൂരി എണീറ്റു വന്ദിച്ച് "അല്ലയോ സ്വാമിന്‍! അവിടുന്ന് ആരാണെന്നും ഇവിടെ വന്നതെന്തിനാണെന്നും ഞാനറിയുന്നില്ല. അതിനാല്‍ അവിടുന്നരുളിച്ചെയ്താലും" എന്നു പറഞ്ഞു.

ചിത്രഗുപ്തന്‍: ഞാന്‍ചിത്രഗുപ്തനാണ്. അങ്ങ് പ്രതിദിനം കിടക്കുന്ന സമയം എന്നെ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. അങ്ങേയ്ക്കു വലിയതായിരിക്കുന്ന ഒരു ക ഷ്ടസംഭവം വരാനിരിക്കുന്നു. അതറിയാനായി ട്ടാണ് ഇപ്പോള്‍ ഞാനിവിടെ വന്നത്.

നമ്പൂരി: (വീണ്ടും വന്ദിച്ചിട്ട്) അയ്യോ! എന്താണാവോ? അവിടുന്നരുളിച്ചെയ്തു കേള്‍പ്പാന്‍ ഞാനാഗ്രഹിക്കുന്നു.

ചിത്രഗുപ്തന്‍: അങ്ങ് ഒരു ദിവസം അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുപ്പിച്ചല്ലോ. അതിനാല്‍ അങ്ങ് മരിച്ചു പരലോകത്തു വരുമ്പോള്‍ തീറ്റാനായിട്ട് അവിടെ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ട്. തക്കതായ പ്രതിവിധി എന്തെങ്കിലും ചെയ്യാത്തപക്ഷം ആ അട്ടയെ എല്ലാം അങ്ങു തിന്നേണ്ടിവരും. അവരവര്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവരവര്‍ അനുഭവിക്കാതെ നിവൃത്തിയില്ല. ഈ സംഗതിയില്‍ ഞാന്‍വിചാരിച്ചാലും അപ്പോള്‍ ഒരു സഹായവും ചെയ്യാന്‍ കഴിയുന്നതല്ല. അതിനാലാണ് മുന്‍കൂട്ടി അറിയിചത്.

നമ്പൂരി: അയ്യോ സ്വാമിന്‍! ഞാനെന്തു വേണ്ടൂ? എന്റെ അറിവില്ലായ്മകൊണ്ട് അങ്ങനെ ചെയ്തുപോയി. ഇനി അതിനെന്തു പ്രതിവിധിയാണ് ചെയ്യേണ്ടത്? അതും അവിടുന്നുതന്നെ പറഞ്ഞുതരണം. അല്ലാതെ എനിക്കൊന്നും അറിഞ്ഞുകൂടാ.

ചിത്രഗുപ്തന്‍: ആട്ടെ, ഞാനൊരു കാര്യം പറയാം. അപ്രകാരം ചെയ്താല്‍ മതി. അങ്ങയുടെ പുത്രിയും യവൗനയുക്തയുമായ ഒരു കന്യക ഇവിടെയുണ്ടലോ. ഇനി കുറചുകാലംകൂടി കഴിഞ്ഞിട്ടേ ആ കന്യകയെ വിവാഹം കഴിച്ചുകൊടുക്കാവൂ. നാളെ മുതല്‍ അങ്ങയുടെ ശുശ്രൂഷകളെലാം ആ കന്യകയെക്കൊണ്ടു ചെയിക്കണം. എന്നാല്‍ മതി. ഈ സംഗതിയൊന്നും ആരോടും പറയുകയുമരുത്.

എന്നിങ്ങനെ പറഞ്ഞ ഉടനെ ചിത്രഗുപ്തന്‍ മറയുകയും ചെയ്തു. ഈ പറഞ്ഞതുപോലെ പിറ്റേദിവസം മുതല്‍ പല്ലുതേക്കാനുള്ളതുണ്ടാക്കി ക്കൊടുക്കുക, മുറുക്കാനുണ്ടാക്കിക്കൊടുക്കുക, ചോറു വിളമ്പി ക്കൊടുക്കുക, കിടക്കാന്‍ വിരിച്ചുകൊടുക്കുക മുതലായ സകല പ്രവൃത്തികളും നമ്പൂരി തന്റെ പുത്രിയെക്കൊണ്ടു ചെയ്യിച്ചുതുടങ്ങി. ഈ വക പ്രവൃത്തികള്‍ മറ്റാരും ചെയ്വാന്‍ നമ്പൂരി സമ്മതിക്കയില്ല. പുത്രിയെക്കുറിച്ച് പതിവിലധികം സ്നേഹവും ഭാവിച്ചുതുടങ്ങി. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങള്‍ക്ക് കുറേശ്ശെ ദുഃശങ്ക തുടങ്ങി. ആളുകള്‍ അങ്ങുമിങ്ങും കുറേശ്ശെ കുശുകുശുത്തു തുടങ്ങി. എന്തിനു വളരെപ്പറയുന്നു? കുറഞ്ഞൊരു ദിവസംകൊണ്ട് നീ പറഞ്ഞതുപോലെ പരക്കെ എല്ലാവരും പറഞ്ഞുതുടങ്ങി. തന്റെ പുത്രിയെക്കുറിച്ച് ക്രമവിരോധമായ യാതൊരു വിചാരവും ആഗ്രഹവും നമ്പൂരിയുടെ മനസ്സില്‍ ഉണ്ടായിട്ടുമില്ല. വെറുതെ ഈ ശുദ്ധബ്രാഹ്മണനെക്കുറിച്ച് ദോഷാരോപണം ചെയ്യുന്നവര്‍ക്കായി പരലോകത്തില്‍ കൂട്ടിയിരുന്ന അട്ടകളെ വീതിച്ചുതുടങ്ങി. അങ്ങനെ ഓരോരുത്തര്‍ക്കു വീതിച്ചുവീതിച്ച് ഒരട്ട അവിടെ ശേഷിച്ചിട്ടുണ്ടായിരുന്നു. അതിപ്പോള്‍ നിനക്കുമായി എന്നാണ് ഞാന്‍പറഞ്ഞതിന്റെ സാരം."

ഇങ്ങനെ പാക്കനാര്‍ പറഞ്ഞുകേട്ടപ്പോള്‍ പറക്കള്ളിക്ക് പരമാര്‍ഥം മനസ്സിലാവുകയും വെറുതെ നമ്പൂരിയെ ദുഷിച്ചു പാപം സമ്പാദിച്ചതിനെ ക്കുറിച്ച് പശ്ചാത്താപം ഉണ്ടാവുകയും ചെയ്തു. ഇതുകൊണ്ട് പാക്കനാര്‍ക്ക് പരലോകകാര്യങ്ങള്‍കൂടി അറിയാമെന്ന് സ്പഷ്ടമാകുന്നു.

പിന്നെ ഒരു ദിവസം പാക്കനാര്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ബ്രാഹ്മണര്‍ പോകുന്നതു കണ്ടു. പാക്കനാര്‍ എണീറ്റു വന്ദിച്ച് "തമ്പുരാക്കന്മാര്‍ എങ്ങോട്ടാണ് എഴുന്നള്ളത്ത്?" എന്നു ചോദിച്ചു.

ബ്രാഹ്മണര്‍: ഞങ്ങള്‍ കാശിയില്‍ ഗംഗാസ്നാനത്തിന് പോവുകയാണ്.

പാക്കനാര്‍: എന്നാല്‍ അടിയന്‍ ഒരു വടികൂടി തന്നയയ്ക്കാം. അതുകൂടി ആ ഗംഗാനദിയില്‍ ഒന്നു മുക്കിക്കൊണ്ടുവന്ന് തരാമെങ്കില്‍ വലിയ ഉപകാരമായിരുന്നു.

ബ്രാഹ്മണര്‍: ഓഹോ! അതിനെന്തു വിരോധം? എന്നാല്‍ ഇതെന്തിനായിട്ടാണെന്നുകൂടി അറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്.

പാക്കനാര്‍: അതൊക്കെ തിരിയെ എഴുന്നള്ളൂമ്പോള്‍ അറിയിക്കാം."ഓഹോ! എന്നാലതു മതി" എന്നു പറഞ്ഞ് ബ്രാഹ്മണര്‍

പാക്കനാരോട് ഒരു വടിയും വാങ്ങിക്കൊണ്ടുപോയി. അവര്‍ കാശിയിലെത്തി ഗംഗയില്‍ സ്നാനത്തിനായിച്ചെന്ന സമയം പറഞ്ഞിരുന്നതുപോലെ ആ വടി ഗംഗയില്‍ മുക്കി. അപ്പോള്‍ വെള്ളത്തിന്നടിയി!ല്‍ നിന്നുകൊണ്ട് ഒരാള്‍ വലിച്ചുപിടിച്ചാലത്തെപ്പോലെ വടി വെള്ളത്തിന്നടിയിലേക്ക് താണുപോയി. അപ്പോള്‍ ബ്രാഹ്മണര്‍ക്ക് വളരെ വിഷാദമായി. "കഷ്ടം! പാക്കനാരുടെ വടി പോയല്ലോ. ഇനി തിരിച്ചുചെല്ലുമ്പോള്‍ അവനോടെന്തു പറയുന്നു? ഉണ്ടായ പരമാര്‍ഥം പറയാം. അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നൊക്കെപ്പറഞ്ഞുകൊണ്ട് എല്ലാവരും സ്നാനം കഴിച്ചു കേറി. പിന്നെ വിശ്വനാഥദര്‍ശനം മുതലായതെല്ലാം കഴിച്ചു. അവര്‍ പിന്നെയും പല പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കയും തീര്‍ഥങ്ങളില്‍ സ്നാനം ചെയുകയും പല ദേവാലയങ്ങളില്‍ ദര്‍ശനം കഴിക്കയും മറ്റും ചെയ്തു തിരിച്ചു പാക്കനാരുടെ പടിക്കല്‍ വന്നു. ഉടനെ പാക്കനാര്‍ എണീറ്റു ചെന്നു വന്ദിച്ചിട്ട് "അടിയന്റെ വടിയെവിടെ?" എന്നു ചോദിച്ചു.

ബ്രാഹ്മണര്‍: വടി പൊയ്പ്പോയല്ലോ, പാക്കനാരേ! പാക്കനാര്‍ക്ക് മുഷിച്ചില്‍ തോന്നരുത്. ഞങ്ങള്‍ക്ക് കൈമോശം വന്നുപോയതാണ്.

പാക്കനാര്‍: ആട്ടെ, എവിടെയാണതു പോയത്?

ബ്രാഹ്മണര്‍: ഞങ്ങള്‍ കാശിയിലോളം ഭദ്രമായി സൂക്ഷിച്ചു കൊണ്ടുപോയി. അവിടെക്കൊണ്ടുചെന്ന് ഗംഗയില്‍ മുക്കിയപ്പോള്‍ വെള്ളത്തില്‍ താണുപോവുകയാണ് ചെയ്തത്.

ഉടനെ പാക്കനാര്‍, "ഗംഗയിലാണോ പോയത്? എന്നാല്‍ നിവൃത്തിയുണ്ട്" എന്നു പറഞ്ഞ്, പാക്കനാരുടെ പടിക്കലുള്ള കുളത്തിന്റെ വക്കത് ചെന്ന് "വടി ഇങ്ങോട്ടു കാണട്ടെ" എന്നു പറഞ്ഞു. ഉടനെ ആ കുളത്തിലെ വെള്ളത്തില്‍നിന്ന് വടി പൊങ്ങിവരികയും പാക്കനാരെടുക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ലോകത്തില്‍ വെള്ളമായിക്കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവര്‍ക്കു ഗംഗാസ്നാനത്തിനു കാശിയില്‍ പോകണമെന്നില്ലെന്നു തങ്ങളെ ബോദ്ധ്യപ്പെടുത്താനായിട്ടാണ് പാക്കനാര്‍ വടി തന്നയച്ചതെന്ന് ബ്രാഹ്മണര്‍ക്കു മനസ്സിലായി. പിന്നെ പാക്കനാരുടെ മനഃശുദ്ധിയെയും ഭക്തിവിശ്വാസങ്ങളെയും ദിവ്യത്വത്തെയും കുറിച്ചു ശ്ലാഘിക്കയും വിസ്മയിക്കയും തങ്ങളുടെ അന്ധതയെക്കുറിച്ചു ലജ്ജിക്കയും തന്നെത്താന്‍ നിന്ദിക്കയും ചെയ്തുകൊണ്ട് ബ്രാഹ്മണര്‍ പോവുകയും ചെയ്തു.

ബ്രാഹ്മണകുലാഗ്രസരനായ ആഴുവാഞ്ചേരി തമ്പ്രാക്കള്‍ക്കു "തമ്പ്രാക്കള്‍ "എന്നുള്ള പേരു സിദ്ധിചത് ഈ പാക്കനാരില്‍നിന്നാണെന്ന് കേട്ടിട്ടുണ്ട്. തമ്പ്രാക്കള്‍ എവിടെയോ ഒരു രാജാവിന്റെ ഹിരണ്യഗര്‍ഭം കഴിഞ്ഞു കിട്ടിയ സ്വര്‍ണംകൊണ്ടുള്ള ഒരു പശുവിനെ ഭൃത്യന്മാരെക്കൊണ്ട് കെട്ടിയെടുപ്പിച്ചു കൊണ്ടുപോവുമ്പോള്‍ പാക്കനാര്‍ കണ്ടു. ഉടനെ വഴിയില്‍ച്ചെന്നു തടഞ്ഞുകൊണ്ട് "ചത്ത പശുവിന്റെ അവകാശം അടിയനാണ്. അതിനാല്‍ ഇതിനെ തന്നയയ്ക്കില്ല" എന്നു പറഞ്ഞു.

തമ്പ്രാക്കള്‍: ചത്തതല്ല. അതു ജീവനുള്ളതാണ്.

പാക്കനാര്‍: എന്നാല്‍ കെട്ടിയെടുക്കണമെന്നില്ലല്ലോ. ജീവനുള്ളതാണെങ്കില്‍ നടത്തിക്കൊണ്ടു പോകണം.

ഉടനെ തമ്പ്രാക്കള്‍ പശുവിനെ അവിടെ നിറുത്താന്‍ പറഞ്ഞു. ഭൃത്യന്മാര്‍ താഴെ നിറുത്തി, തണ്ടും, കയറും അഴിച്ചെടുത്തു മാറി നിന്നു. തമ്പ്രാക്കള്‍ കുറച്ചു പുല്ലു പറിച്ചെടുത്തു കാട്ടി പശുവിനെ വിളിച്ചുകൊണ്ടു മുമ്പെ നടന്നു. അദ്ദേഹത്തിന്റെ തപഃ ശക്തികൊണ്ട് ആ പശു അചേതനവസ്തുവായ സ്വര്‍ണമാണെങ്കിലും പിന്നാലെ നടന്നുചെന്നു. അതുകണ്ടപ്പോള്‍ പാക്കനാര്‍ ദൂരെ മാറിനിന്നു തൊഴുതുകൊണ്ട് "എല്ലാത്തമ്പ്രാക്കളും തമ്പ്രാക്കള്‍. ആഴുവാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍" എന്നു പറഞ്ഞു. അന്നുമുതല്‍ക്കാണ് തമ്പ്രാക്കളെന്നു പേരു നടപ്പായത്. ഇപ്പോഴും എല്ലാവരും അങ്ങനെയാണല്ലോ പറഞ്ഞുവരുന്നത്. തമ്പുരാക്കള്‍ എന്നു പേരുള്ളതു പറയന്‍ പറഞ്ഞപ്പോള്‍ തമ്പ്രാക്കള്‍ എന്നായതായിരിക്കാം. പാക്കനാരു പറഞ്ഞ ആ വാക്കിനെ എല്ലാവരും സ്വീകരിക്കയും ഏതത്കാലപര്യന്തം തന്നെ പറഞ്ഞുവരികയും ചെയ്യുന്നതുകൊണ്ടുതന്നെ പാക്കനാര്‍ സാമാന്യനല്ലെന്ന് തെളിവാകുന്നു.

ഇങ്ങനെ ഈ മഹാന്മാരുടെ കഥകള്‍ അവസാനമില്ലാതെയുണ്ട്. മേല്‍പ്പറഞ്ഞ അഗ്നിഹോത്രി, നാറാണത്തുഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പെരുന്തച്ചന്‍, പാക്കനാര്‍ എന്നിവരെപ്പോലെത്തന്നെ ശേഷമുള്ള വടുതല നായര്‍, കാരയ്ക്കലമ്മ, ഉപ്പുകൂറ്റന്‍, തിരുവരങ്കയത്തു പാണനാര്‍, വള്ളോന്‍,രജകന്‍ എന്നിവരും ദിവ്യന്മാരാകയാല്‍ പല അത്ഭുതകര്‍മ്മങ്ങളും ചെയ്തിട്ടുണ്ടായിരിക്കണം. എങ്കിലും ഒടുവില്‍ പറഞ്ഞ ആറുപേരുടെയും കഥകള്‍ അത്ര പ്രസിദ്ധമായി ഒന്നും കേട്ടിട്ടില്ല. അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, പാണനാര്‍, പാക്കനാര്‍ ഇവര്‍ ഇന്നിന്ന ജാതിക്കാരാണെന്ന് അവരുടെ പേരുകള്‍കൊണ്ടും ചരിത്രം കൊണ്ടും സ്പ ഷ്ടമാകുന്നു. എന്നാല്‍ ശേഷമുള്ളവര്‍ ഏതേതു ജാതിക്കാരാണെന്നറിയുന്നതിന് തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. കാരയ്ക്കലമ്മ ക്ഷത്രിയസ്ത്രീയും നാറാണത്തു ഭ്രാന്തന്‍ ഇളയതും, അകവൂര്‍ ചാത്തന്‍ വൈശ്യനും വടുതല നായര്‍ ശൂദ്രനും ഉപ്പുകൂറ്റന്‍ മാപ്പിളയും ആണെന്നു ചിലര്‍ പറയുന്നു. ഇതൊരടിസ്ഥാനമില്ലാത്ത വാക്കായതിനാല്‍ വിശ്വസിക്കാമെന്നു തോന്നുന്നില്ല.

ഇപ്രകാരംതന്നെ വരരുചിയുടെ ചരിത്രത്തിലും ചില സംശയങ്ങളുണ്ട്. മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായവയുടെ കര്‍ത്താവ് വരരുചിയല്ലെന്നും ഇദ്ദേഹം ഉണ്ടാക്കീട്ടുള്ള സൂത്രവാര്‍ത്തികങ്ങള്‍ക്കു വാക്യങ്ങളെന്നു പറയാറുള്ളതിനാല്‍ ഇങ്ങനെ ഒരു സംസാരം നടപ്പാകാനിടയായതാണെന്നും ചില വിദ്വാന്മാര്‍ക്കഭിപ്രായമുണ്ട്. ഭാഷാചരിത്രകര്‍ത്താവ് ഈ അഭിപ്രായം അറിഞ്ഞിട്ടുണ്ടെന്നുതന്നെ തോന്നുന്നില്ല.

പിന്നെ വരരുചി പറയിയായ ആ കന്യകയെ വിവാഹം ചെയ്തിരുന്നുവോ, ചെയ്തിരുന്നില്ലെങ്കില്‍ വൈശ്യം കഴിക്കാനാവശ്യപ്പെട്ടത് എന്തുകൊണ്ട്, വിവാഹം കഴിഞ്ഞിട്ടിലാത്തവര്‍ക്ക് വൈശ്യം പതിവുണ്ടോ, മുമ്പു വിവാഹം കഴിച്ചിരുന്നു എങ്കില്‍ പരദേശബ്രാഹ്മണര്‍ക്ക് രണ്ടാമത് ഒരു വിവാഹംകൂടി കഴിക്ക വിഹിതമാണോ, അങ്ങനെ നടപ്പുണ്ടോ എന്നിങ്ങനെ സംശയങ്ങളുമുണ്ട്. ഇവയെക്കുറിച്ചെലാം നിശ്ചയവും അറിവുമുള്ള മഹാന്മാര്‍ യുക്തിയുക്തമായി പ്രസ്താവിക്കുന്ന തായാല്‍ അതൊരു പരോപകാരമായിത്തീരുന്നതാണ്.