Thursday, July 21, 2011

അദ്ധ്യാത്മരാമായണം


ശ്രീവാല്മീകിമഹര്‍‌ഷിയാല്‍ ഉണ്ടാക്കപ്പെട്ട ഗായത്രീരാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം മുതലായവപോലെ ആധ്യാത്മരാമായണം ഒരു ഋഷിപ്രോക്തമായിട്ടുള്ളതല്ലെന്നാണ് വിചാരിക്കുന്നത്. ആധ്യാത്മരാമായണത്തിന്റെ കവിതാരീതിയും മറ്റും കൊണ്ട് ഇത് മറ്റുള്ള രാമായണങ്ങളോടു വളരെ വ്യത്യാസപ്പെട്ടുമാണിരിക്കുന്നത്. ഋഷിപ്രോക്തങ്ങളായിട്ടുള്ള രാമായണങ്ങളില്‍ ശ്രീരാമന്‍ വി‌ഷ്ണുഭഗവാന്റെ ഒരവതാരമാണെന്നുതന്നെയാണ് പറയുന്നതെങ്കിലും അദ്ദേഹത്തെ ഒരു നീതിമാനും ധീരോദാത്തനുമായ ഒരു രാജാവായിട്ടേ വെച്ചിട്ടുള്ളൂ. അധ്യാത്മരാമായണകര്‍ത്താവ് ശ്രീരാമനെ ഒരു ഈശ്വരനായിട്ടുതന്നെയാണ് വര്‍ണിച്ചു കഥ വിസ്തരിക്കുന്നത്. ഈ വ്യത്യാസങ്ങളെക്കൊണ്ട് അധ്യാത്മരാമായണം ഋഷിപ്രോക്തമല്ലെന്നുള്ള വാദം വാസ്തവം തന്നെയാവാം. എന്നാള്‍ ഈ ഗ്രന്ഥമുണ്ടാക്കിയതിനെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞുപോരുന്നത് താഴെ പറയുന്നു.

വി‌ഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് രാമായണം ഉണ്ടാക്കിയത്. തന്റെ രാമായണത്തില്‍ മറ്റുള്ള രാമായണങ്ങളെക്കാള്‍ ഭക്തിരസം ഉള്ളതിനാല്‍ ഇതിനെ ജനങ്ങള്‍ അധികം ആദരിക്കുകയും തന്നിമിത്തം ഇതിന് അധികം പ്രചാരം വരികയും ചെയ്യുമെന്നാണ് അദ്ദേഹം ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ, ഗ്രന്ഥം തീര്‍ന്നപ്പോള്‍ ഉണ്ടായ അനുഭവം വളരെ വ്യത്യാസപ്പെട്ടതായിരുന്നു. തന്റെ ഗ്രന്ഥം ഒന്നു നോക്കണമെന്നും പറഞ്ഞു പല യോഗ്യന്മാരേയും അദ്ദേഹം സമീപിച്ചെങ്കിലും ആരും അതിനെ ലേശം പോലും ആദിരിച്ചില്ല എന്നു മാത്രമല്ല, "ഋഷിപ്രോക്തങ്ങളായ പല രാമായണങ്ങളും ഉള്ളപ്പോള്‍ ഈ വിഡ്യാന്‍ ഇതിനായി പുറപ്പെട്ടത് അത്ഭുതം തന്നെ. ഇതാരെങ്കിലും നോക്കുമോ" എന്നും മറ്റും പറഞ്ഞു ചിലര്‍ പരിഹസിക്കാനും തുടങ്ങി. ഗ്രന്ഥത്തെ ആരും സ്വീകരിച്ചില്ലെന്നു മാത്രമല്ല, കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങളുടെ പരിഹാസം അദ്ദേഹത്തിനു സഹിക്കവഹിയാതെ ആയിത്തീരുകയും അദ്ദേഹം സ്വദേശം വിട്ടുപോവുകയും ചെയ്തു.

അങ്ങനെ അലഞ്ഞുനടന്ന് ഈ ബ്രാഹ്മണന്‍ ഒരു ദിവസം മനു‌ഷ്യസഞ്ചാരം ഇല്ലാത്തതായ ഒരു കൊടുങ്കാട്ടില്‍ ചെന്നുചേര്‍ന്നു. നേരവും വൈകി. മനു‌ഷ്യാധിവാസമുള്ള സ്ഥലത്ത് എത്തുന്നതിന് അവിടെ നിന്നും വളരെ ദൂരമുള്ളതിനാല്‍ ആ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടുകയെന്നു തീര്‍ച്ചപ്പെടുത്തി. ആ വനാന്തരങ്ങളില്‍ക്കൂടിയുള്ള ഊടുവഴിയുടെ അടുക്കലായിട്ട് ഒരു കുളവും ആല്‍ത്തറയും കണ്ടു. കുളത്തിലിറങ്ങി കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ച് ആ ആല്‍ത്തറയില്‍ തന്റെ രാമായണഗ്രന്ഥവും തലയ്ക്കുവെച്ചു കിടന്നു. വിശപ്പും ദാഹവും വഴി നടന്നിട്ടുള്ള ക്ഷീണവും എല്ലാംകൂടി കിടന്ന ഉടനെ അദ്ദേഹം ഉറങ്ങിത്തുടങ്ങുകയും ചെയ്തു.

പാതിരാത്രി കഴിഞ്ഞപ്പോള്‍ അവിടെ തേജോമയനായ ഒരു ദിവ്യപുരുഷന്‍ പ്രത്യക്ഷപ്പെട്ട് "ആരാണിവിടെ വന്നു കിടക്കുന്നത്?" എന്നു ചോദിച്ചു. ഉടനെ ബ്രാഹ്മണന്‍ എണീറ്റിരുന്നു. അതിന്റെ ശേ‌ഷം താഴെ വരുന്നപ്രകാരം അവര്‍ സംഭാ‌ഷണം തുടങ്ങി.

ദിവ്യന്‍: ഹേ! അങ്ങാരാണ്? ഇവിടെ വന്നു കിടക്കുന്നതെന്തിനായിട്ടാണ്?

ബ്രാഹ്മണന്‍: ഞാന്‍ ഒരു ബ്രാഹ്മണനാണ്. ഓരോരോ ദേശങ്ങളില്‍ സഞ്ചരിച്ച് ഇന്നു ദൈവഗത്യാ ഇവിടെ വന്നുചേര്‍ന്നു. മനു‌ഷ്യരുള്ള ദിക്കില്‍ എത്തുന്നതിനു നേരം മതിയാകാതെ വന്നതിനാല്‍ ഇവിടെത്തന്നെ കിടന്നു എന്നേ ഉള്ളൂ.

ദിവ്യന്‍: അങ്ങയുടെ അടുക്കല്‍ ഇരിക്കുന്ന ഗ്രന്ഥം ഏതാണ്?

ബ്രാഹ്മണന്‍: അതു ഞാന്‍ പറഞ്ഞാല്‍ അവിടുന്ന് എന്നെ പരിഹസിക്കും. അതുകൊണ്ട് ഞാന്‍പറയുകയില്ല.

ദിവ്യന്‍: ഐഃ, അതൊന്നുമില്ല, കേള്‍ക്കട്ടെ. പറയൂ.

ഇപ്രകാരം ആ ദിവ്യപുരു‌ഷന്റെ വാക്കു കേട്ടിട്ടു ബ്രാഹ്മണന്‍ ആ ഗ്രന്ഥം ഇന്നതാണെന്നും അതുനിമിത്തം തനിക്കുണ്ടായ ആക്ഷേപങ്ങളും എലാം പറഞ്ഞുകേള്‍പ്പിചു. ഉടനെ ആ ദിവ്യപുരുഷന്‍ ബ്രഹ്മണനോടു പറഞ്ഞു.

"ഇതിനെക്കുറിച്ച് അവിടുന്ന് ഒട്ടും വ്യസനിക്കേണ്ട. ഞാന്‍ഒരു കശൗലം പറഞ്ഞുതരാം. അതുപോലെ ചെയ്താല്‍ അങ്ങയുടെ ഈ ഗ്രന്ഥത്തെ എല്ലാവരും ആദരിക്കുന്നതിനും തന്നിമിത്തം ഗ്രന്ഥത്തിനു പ്രചാരം സിദ്ധിക്കുന്നതിനും ഇടവരും. എന്തെന്നാല്‍ ഈ വരുന്ന ശിവരാത്രിനാള്‍ അങ്ങ് ഈ ഗ്രന്ഥവുംകൊണ്ട് ഗോകര്‍ണ്ണത്തു പോകണം. നേരം വൈകാറാകുമ്പോള്‍ കിഴക്കേ നടയില്‍ പോയി നിന്നാല്‍ അസംഖ്യം ജനങ്ങള്‍ വരുന്ന കൂട്ടത്തില്‍ തോജോമയനായ ഒരു ബ്രാഹ്മണന്‍ വരുന്നതുകാണാം. അദ്ദേഹത്തിന്റെ പിന്നാലെ നാലു പട്ടികള്‍ കൂടെ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ കൈയില്‍ ഈ ഗ്രന്ഥം കൊണ്ടുചെന്നു കൊടുത്തു വിവരം പറയണം. എന്നാല്‍ അദ്ദേഹം ഇതിലേക്കു നിവൃത്തിയുണ്ടാക്കിത്തരും. ഇതാരു പറഞ്ഞുതന്നു എന്നു ചോദിച്ചാല്‍ ഒന്നും പറയുകയുമരുത്." ഇപ്രകാരം പറഞ്ഞ് ആ ദിവ്യപുരുഷന്‍ ഉടനെ അന്തര്‍ദ്ധാനം ചെയ്തു.

ഈ ഉപദേശം കേട്ട് ആ ബ്രാഹ്മണന് ഏറ്റവും സന്തോ‌ഷമായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. അരുണോദയമായപ്പോള്‍ അവിടെനിന്നു പുറപ്പെട്ടു. പിന്നെ ഓരോരോ ദേശങ്ങളില്‍ സഞ്ചരിച്ച് ക്രമേണ ശിവരാത്രി ആയപ്പോഴേക്കും ഗോകര്‍ണ്ണത്തു ചെന്നുചേര്‍ന്നു. നേരം വൈകാറായപ്പോള്‍ മുമ്പ് ആ ദിവ്യപുരുഷന്‍ പറഞ്ഞിരുന്നതുപോലെ ഒരു ബ്രാഹ്മണന്‍ വരുന്നത് കണ്ട്, ഗ്രന്ഥം അദ്ദേഹത്തിന്റെ കൈയില്‍ കൊണ്ടുചെന്നു കൊടുത്തു വിവരമെല്ലാം പറഞ്ഞു. ആ ബ്രാഹ്മണന്‍, "ഇത് എന്റെ കൈയില്‍ കൊണ്ടുതരുന്നതിന് അങ്ങോടാരാണ് പറഞ്ഞത്?" എന്നു ചോദിച്ചു. ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണന്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ ആ ബ്രാഹ്മണന്‍ "ആട്ടെ ഇപ്പോള്‍ പറയണമെന്നില്ല, കാര്യമൊക്കെ എനിക്കു മനസ്സിലായി. അങ്ങയ്ക്ക് ഈ ഉപായം പറഞ്ഞുതന്ന ആള്‍ ഒരു ഗന്ധര്‍വനാണ്. അവന്‍ ഇപ്രകാരം വ്യാജോപദേശം ചെയ്തതിനാല്‍ ഞാന്‍ അവനെ ശപിക്കുന്നു. അവന്‍ ഒരു ശൂദ്രനായി ഭൂമിയിങ്കല്‍ ജനിക്കാന്‍ സംഗതി വരട്ടെ." ഇപ്രകാരം ശപിച്ചതിനു ശേ‌ഷം കൈയിലുണ്ടായിരുന്ന കമണ്ഡലുവിങ്കല്‍ നിന്നു കുറെ വെള്ളമെടുത്തു ഗ്രന്ഥത്തിന്മേല്‍ തളിച്ചു ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണന്റെ കയ്യില്‍ കൊടുത്തിട്ട് "ഇനി ഈ ഗ്രന്ഥം നിമിത്തം അങ്ങയ്ക്കു വളരെ ബഹുമാനം ഉണ്ടാകുന്നതിനും സംഗതിയാകും" എന്നു പറഞ്ഞു ക്ഷേത്രത്തിലേക്കു കടന്നുപോവുകയും ചെയ്തു.

അതിന്റെ ശേ‌ഷം അധ്യാത്മരാമായണത്തെ എല്ലാവരും ആദരിച്ച് പാരായണത്തിന് ഉപയോഗപ്പെടുത്തിത്തുടങ്ങുകയും ഋഷിപ്രോക്തങ്ങളായ രാമായണങ്ങളെക്കാള്‍ അതിനു പ്രചാരം സിദ്ധിക്കുകയും ചെയ്തു.

അധ്യാത്മരാമായണകര്‍ത്താവായ ബ്രാഹ്മണന് ആ ഉപായം പറഞ്ഞുകൊടുത്ത ഗന്ധര്‍വനാണ് പിന്നെ ശൂദ്രനായി ഭൂമിയിങ്കല്‍ "തുഞ്ചത്തെഴുത്തച്ഛന്‍" എന്നുള്ള നാമധേയത്തോടുകൂടി അവതരിചത്.എഴുത്തച്ഛന് അധ്യാത്മരാമായണത്തോടു മറ്റുള്ള രാമായണങ്ങളേ ക്കാളധികം പ്രതിപത്തി ഉണ്ടാകുന്നതിനും തന്റെ കിളിപ്പാട്ടുതര്‍ജമയ്ക്ക് ഈ മൂലത്തെ സ്വീകരിക്കുന്നതിനും ഉള്ള കാരണവും മേല്പറഞ്ഞപ്രകാരം അദ്ദേഹത്തിനോടുള്ള പൂര്‍വസംബന്ധമാകുന്നു.

ഗോകര്‍ണ്ണത്തു ശിവരാത്രിനാള്‍ നാലു പട്ടികളോടുകൂടി വന്ന ആ ബ്രാഹ്മണന്‍ സാക്ഷാല്‍ വേദവ്യാസനായിരുന്നു. ആ നാലു പട്ടികള്‍ നാലു വേദങ്ങളും ആയിരുന്നു. അധ്യാത്മരാമായണം മൂലം ഉണ്ടാക്കിയത് സാക്ഷാല്‍ വരരുചിയാണെന്നു ചിലര്‍ പറയുന്നുണ്ട്.



*ഋഷിപ്രോക്തം : ഋഷിമാർ പറഞ്ഞു തന്നത്.

No comments: