Thursday, August 18, 2011

തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും


പ്രസിദ്ധനായ തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷ് മലയാളത്തിലാണ്. ഇദ്ദേഹം നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്ക് പ്രശ്നം പറയുന്നതിന് ഒരു വിശേഷവാസന ബാല്യത്തില്‍ത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ബ്രഹ്മചാരിയായി വേദാദ്ധ്യായം ചെയ്തു താമസിക്കുന്ന കാലത്ത് അനധ്യായദിവസങ്ങളില്‍ തന്റെ സഹപാഠികളുമൊരുമിച്ച് കളിക്കുമ്പോള്‍ ഓരോരുത്തര്‍ ഓരോ നേരമ്പോക്കുകള്‍ കാണിക്കുന്ന ശേഖരത്തില്‍ ഇദ്ദേഹം പ്രശ്നംവച്ചു ഫലം പറയുകയാണ് പതിവ്. ആ പതിവിന്‍പ്രകാരം ഒരു ദിവസം ഓതിക്കോന്‍ പുറത്തെവിടെയോ ഇറങ്ങിപ്പോയിരുന്ന സമയം ബ്രാഹ്മണക്കുട്ടികള്‍ എല്ലാവരുംകൂടി ഓരോ കളികള്‍ തുടങ്ങി. ഭട്ടതിരി കവിടിക്കു പകരം കുറെ ചെറിയ പാറക്കല്ലുകള്‍ പെറുക്കിയെടുത്തു പ്രശ്നം വയ്ക്കാനും തുടങ്ങി. അപ്പോഴേക്കും ശേഷമെല്ലാവരും പ്രശ്നം കേള്‍ക്കാനായി ചുറ്റും ചെന്നുകൂടി. അപ്പോള്‍ ഒരു ഉണ്ണിനമ്പൂരി "ആട്ടെ, നമ്മുടെ ഓതിക്കോന് ഉണ്ണിയുണ്ടാകാതെ ഇരിക്കുന്നതിന്റെ കാരണമെന്താണെന്ന് ഒന്നു വാരിവെച്ചുനോക്കിയാല്‍ കൊള്ളാം" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി പ്രശ്നംവയ്ക്കുന്ന ഭാവങ്ങളൊക്കെ കാണിച്ചിട്ട് "ബാലശാപംകൊണ്ടാണ്" എന്നു പറഞ്ഞു. അപ്പോള്‍ മറ്റൊരാള്‍ "അതിനു പ്രതിവിധികൂടി അറിഞ്ഞാല്‍ കൊള്ളാം" എന്നു പറഞ്ഞു.ഭട്ടതിരി ഒന്നുകൂടി വാരിവച്ചു വിചാരിച്ചിട്ട് "പഞ്ചസാരപ്പായസമുണ്ടാക്കി ഒരു സംവത്സരം മുടങ്ങാതെ ദിവസംതോറും ബ്രാഹ്മണകുട്ടികള്‍ക്കു ധാരാളമായി കൊടുക്കുകയും മേലാല്‍ കുട്ടികളെ അടിക്കാതിരിക്കയും ചെയ്താല്‍ ഉണ്ണിയുണ്ടാകും" എന്നു പറഞ്ഞു. ഭട്ടതിരിയുടെ പ്രശ്നമാരംഭിച്ചപ്പോഴേക്കും ഓതിക്കോന്‍മ്പൂരി തിരിച്ചുവന്നു. ഇവരുടെ കളി എന്തെല്ലാമാണെന്നറിയുന്നതിനായി ഒളിച്ചിരുന്നതിനാല്‍ പ്രശ്നവും പ്രതിവിധിയും എല്ലാം കേട്ടു മനസ്സിലാക്കി. പിന്നെയും


അവിടെനിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി. ഒന്നും അറിയാത്ത ഭാവത്തില്‍ വീണ്ടും എല്ലാവരും കാണത്തക്കവിധത്തില്‍ തിരിച്ചുവന്നു. ഓതിക്കോന്‍നമ്പൂതിരി വരുന്നതുകണ്ട് എല്ലാവരും കളി നിര്‍ത്തി അവരവര്‍ക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിപ്പായി. ഓതിക്കോന്‍നമ്പൂരി പതിവുപോലെ അല്ലാതെ ഒന്നും ഭാവിക്കയും പറകയും ചെയ്തുമില്ല. എങ്കിലും അദ്ദേഹം കുട്ടികളെ കഠിനമായി അടിക്കാറുള്ളതിനാല്‍ ഭട്ടതിരിയുടെ പ്രശ്നം വാസ്തവമായിരിക്കുമോ എന്നു സംശയം തോന്നുകയാല്‍ പിറ്റേദിവസം മുതല്‍ പഞ്ചസാരപ്പായസമുണ്ടാക്കി, തന്റെ ശിഷ്യന്‍മാരായ ബ്രാഹ്മണ കുട്ടികള്‍ക്കു ധാരാളമായി കൊടുത്തു തുടങ്ങി. കുട്ടികളെ അടിക്കാതെ യുമായി. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോഴേക്കും ഓതിക്കോന്‍ നമ്പൂരിക്ക് ഉണ്ണിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിനു വളരെ സന്തോഷം തോന്നുകയാല്‍ ഭട്ടതിരിയെ വിളിച്ച് "ഉണ്ണീ നീ ജ്യോതിശ്ശാസ്ത്രം പഠിക്കണം. നീ നല്ല പ്രശ്നക്കാരനായിത്തീരും" എന്നു തലയില്‍തൊട്ട് അനുഗ്രഹിച്ചു.


ഗുരുനാഥന്റെ ഈ അനുഗ്രഹത്തെ സഫലീകരിക്കണമെന്നു വിചാരിച്ച് ഭട്ടതിരി വേദാധ്യയനം കഴിഞ്ഞയുടനെതന്നെ ജ്യോതിശ്ശാസ്ത്രം പഠിക്കാനാഭിച്ചു. അതോടുകൂടി കാവ്യനാടകാലങ്കാരങ്ങളും ശബ്ദശാസ്ത്രങ്ങളും അഭ്യസിച്ചുതുടങ്ങി. സമാവര്‍ത്തനം കഴിഞ്ഞ് ഏകദേശം യവൗനമായപ്പോഴേക്കും ഭട്ടതിരി അതിവിദ്വാനും ഒരു നല്ല ജ്യോത്സ്യനുമായിത്തീര്‍ന്നു.


തദനന്തരം ഭട്ടതിരി വിവാഹം ചെയ്തു ഗൃഹസ്ഥനായി താമസിക്കുന്ന കാലത്ത് ഒരു പുത്രനുണ്ടായി. പുത്രന്റെ ജാതകം അദ്ദേഹം വളരെ സൂക്ഷ്മമായി ഗണിച്ചെഴുതുകയും ആയൂര്‍ബലം വളരെയുള്ളതായി കാണപ്പെടുകയും ചെയ്തു. എങ്കിലും ആണ്ടുതികയുന്നതിനുമുമ്പുതന്നെ ആ ശിശു മരിച്ചുപോയി. അപ്പോള്‍ ഭട്ടതിരിക്കു വ്യസനമുണ്ടായി എന്നു മാത്രമല്ല, ജ്യോതിശ്ശാസ്ത്രം വിശ്വാസയോഗ്യമല്ലായിരിക്കുമോ എന്നൊരു ശങ്കയും ജനിച്ചു. ഉടനെ ഈ സംശയം തീര്‍ക്കുന്നതിനായി മൃതജാതകവുംകൊണ്ട് പരദേശത്തു തഞ്ചന്നൂരില്‍ ആള്‍വാര്‍ എന്നു പ്രസിദ്ധനായ മഹാന്റെ അടുക്കലേക്കു പുറപ്പെട്ടു. ഭട്ടതിരി അവിടെ എത്താറായപ്പോള്‍ ചില ലക്ഷണങ്ങള്‍കൊണ്ട് ഇദ്ദേഹത്തിന്റെ ആഗമനം ആള്‍വാര്‍ക്കു മനസ്സിലാവുകയാല്‍ തന്റെ ശിഷ്യരോട് "ഒരു മൃതജാതകവുംകൊണ്ട് ഒരു മലയാളബ്രാഹ്മണന്‍ ഇവിടെ വരും. അദ്ദേഹം വന്നാല്‍ ആ മൃതജാതകം പുറത്തുവെച്ചുംവെച്ച് ഇവിടെ കയറി ഇരിക്കാന്‍ പറയണം" എന്നു പറഞ്ഞിട്ട് നിത്യകര്‍മ്മാനുഷ്ഠാനാദികള്‍ക്കായിപ്പോയി. ഭട്ടതിരി അവിടെ എത്തിയ ഉടനെ ഗുരുനാഥന്റെ കല്പനയെ ശിഷ്യര്‍ ഭട്ടതിരിയെ അറിയിക്കുകയും ആള്‍വാരുടെ യോഗ്യതയില്‍ വിസ്മയാകുലനായി ഭട്ടതിരി മൃതജാതകം ദൂരെക്കളഞ്ഞു ഗൃഹത്തിനുള്ളില്‍ പ്രവേശിച്ചിരിക്കയും ചെയ്തു.


കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആള്‍വാര്‍ വന്നു. തമ്മില്‍ സംസാരിച്ചു ഭട്ടതിരിക്കുണ്ടായ സംശയം തീര്‍ത്തു. ജ്യോതിശ്ശാസ്ത്രം ഒരിക്കലും അബദ്ധമായി വരുന്നതല്ലെന്നും ജ്യോത്സ്യന്‍മാര്‍ക്ക് ഇഷ്ടദേവതയെ ഉപാസനയും മന്ത്രസിദ്ധിയും ഇല്ലാതെയിരുന്നാല്‍ അതിന്റെ ഫലം ശരിയായി കണ്ടില്ലെന്നു വന്നുപോകാമെന്നേ ഉള്ളൂ എന്നും ആള്‍വാര്‍ പറകയാല്‍ താന്‍ എഴുതിയ ജാതകം തെറ്റിപ്പോയത് തനിക്കു ദേവതോപാസനയും മന്ത്രസിദ്ധിയും ഇല്ലാഞ്ഞിട്ടാണെന്നു മനസ്സിലാക്കി ഭട്ടതിരി തിരിച്ചുപൊരികയും ചെയ്തു.


ഭട്ടതിരി തിരിച്ചുവരുംവഴിതന്നെ തൃശ്ശിപേരൂര്‍ വടക്കുംനാഥനെ ഭജിച്ചുംകൊണ്ട് ഒരു വിശിഷ്ടമന്ത്രം അക്ഷരസംഖ്യ കഴിച്ചു താമസിച്ചു. അക്കാലത്ത് അവിടെ ദേവനു ചാര്‍ത്തിയിരുന്ന ഒരു തൃക്കണ്ണു മോഷണം പോവുകയും അനേകം പ്രശ്നക്കാരെ വരുത്തി പ്രശ്നംവെപ്പിച്ചു നോക്കിക്കുകയും ചെയ്തു. പ്രശ്നക്കാര്‍ മോഷ്ടാവിന്റെ നിറം കറുത്താണെന്നും നാമാക്ഷരങ്ങള്‍ രണ്ടുമാത്രമേ ഉള്ളൂ എന്നും അവയില്‍ ആദ്യത്തേ തു ക എന്നും രണ്ടാമത്തെതു ക്ക എന്നും ആണെന്നും വിധിച്ചു. അതിനാല്‍ ക്ഷേത്രസംബന്ധികളില്‍ ഒരുവനും കറമ്പനുമായ കാക്കു എന്നൊരുവനെ പിടികൂടി ബന്ധനത്തിലാക്കി ദിവസംതോറും ഓരോ വിധത്തില്‍ ഹേമദണ്ഡങള്‍ ചെയ്തു തുടങ്ങി. എങ്കിലും യാതൊരു തെളിവും ഉണ്ടായില്ല. ഭട്ടതിരി ഭജനം കഴിഞ്ഞല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്തിരുന്നതിനാലും അക്കാലത്തു മനൗവ്രതമായിരുന്നതുകൊണ്ടും അദ്ദേഹത്തെക്കൊണ്ടു പ്രശ്നംവയ്പ്പി ക്കുന്നതിനു തരമില്ലായിരുന്നു.
ഭജനം കാലംകൂടിയതിന്റെ ശേഷം ഭട്ടതിരിയെക്കൊണ്ടു പ്രശ്നം

വെപ്പിക്കയും തൃക്കണ്ണു കൊണ്ടുപോയത് ഒരു കാക്കയാണെന്നും വടക്കുമാറി ഒരു തെങ്ങിന്റെ മുകളില്‍ കൊണ്ടുപോയി വെച്ചിട്ടുണ്ടെന്നും വിധിക്കുകയും അപ്രകാരം മോഷണദ്രവ്യം കിട്ടുകയും ചെയ്തു. അതിനാല്‍ കൊച്ചിമഹാരാജാവു സന്തോഷിച്ചു ഭട്ടതിരിക്ക് അനേകം ബിരുദങ്ങള്‍ കല്പിച്ചുകൊടുത്തു. അതിന്റെ ശേഷം ഭട്ടതിരി


തിരുവിതാംകൂര്‍ മഹാരാജാവുതിരുമനസ്സിലെ സന്നിധിയിലും പല പ്രശ്നങ്ങള്‍ പറകയും ജാതകങ്ങള്‍ എഴുതിക്കൊടുക്കുകയും എല്ലാം ശരിയായി ഒത്തുവരികയാല്‍ അനേക സമ്മാനങ്ങള്‍ വാങ്ങുകയും ഉണ്ടായിട്ടുണ്ട്.


ഭട്ടതിരി തിരുവനന്തപുരത്തു ചെന്ന് താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിയോട് "ഞാന്‍നാളെ പത്മനഭസ്വാമിക്ഷേത്രത്തില്‍ തൊഴാന്‍ പോകുമ്പോള്‍ മതില്‍ക്കകത്തേക്കു കടക്കുന്നത് എതിലേകൂടിയായിരിക്കും?" എന്നു കല്പിചു ചോദിചു. അതിനു മറുപടി യായി ഭട്ടതിരി, "അതെനിക്കറിയാം. എങ്കിലും ഇപ്പോള്‍ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോള്‍ അറിയിച്ചതു വാസ്തവമാണെന്ന് അവിടേക്കു ബോധപ്പെടും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കക ത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തില്‍ക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തില്‍ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ട് "ഇന്നു ഞാന്‍ ഇതിലേയാണ് മതില്ക്കകത്തേക്ക് പോകാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മതില്‍ വെട്ടിപ്പൊളിക്കട്ടെ" എന്നു കല്പിചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതില്‍ വെട്ടിപ്പൊളിചുതുടങ്ങി. മതിലിന്റെ കല്ലുകള്‍ കുറെ പൊളിച്ചപ്പോള്‍ ഒരു കല്ലിന്റെ ഇടയില്‍ ഒരോലത്തുണ്ട് ഇരിക്കുന്നതു കണ്ടു. ഉടനെ "അതെന്താണ്? കാണട്ടെ" എന്നു കല്പിചു. കൂടെയുണ്ടായിരുന്ന ഹരിക്കാരന്‍ ഓലക്കഷ്ണമെടുത്തു തൃക്കൈയില്‍ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോള്‍ അതില്‍ ഭട്ടതിരി സ്വന്തം കൈയക്ഷരത്തില്‍ "ഇതിലേ എഴുന്നള്ളും" എന്ന് എഴുതിയിരിക്കുന്നതായി കണ്ടു.

തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോള്‍ അടുക്കല്‍തന്നെ ഉണ്ടായിരുന്നതിനാല്‍ തിരുമനസ്സുകൊണ്ട് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്ക് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ട് ഇവിടെ ഒരു വാതില്‍ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതില്‍ വെപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ "ചെമ്പകത്തിന്‍മൂട്ടില്‍ നട" എന്നു പറഞ്ഞുവരുന്ന വാതില്‍ ഇപ്രകാരമുണ്ടായിട്ടുള്ളതാണ്. മഹാരജാക്കന്‍മാര്‍ മതില്ക്കകത്തേക്ക് ഇപ്പോഴും അതിലേയാണ് എഴുന്നള്ളുക പതിവ്. ഇങ്ങനെ പല കാരണവശാല്‍ തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിക്ക് പല സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെ കോഴിക്കോട്, ചിറയ്ക്കല്‍ മുതലായ രാജസന്നിധികളില്‍നിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങള്‍ക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.


ഭട്ടതിരിയുടെയും പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരുടെയും ജീവിതകാലം ഒന്നായിരുന്നു എന്നാണ് സൂക്ഷ്മാന്വേഷികളായിട്ടുള്ളവര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. സ്വാമികളുടെ ജീവിതകാലം കൊല്ലവര്‍ഷം മുന്നൂറ്റിയമ്പതിനും നാന്നൂറ്റിഅമ്പതിനും മധ്യേ ആയിരുന്നു എന്നു പല ലക്ഷ്യങ്ങള്‍ ഉള്ളതും ഭട്ടതിരി പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുള്ള "രക്ഷേല്‍ ഗോവിന്ദമര്‍ക്ക" എന്നുള്ള കലിസംഖ്യ ഈ കാലത്തോട് അടുത്തിരിക്കു ന്നതുകൊണ്ടും മേല്പറഞ്ഞതുപോലെ ഇവര്‍ രണ്ടുപേരും ഒരു കാലത്തു ഊഹിക്കാം.

ഈ സംഗതിയെ ജീവിച്ചിരുന്നവരാണെന്നുതന്നെ ബലപ്പെടുത്തുന്നതായി ഒരു കഥ കേട്ടിട്ടുള്ളതുകൂടി ഇവിടെ പറഞ്ഞു കൊള്ളുന്നു.


വില്വമംഗലത്തുസ്വാമിയാര്‍ക്ക് അതികഠിനാമായി ഒരു വയറ്റുവേദന ഉണ്ടായിരുന്നു. അദ്ദേഹം അതിന്റെ ദുസ്സഹത്വം നിമിത്തം ഇതിനെന്തു വേണ്ടൂ എന്നു ശ്രീകൃഷ്ണസ്വാമിയുടെ അടുക്കല്‍ പല പ്രാവശ്യം ചോദിച്ചിട്ടും ഒന്നും മറുപടി അരുളിച്ചെയ്തില്ല (സ്വാമിയാര്‍ക്കു ശ്രീകൃഷ്ണന്‍ പ്രത്യക്ഷനാണെന്നു പ്രസിദ്ധമാണല്ലോ). അതിനാല്‍ സ്വാമിയാര്‍ തന്റെ പ്രിയ വയസ്യനും ദക്ഷിണാമൂര്‍ത്തി ഭക്തമണിയുമായ "ശിവാങ്ങള്‍" എന്ന യോഗീശ്വരനോട് ഈ വിവരം പറഞ്ഞു. ആ യോഗീശ്വരന്‍ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാര്‍ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം സ്വാമിയാര്‍ തന്റെ ദീനം ഭേദമായ വിവരം ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷമായപ്പോള്‍ അറിയിചു. "ഈ ജന്മംകൊണ്ട് തീര്‍ന്നോട്ടെ എന്നാണ് ഞാന്‍വിചാരിചത്. അത് മൂന്ന് ജന്മം കൂടെ ആക്കിത്തീര്‍ത്തു" എന്ന് ഭഗവാന്‍ അരുളിച്ചെയ്ത് ഉടനെ മറയുകയും ചെയ്തു. ഇതു കേട്ടപ്പോള്‍ സ്വാമിയാര്‍ക്ക് വ്യസനമായി.

ഇനിയത്തെ ജന്മങ്ങളില്‍ താന്‍ ആരായിരിക്കുമെന്ന് അറിയുന്നതിനായി ഉടനെ തലക്കുളത്തൂര്‍ ഭട്ടതിരിയെ വരുത്തി വിചാരിപ്പിച്ചുനോക്കി. അപ്പോള്‍ ഭട്ടതിരി "ഇനി അവിടേക്കു ചേരപ്പാമ്പ്, കാള, തുളസി ഇങ്ങനെയാണ് മൂന്നു ജന്മങ്ങള്‍ ഉള്ളത്. ആ മൂന്നു ജന്മങ്ങളിലും മനുഷ്യനായിട്ടു ഞാനും ജനിക്കും. അവിടേക്ക് അന്ന് ഓരോ ആപത്തുകള്‍ സംഭവിക്കുകയും അപ്പോള്‍ രക്ഷിക്കുന്നതിനു ഞാന്‍ അടുക്കല്‍ ഉണ്ടായിരിക്കുകയും ചെയ്യും. തുളസിയായിട്ടുള്ള മൂന്നാമത്തെ ജന്മത്തില്‍ അവിടേക്കു സായൂജ്യം കിട്ടുകയും ചെയും. പിന്നെ സംസാരദുഃഖം അനുഭവിക്കേണ്ടല്ലോ" എന്നു പറഞ്ഞു.
(ഭട്ടതിരി പറഞ്ഞതുപോലെതന്നെ സ്വാമിയാര്‍ക്കു പിന്നെ മൂന്നു

ജന്മങ്ങള്‍കൂടി ഉണ്ടായി എന്നും, അപ്പോള്‍ മനുഷ്യജന്മത്തോടുകൂടി ഭട്ടതിരിയും ഉണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു. സ്വാമിയാര്‍ മൂന്നാമത്തെ ജന്മത്തില്‍ തുളസിയായി ജനിച്ചത് ഒരു വിഷ്ണുക്ഷേത്രത്തില്‍ ശ്രീകോവിലില്‍നിന്നു തീര്‍ഥമൊലിച്ചുവീഴുന്ന ഓവിങ്കലായിരുന്നു. ഒരു ദിവസം ശാന്തിക്കാരന്‍ കുളിച്ചുവന്ന് അഭിഷേകം കഴിഞ്ഞ് ചന്ദനവും പൂവും ചാര്‍ത്താനായി ഭാവിച്ചപ്പോള്‍ തുളസി കാണായ്കയാല്‍ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി. അപ്പോള്‍ ഓവിങ്കല്‍ ഏറ്റവും ചെറുതായി ഒരു തുളസി നില്‍ക്കുന്നതുകണ്ട് അതിന്റെ ഒരില എടുക്കാനായി ചെന്നു പറിച്ചപ്പോള്‍ അത് വേരോടുകൂടി പറഞ്ഞുപോന്നു. അതു കണ്ട് മണ്ഡപത്തില്‍ ജപിചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണന്‍ "അതു മുഴുവനും ബിംബത്തില്‍ ചാര്‍ത്തിയേക്കണം" എന്നു പറയുകയും ശാന്തിക്കാരന്‍ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോടുകൂടി ചേര്‍ന്നുപോവുകയും ചെയ്തു. ആ തുളസി സ്വാമിയാരായിരുന്നു എന്നും ജപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണന്‍ ഭട്ടതിരി ആയിരുന്നു എന്നും പറയേണ്ടതില്ലല്ലോ).

ജന്മാന്തരങ്ങളെക്കുറിച്ച് ഭട്ടതിരി പറഞ്ഞതുകേട്ടപ്പോള്‍ സ്വാമിയാരുടെ മനസ്സിലെ വ്യസനം അല്പം ശാന്തമായി. ഭട്ടതിരിയെ യഥാക്രമം ബഹുമാനിച്ചു സ്വഗൃഹത്തിലേക്ക് അയയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ജാതകംതന്നെ സ്വയമേവ ഒന്നു ഗണിച്ചുനോക്കണമെന്നു നിശ്ചയിച്ചു. ഗണിച്ചുനോക്കിയപ്പോള്‍ ഇന്നപ്പോള്‍ തനിക്ക് ജാതിഭ്രംശം സംഭവിക്കുമെന്നായിക്കണ്ടു. ജാതകമെല്ലാം എഴുതി കുറ്റം തീര്‍ത്തു സൂക്ഷിച്ചു എങ്കിലും തനിക്കു വരാനിരിക്കുന്ന അധഃപതനത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല.


അതിന്റെശേഷം കുറഞ്ഞോരുകാലം കഴിഞ്ഞപ്പോള്‍ ഏറ്റവും ദരിദ്രനും സമീപസ്ഥനുമായ ഒരു ബ്രാഹ്മണന്‍ ദാരിദ്യദുഃഖം സഹിക്കവഹിയാതെയായിട്ടു. ഭട്ടതിരിയുടെ അടുക്കല്‍ വന്നു ചോദിച്ചു: "ഹേ! അവിടുന്നു പലരോടും പല സംഗതിക്കും പ്രശ്നം പറയുന്നുണ്ടല്ലോ; ഒന്നും തെറ്റുന്നുമില്ല. എന്നാല്‍ എനിക്ക് ഈ ദാരിദ്യ്രദുഃഖം തീര്‍ന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാന്‍ സംഗതി വരുമോ? ഇതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു പറഞ്ഞാല്‍ കൊള്ളാം. ഞാന്‍ ഇതിലധികം വലയേണ്ടതില്ല" ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കു കേട്ട് ആര്‍ദ്രമാനസനായി ഭവിച്ച ഭട്ടതിരി കുറഞ്ഞോരു നേരം കണ്ണടച്ചു വിചാരിച്ചതിന്റെ ശേഷം പറഞ്ഞു, "അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങയുടെ ദാരിദ്യ്രം അശേഷം തീരുന്നതിനുള്ള കാലം അടുത്തിരിക്കുന്നു. ഞാന്‍ ഒരു ഉപായം പറഞ്ഞുതരാം. അതുപോലെ പ്രവര്‍ത്തിച്ചാല്‍ മതി. എന്തെന്നാല്‍, ഈ വരുന്ന ദ്വാദശിനാള്‍ അര്‍ധരാത്രി ആകുമ്പോള്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിങ്കല്‍ പോയി നില്‍ക്കണം. അപ്പോള്‍ അതിലെ രണ്ടു ബ്രാഹ്മണര്‍ വരും. അവരുടെ പിന്നാലെ കൂടിക്കൊള്ളണം. എന്തു പറഞ്ഞാലും ഒഴിച്ചുപോകരുത്. അവര്‍ അങ്ങേ കബളിപ്പിച്ചു പോകാന്‍ കഴിയുന്നതും ശ്രമിക്കും. എങ്കിലും വിട്ടു പിരിയരുത്. അവര്‍ പോകുന്നിടത്തേക്ക് അങ്ങെയും കൊണ്ടു പോകണമെന്നു പറഞ്ഞുകൊള്ളണം. ഈ കശൗലം പറഞ്ഞുതന്നത് ആരാണെന്നു ചോദിചാല്‍ പറകയുമരുത്. ഇപ്രകാരം ചെയ്താല്‍ അങ്ങയുടെ ദാരിദ്യ്രം അശേഷം തീര്‍ന്നു സുഖമായിട്ടിരിക്കാന്‍ സംഗതി വരും". ഇങ്ങനെ ഭട്ടതിരി പറഞ്ഞപ്പോള്‍ ബ്രാഹ്മണന്ന് വളരെ സന്തോഷമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ഭട്ടതിരിയുടെ പ്രശ്നം ഒരിക്കല്‍പ്പോലും ആര്‍ക്കും തെറ്റാറില്ലാത്തതിനാല്‍ കാര്യം സഫലമാകുമെന്നു ബ്രാഹ്മണന്‍ നല്ലപോലെ വിശ്വസിച്ചു. "എന്നാല്‍ ഇനി പോയിവന്നിട്ടു കണ്ടുകൊള്ളാം" എന്നു പറഞ്ഞു പോവുകയും ചെയ്തു.


ഭട്ടതിരി പറഞ്ഞതുപോലെ ദ്വാദശിനാള്‍ അര്‍ധരാത്രിക്കു മുമ്പേ ബ്രാഹ്മണന്‍ തൃശ്ശൂര്‍ വടക്കെ ഗോപുരത്തിലെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അതിതേജോമയന്മാരായ രണ്ടു ബ്രാഹ്മണര്‍ അതിലേ കടന്നുപോകുന്നതായി കണ്ട് അവരുടെ പിന്നാലെ ചെന്നു. അവര്‍ ഇദ്ദേഹത്തെ വിട്ടുപിരിയുന്നതിനായി പലവിധത്തിലും ഉപായങ്ങള്‍ നോക്കി. ഒന്നും ഫലിക്കയില്ലെന്നു തീര്‍ച്ചയായപ്പോള്‍ അവര്‍ ചോദിച്ചു, "ഹേ! അങ്ങ് എവിടേക്കാണ് പുറപ്പെട്ടിരിക്കുന്നത്? ഞങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശമെന്താണ്?
ബ്രാഹ്മണന്‍: നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
ബ്രാഹ്മണര്‍: ഞങ്ങള്‍ ബദര്യാശ്രമത്തിങ്കലേക്കാണ്.
ബ്രാഹ്മണന്‍: എന്നാല്‍ ഞാനും അങ്ങോട്ടുതന്നെയാണ്.
ബ്രാഹ്മണര്‍: എന്നാല്‍ അതു ഞങ്ങളുടെ കൂടെ വരണമെന്നുണ്ടോ?
ബ്രാഹ്മണന്‍: ഉണ്ട്. ഞാനങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.നിങ്ങള്‍ കൃപയുണ്ടായി എന്നെക്കൂടെ കൊണ്ടുപോകണം.
ബ്രാഹ്മണര്‍: ഞങ്ങളെ ഇപ്പോള്‍ ഇവിടെ കാണുമെന്ന് അങ്ങോടു പറഞ്ഞുതന്നതാരാണ്?

ബ്രാഹ്മണന്‍: അതു ഞാന്‍ പറയുകയില്ല. നിങ്ങള്‍ എന്നോടു നിര്‍ബ{ന്ധിക്കയുമരുത്.


ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മറ്റേ ബ്രാഹ്മണര്‍ കുറച്ചുനേരം വിചാരിച്ചിട്ടു പറഞ്ഞു, "ആട്ടെ, കാര്യമൊക്കെ മനസ്സിലായി. അങ്ങേക്ക് ഈ കശൗലം ഉപദേശിച്ചുതന്നെയാള്‍ക്ക് അധഃപതനം വന്നുപോട്ടെ. നേരിട്ടു കണ്ടുപോയതുകൊണ്ട് ഇനി അങ്ങേ ഉപേക്ഷിച്ചു പോകാന്‍ ഞങ്ങള്‍ക്കു നിവൃത്തിയില്ല. അതിനാല്‍ കൊണ്ടുപോകാം. കണ്ണടച്ചുകൊണ്ടു ഞങ്ങളെ തൊട്ടോളണം."


ഇങ്ങനെ ബ്രാഹ്മണരുടെ വാക്കു കേട്ടയുടനെ ആ ബ്രാഹ്മണന്‍ അപ്രകാരം ചെയ്തു. മാത്രനേരം കഴിഞ്ഞപ്പോള്‍ കണ്ണു തുറന്നോളാന്‍ പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോള്‍ മൂന്നുപേരും ബദര്യാശ്രമത്ത് ഒരു ഗൃഹത്തില്‍ എത്തിയിരിക്കുന്നു. ഉടനെ ആ ദിവ്യന്മാരായ ബ്രാഹ്മണര്‍ പറഞ്ഞു, "ഇതാ ഈ ഗൃഹത്തിനകത്ത് ഒരാള്‍ മരിക്കാറായി ശ്വാസം വലിചുകൊണ്ട് കിടക്കുന്നുണ്ട്. അദ്ദേഹം അങ്ങയുടെ അപ്ഫനാണ്. അങ്ങയുടെ ഒരപ്ഫന്‍ കാശിക്കുപോയിട്ടുള്ളതായി ഓര്‍ക്കുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാണിത്. അദ്ദേഹം ഗംഗാസ്നാനം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളില്‍ സഞ്ചരിച്ച്, ക്രമേണ ഇവിടെ വന്നുചേര്‍ന്നു. പിന്നെ വളരെക്കാലമായി ഇവിടെ ശാന്തി കഴിച്ച് താമസിക്കയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിനു മരണസമയം അടുത്തിരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ടുപോകാനായി വന്ന വിഷ്ണുദൂതന്മാരാണ്. അരനാഴികയ്ക്കകം ഞങ്ങള്‍ കൊണ്ടുപോകും. അതിനുമുമ്പേ കാണണമെങ്കില്‍ കണ്ടോളണം." ഇങ്ങനെ ആ ബ്രാഹ്മണവേഷം ധരിച്ചിരുന്ന വിഷ്ണുദൂതന്മാരുടെ വാക്കു കേട്ടു ബ്രാഹ്മണന്‍ അകത്തു കടന്നു നോക്കിയപ്പോള്‍ അവര്‍ പറഞ്ഞതുപോലെ തന്റെ അപ്ഫന്‍ ശ്വാസം വലിചുകൊണ്ട് കിടക്കുന്നതുകണ്ടു. മരിക്കാറായി കിടക്കുന്ന ബ്രാഹ്മണനു ബോധം കെട്ടിട്ടില്ലായിരുന്നതിനാല്‍ തന്റെ പുത്രനെ കണ്ടപ്പോള്‍ ആളറിയുകയും ചെയ്തു. ഏകാകിയായി പരദേശത്തു താമസിക്കുന്ന ഒരാള്‍ അത്യന്തം അവശതയില്‍ കിടക്കുന്ന സമയം തന്റെ അടുത്ത അവകാശിയായ ഒരാളെ വിചാരിച്ചിരിക്കാതെ പെട്ടെന്നു കാണ്‍മാന്‍ സംഗതിയായാല്‍ ഉണ്ടാകുന്ന സന്തോഷം അളവില്ലാത്തതായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ആ വൃദ്ധബ്രാഹ്മണന്‍ തന്റെ ഭ്രാതൃപുത്രനെ കണ്ടയുടനെ താന്‍ വളരെ കാലമായി സംഖ്യയില്ലാതെ സമ്പാദിച്ചു ജാളികകളിലാക്കിക്കെട്ടിവെച്ചു പൂട്ടിയിരിക്കുന്ന പെട്ടിയുടെ താക്കോല്‍ തലയിണയുടെ

താഴെ വെച്ചിരുന്നതെടുത്തു കൈയില്‍ കൊടുത്തു. ഉടനെ പ്രാണനും പോയി.

ബ്രാഹ്മണന്‍ അപ്ഫന്റെ സംസ്കാരം മുതലായത് യഥാക്രമം കഴിചതിന്റെ ശേഷം തനിക്കു കിട്ടിയ അപരിമിതമായ ദ്രവ്യവുംകൊണ്ട് തന്റെ ഗൃഹത്തില്‍ വന്നുചേര്‍ന്നു. ഉടനെ ഭട്ടതിരിയെ ചെന്നു കണ്ടു വിവരങ്ങള്‍ എലാം പറഞ്ഞുകേള്‍പ്പിചു. വിഷ്ണുദൂതന്മാര്‍ അധഃപതനം വന്നുപോകട്ടെ എന്നു തന്നെ ശപിച്ചു എന്നു കേട്ടപ്പോള്‍ ഭട്ടതിരി "അത്ര ഉള്ളോ? അതു ഞാന്‍മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണല്ലോ" എന്നു പറഞ്ഞു താന്‍ എഴുതിവെച്ചിരുന്ന ജാതകമെടുത്തു ബ്രാഹ്മണനെ കാണിച്ചു. ബ്രാഹ്മണന്‍ എല്ലാം കൊണ്ടും ഭട്ടതിരിയെക്കുറിച്ച് വിസ്മയിച്ചു തന്റെ ഗൃഹത്തില്‍ വന്നു സുഖമായി വസിച്ചു. തന്റെ അധഃപതനദിവസത്തെ പ്രതീക്ഷിച്ചുംകൊണ്ടു ഭട്ടതിരിയും ഇരുന്നു.


ജാതകഫലം അനുഭവിക്കാതെ കഴികയില്ലെന്നു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും കഴിയുന്നതും പരീക്ഷിക്കണമെന്ന് വിചാരിച്ച് ഭട്ടതിരി ഒരുപായം നിശ്ചയിച്ചുകൊണ്ട് സ്വദേശം വിട്ടു പാഴൂര്‍ വന്നു താമസിച്ചു. തനിക്ക് അധഃപതനം സംഭവിക്കുന്നതിനു യോഗമുള്ളതായ ആ ദിവസം രാവിലെ കുളിച്ചു നിത്യകര്‍മ്മാനുഷ്ഠാനാദികളും ഭക്ഷണവും കഴിഞ്ഞതിന്റെ ശേഷം ചില സ്നേഹിതന്മാരോടുകൂടി തോണി കളിക്കാനായി പോയി. അന്ന് അഹോരാത്രം തോണിയില്‍ത്തന്നെ കഴിച്ചുകൂട്ടണമെന്നായിരുന്നു ഭട്ടതിരിയുടെ ഉദ്ദേശം. പാഴൂര്‍ പുഴയിലായിരുന്നു വഞ്ചികളി. പകല്‍ മുഴുവനും അങ്ങനെ പുഴയില്‍ത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യാസമയമായപ്പോള്‍ കരയ്ക്കടുത്തു കുളിച്ചു സന്ധ്യാവന്ദനാദി കഴിച്ചു വീണ്ടും എല്ലാവരുംകൂടി വഞ്ചിയില്‍ കയറി കളിതുടങ്ങി. നല്ല നിലാവുള്ള കാലമായിരുന്നതിനാല്‍ തത്കാലം ഒരു വിഷമതയും ഉണ്ടായിരുന്നില്ല. നേരം പാതിരാ കഴിഞ്ഞപ്പോള്‍ ആ വിധമൊക്കെ ഒന്നു മാറി. അകസ്മാല്‍ അതികഠിനമായി മഴക്കാറും കാറ്റും തുടങ്ങി. കാര്‍മേഘങ്ങളാല്‍ ചന്ദ്രമണ്ഡലം അശേഷം മൂടപ്പെടുകയാല്‍ ചന്ദ്രികയില്ലാതെയായി. എന്നു മാത്രമല്ല, അതിഘോരമായ അന്ധകാരം ലോകമാസകലം നിറയുകയും ചെയ്തു. വഞ്ചിയില്‍ ഇരിക്കുന്നവര്‍ക്കുതന്നെ പരസ്പരം കാണ്‍മാന്‍ വഹിയാതെയായിത്തീര്‍ന്നു. ഉടനെ അതികേമമായി മഴയും തുടങ്ങി. പുഴയില്‍ ഒഴുക്കും ഓളവും കലശലായി. വഞ്ചിയില്‍ വെള്ളം നിറഞ്ഞു മുങ്ങുമെന്നുള്ള ദിക്കായി. മരണഭയം നിമിത്തം എല്ലാവര്‍ക്കും വല്ലപ്രകാരവും കരയ്ക്കടുക്കണമെന്നു തോന്നിത്തുടങ്ങി. ഇരുട്ടുകൊണ്ട് കരയും കടവും കാണാനും പാടില്ല. ഒഴുക്കും ഓളവും കൊണ്ട് ഊന്നിയാലും തുഴഞ്ഞാലും വഞ്ചി നേരെ പോകുന്നുമില്ല. ആകപ്പാടെ വലിയ കുഴപ്പത്തിലായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തിനു വളരെപ്പറയുന്നു?

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എല്ലാവരും നനഞ്ഞൊലിച്ചു കിടുകിടാ വിറച്ചുകൊണ്ട് അടുക്കലുള്ള ഓരോ ഗൃഹങ്ങളിലേക്ക് കയറിപ്പോയി. കൂട്ടുകാരെല്ലാം പിരിഞ്ഞു. ഭട്ടതിരി തനിച്ചായി. കാറ്റും മഴയും കൊണ്ട് തണുപ്പു സഹിക്കവയ്യാതെ വിറചുകൊണ്ട് അദ്ദേഹം ഇരുട്ടത്തു തപ്പിത്തപ്പി പുറപ്പെട്ടു. തല്‍ക്കാലമുണ്ടായ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു കാണപ്പെട്ടതായ ഒരു വീടിന്റെ തിണ്ണയില്‍ അങ്ങനെ ചെന്നു കയറി. മുണ്ടും മറ്റും പിഴിഞ്ഞ് തുവര്‍ത്തി കുറച്ചുസമയം അവിടെ ഇരുന്നു. അപ്പോള്‍ ഒരിടിമിന്നലുണ്ടായതിനാല്‍ ആ ഇറയത്ത് ഒരു കയറ്റുകട്ടിലും പായും തലയിണയും ഇരിക്കുന്നതായി കണ്ടു. ഇതാരുടെയെങ്കിലുമാകട്ടെ, എടുത്തു കിടക്കുകതന്നെ എന്നു നിശ്ചയിച്ച് ആ കട്ടിലില്‍ കയറിക്കിടപ്പുമായി. അത്താഴമുണ്ണായ്കകൊണ്ടും വഞ്ചികളിയാലുണ്ടായ അധ്വാനം നിമിത്തവും ഭട്ടതിരി വളരെ ക്ഷീണിച്ചിരുന്നതിനാല്‍ കിടന്നെ ഉടനെ ഉറക്കവുമായി. ഭട്ടതിരി കിടന്നതായ ആ കട്ടിലും പായയും വീട്ടുടമസ്ഥന്റേതായിരുന്നു. അവന്‍ ഒരു മദ്യപന്‍ ആയിരുന്നതിനാല്‍ ഭാര്യയോടു കലഹിച്ച് അന്ന് എവിടെയോ പോയിരുന്നതിനാലാണ് അതൊഴിവായിരുന്നത്.


ഭട്ടതിരി ഉറക്കമായി കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മഴ മാറി. മുമ്പിലത്തെപ്പോലെ നിലാവും തെളിഞ്ഞു. ആ സമയം ഒരു സ്ത്രീ പുരയുടെ വാതില്‍ തുറന്നു മൂത്രശങ്കയ്ക്കോ മറ്റോ ആയി പുറത്തിറങ്ങി. അപ്പോള്‍ കട്ടിലില്‍ ഒരാള്‍ കിടക്കുന്നതു കണ്ടു. അതു തന്റെ ഭര്‍ത്താവാണെന്നും തിരികെ വന്നപ്പോള്‍ രാത്രി അധികമായതിനാല്‍ വിളിക്കേണ്ടെന്നു വിചാരിച്ചു കയറിക്കിടന്നതാണെന്നും വിചാരിച്ച് ആ സ്ത്രീയും ഇദ്ദേഹത്തിന്റെ കൂടെ പോയി കിടന്നു. സ്ത്രീ വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നനഞ്ഞു ബുദ്ധിമുട്ടി ഈറനോടുകൂടി പുതയ്ക്കാനൊന്നുമില്ലാതെ വിറച്ചുകൊണ്ടു കിടന്നിരുന്ന ഭട്ടതിരിക്ക് ഇവളുടെ സഹശയനം ഏറ്റവും സുഖകരമായി ഭവിച്ചു.

തത്ക്കാലം തന്റെ നിശ്ചയങ്ങളെക്കുറിച്ചൊന്നും ഓര്‍മ്മയുണ്ടായതുമില്ല. കിം ബഹുനാ, ഭട്ടതിരി തത്ക്കാലത്തേക്ക് ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. "പ്രായസ്സമാപന്ന വിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ.


സുഖാനുഭവങ്ങള്‍ എല്ലാം കഴിഞ്ഞതിന്റെ ശേഷം ഭട്ടതിരി നക്ഷത്രം നോക്കി സമയം അറിഞ്ഞിട്ട് ആ സ്ത്രീയോട് "നീ ആരാണ്? നിന്റെ ജാതിയെന്താണ്?" എന്നൊക്കെ ചോദിച്ചു. ശബ്ദം കേട്ടപ്പോഴേ ആള്‍ മാറിയാണെന്ന് അവള്‍ക്ക് മനസ്സിലായുള്ളൂ. ഉടനെ പരിഭ്രമിച്ച് എണീറ്റ് വന്ദിച്ച് അടുക്കല്‍ നിന്നുംകൊണ്ട് ല ́ാവനമ്രമുഖിയായി മന്ദമാകുംവണ്ണം അവള്‍ "അടിയന്‍ കണിയാട്ടിയാണ്. ആളറിയാതെ ചെയ്തുപോയ അപരാധത്തെ തിരുമേനി ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴേ ഭട്ടതിരിക്ക് തന്റെ സ്ഥിതിയെക്കുറിച്ച് ഓര്‍മ്മ വന്നുള്ളൂ. "ലിഖിതമപി ലലാടേ പ്രാജ്ഝിതും കസ്സമര്‍ഥഃ" എന്നു വിചാരിച്ച് ധൈര്യത്തോടുകൂടി അദ്ദേഹം പറഞ്ഞു" ആട്ടെ, നീ ഇതുകൊണ്ടു ഒട്ടും പരിഭ്രമിക്കുകയും വ്യസനിക്കയും വേണ്ട. ഇത് ഒരു ഈശ്വരവിധിയാണ്. നീ ഇപ്പോള്‍ എങ്കല്‍നിന്നും ഗര്‍ഭം ധരിച്ചിരിക്കുന്നു. അതിയോഗ്യനായ ഒരു പുത്രന്‍ നിനക്ക് ജനിക്കും. അവന്‍ നിമിത്തം നിനക്കും നിന്റെ കുടുംബത്തിനും ഏറ്റവും അഭ്യുദയവും സിദ്ധിക്കും. ഇതാ അരുണോദയമായിരിക്കുന്നു. ഞാന്‍ ഇനി ഇവിടെ താമസിക്കുന്നില്ല.

ഈശ്വരേച്ഛയുണ്ടെങ്കില്‍ ഇനിയൊരുകാലത്തു ഞാന്‍ഇവിടെ വന്നുകണ്ടുകൊള്ളാം" എന്നും താന്‍ ആരാണെന്നുള്ള വിവരവും പറഞ്ഞതിന്റെ ശേഷം വെളുപ്പാന്‍കാലത്തുതന്നെ ഭട്ടതിരി അവിടെനിന്നു പോവുകയും ചെയ്തു.

അതിന്റെശേഷം അദ്ദേഹം ശ്രീകാശി മുതലായ പുണ്യസ്ഥലങ്ങളില്‍

സഞ്ചരിച്ച് ഒടുക്കം പാണ്ഡ്യരാജ്യത്തു ചെന്നുചേ!ര്‍ന്നു. പിന്നെ കുറഞ്ഞോരുകാലം അവിടെ താമസിക്കുകയും അവിടെയും ഒരു ശൂദ്രസ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിലും ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. ആ പുത്രനെ അദ്ദേഹം തന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കയും വിശേഷിച്ചും ജ്യോതിശ്ശാസ്ത്രം ഉപദേശിക്കയും ചെയ്തു. ആ പുത്രനാണ് പ്രസിദ്ധനായ "ഉള്ളമടയാന്‍" എന്നും ചിലര്‍ പറയുന്നു. ഉള്ളമടയാന്‍ ഭട്ടതിരിയുടെ പുത്രനല്ല്ല, ശിഷ്യനാണ് എന്നും ചിലര്‍ പറയുന്നു. ഏതെങ്കിലും, ഭട്ടതിരി വളരെക്കാലം പരദേശങ്ങളില്‍ താമസിച്ചതിന്റെ ശേഷം കാശിവാസിയുടെ വേഷമായിട്ടുതന്നെ സ്വദേശത്തേക്കു പുറപ്പെട്ടു. ഭട്ടതിരിയില്‍നിന്നു ഗര്‍ഭം ധരിച്ച കണിയാട്ടി, പത്തുമാസം കഴിഞ്ഞപ്പോള്‍ ഗര്‍ഭം പൂര്‍ണ്ണമായി, ഏറ്റവും തേജോമയനും കോമളനുമായ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ബാലനെ വിദ്യഭ്യാസം ചെയ്യിക്കയും അവന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അവന്‍ ഒരു നല്ല വിദ്വാനും ജ്യോത്സ്യനുമായിത്തീരുകയും ചെയ്തു. ജാതകമെഴുത്ത്, പ്രശ്നം പറക മുതലായവയില്‍ അവന്‍ ഏകദേശം ഭട്ടതിരിയോടു തുല്യനായിത്തീര്‍ന്നു.


അങ്ങനെയിരിക്കുന്ന കാലത്ത് ഒരു നമ്പൂരി, താന്‍ വിവാഹം ചെയ്തിരിക്കുന്ന അന്തര്‍ ́നത്തിനു ഗര്‍ഭമുണ്ടായിരിക്കുമ്പോള്‍ യദൃച്ഛയാ കണിയാരെ കാണുന്നതിനു സംഗതിയായി. അപ്പോള്‍ "അന്തര്‍ജനം പ്രസവിക്കുന്നത് ഉണ്ണിയോ പെണ്ണോ" എന്നു ചോദിച്ചു. ഉടനെ കണിയാര്‍ "സ്ത്രീപ്രജയാണെന്നും താമസിയാതെ ജാതകമെഴുതി തരാമെന്നും" പറഞ്ഞു. അപ്രകാരം ഒരു സ്ത്രീജാതകം എഴുതിക്കൊടുക്കുകയും ആ ജാതകത്തില്‍ പറഞ്ഞിരിക്കുന്ന സമയത്ത് അന്തര്‍ജനം പ്രസവിക്കയും പെണ്‍കുട്ടി ആയിരിക്കയും ചെയ്തതിനാല്‍ നമ്പൂരിക്ക് നല്ല വിശ്വാസമായി. പിന്നെയും അന്തര്‍ജനത്തിനു ഗര്‍ഭമുണ്ടാകുന്ന സമയമൊക്കെ കണിയാരെ കണിയാര്‍ കണ്ടുപറകയും പ്രസവിക്കുന്നതിനുമുമ്പുതന്നെ ജാതകമെഴുക്കൊടുക്കയും എല്ലാം ഒത്തുവരികയും ചെയ്തു. അങ്ങനെ നമ്പൂരിക്ക് ഒന്‍പത് പെണ്‍കിടാങ്ങളുണ്ടായി. അത്യന്തം ദരിദ്രനായ നമ്പൂരിക്ക് ഒന്‍പത് പെണ്‍കിടാങ്ങള്‍ അടുപ്പിചുണ്ടാവുകയും ഒരു പുത്രന്‍പോലും ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ വ്യസനം ഇത്രമാത്രമെന്ന് എങ്ങനെ പറയുന്നു? പത്താമതും അന്തര്‍ജനത്തിന് ഗര്‍ഭമുണ്ടായപ്പോള്‍ കണിയാരെ പോയി കണ്ടു വിവരം പറഞ്ഞു. അതും സ്ത്രീപ്രജ തന്നെയാണെന്നു പറഞ്ഞ് കണിയാരു പതിവുപോലെ ജാതകം എഴുതിക്കൊടുത്തു.


കണിയാര്‍ പറഞ്ഞാല്‍പ്പിന്നെ കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നു നിശ്ചയമുള്ളതിനാല്‍ നമ്പൂരിക്ക് വ്യസനം സഹിക്കവയ്യാതെ ആയിത്തീര്‍ന്നു.


ഇപ്രകാരം ഇരിക്കുന്നകാലത്ത് യദൃച്ഛയാ ഒരു വഴിപോക്കന്‍ നമ്പൂരിയുടെ ഇല്ലത്തു വന്നു. ആ വഴിപോക്കന്‍ തൈക്കാട്ടുശ്ശേരിയില്‍ തൈക്കാട്ടു നമ്പൂരിയായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അദ്ദേഹം എവിടെയോ പോയി വരുംവഴി ഊണു കഴിച്ചുപോകാനായി അവിടെ കേറിയതാണ്. വഴിപോക്കന്‍നമ്പൂരിയെ കണ്ടയുടനെ ഗൃഹസ്ഥന്‍നമ്പൂരി


യഥായോഗ്യം ആദരിച്ച്, "വേഗത്തില്‍ കുളികഴിച്ചുവരാം, ഊണിന് അധികം താമസമില്ല" എന്നു പറഞ്ഞു. ദാരിദ്യ്രം അതികലശലായിട്ടുണ്ടെങ്കിലും ആ ഗൃഹസ്ഥന്‍നമ്പൂരി ഏറ്റവും ഔദാര്യം ഉള്ള ആളായിരുന്നു. വഴിപോക്കന്‍നമ്പൂരി കുളിയും തേവാരവും കഴിഞ്ഞ് വന്നപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു. രണ്ടുപേരും ഊണുകഴിഞ്ഞ് പുറത്തളത്തില്‍ പോയി മുറുക്കി വര്‍ത്തമാനവും പറഞ്ഞിരിക്കുമ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി തന്റെ കഷ്ടാവസ്ഥകളെലാം വഴിപോക്കന്‍നമ്പൂരിയെ പറഞ്ഞുകേള്‍പ്പിചു. ഉടനെ വഴിപോക്കന്‍നമ്പൂരി "ആട്ടെ ഇപ്പോള്‍ അകായിലേക്കു ഗര്‍ഭമെത്ര മാസമായി" എന്നു ചോദിച്ചു. "നാളു പോയിട്ട് ഒരു മാസം കഴിഞ്ഞു" എന്നു ഗൃഹസ്ഥന്‍ പറഞ്ഞു. "അത്ര ഉള്ളോ? എന്നാല്‍ ഇപ്രാവശ്യത്തേത് ഒരുണ്ണിയാകരുതെന്നൊന്നുമില്ല. എനിക്ക് ഒരു നാല്‍പ്പത് ദിവസം ചെലവിനു തന്ന് ഇവിടെ താമസിപ്പിച്ചാക്കാമെങ്കില്‍ ഈ പ്രാവശ്യം പുരുഷപ്രജയെ പ്രസവിപ്പിചേക്കാം" എന്ന് വഴിപോക്കന്‍ പറഞ്ഞു. അപ്പോള്‍ ഗൃഹസ്ഥന്‍ "സ്ത്രീപ്രജയെന്ന് കണിയാന്‍ ജാതകമെഴുതി ത്തന്നിരിക്കുന്ന സ്ഥിതിക്ക് അത് മറിച്ചുവരാന്‍ പ്രയാസമാണ്. കണിയാന്‍ സാമാന്യക്കാരനല്ല" എന്നു പറഞ്ഞു. "ആട്ടെ, അതൊക്കെ ശരിതന്നെ, എനിക്കു നാല്‍പ്പതു ദിവസം ഭക്ഷണം തന്ന് ഇവിടെ താമസിപ്പിക്കാമോ? എന്നാല്‍ കണിയാനെന്നല്ല ബ്രഅാവു തന്നെ പറഞ്ഞാലും ഞാന്‍ നിവൃത്തിയുണ്ടാക്കിക്കൊള്ളാം" എന്നു വഴിപോക്കന്‍ ഉറപ്പായി വീണ്ടും പറഞ്ഞപ്പോള്‍ അങ്ങനെ ആവാമെന്നു ഗൃഹസ്ഥന്‍ സമ്മതിച്ചു. അതിന്റെ ശേഷം വഴിപോക്കന്‍ നമ്പൂരി നാല്‍പ്പതു ദിവസം അവിടെ താമസിച്ച് അന്തര്‍ജനത്തിന് നെയ്യ് ജപിച്ചു കൊടുത്തു. "പ്രസവദിവസം ഞാനും വരാം, കണിയാനെയും വരുത്തണം, ആരു പറഞ്ഞതാണ് ഒക്കുന്ന തെന്നറിയണമല്ലോ" എന്നു പറഞ്ഞു വഴിപോക്കന്‍നമ്പൂരി പോവുകയും ചെയ്തു.


അന്തര്‍ജനത്തിന്റെ പ്രസവദിവസം നേരത്തെ ആ നമ്പൂരി വീണ്ടും വന്നു ചേര്‍ന്നു. അദ്ദേഹം ഇവിടെ വന്നിരിക്കുന്ന വിവരവും അദ്ദേഹം പറഞ്ഞിട്ടുള്ളതും ഒന്നും കണിയാനോടു പറഞ്ഞുപോകരുതെന്നും പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങാതെ പുറത്തളത്തില്‍ ഇരുന്നു. കണിയാന്‍ വിവരമൊന്നും അറിയാതെ പടിക്കലും വന്നിരുന്നു. അപ്പോള്‍ യദൃച്ഛയാ ഒരു കാശിവാസിയും അവിടെ വന്നു മുറ്റത്തിരുന്നു. ഉടനെ അന്തര്‍ജനത്തിനു പ്രസവവേദനയും ആരംഭിച്ചു. അപ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി കണിയാനോട് "എന്താ കണിയാരേ! പെണ്ണു തന്നെയാണ്, അല്ലേ?" എന്നു ചോദിച്ചു. "അടിയന്‍ എഴുതിത്തന്നിട്ടുള്ള ജാതകമൊന്നും

ഇതുവരെ തെറ്റീട്ടില്ലല്ലോ. പിന്നെ എന്തിനു സംശയിക്കുന്നു? അങ്ങനെ തന്നെയാണ് ഇതും" എന്നു കണിയാന്‍ പറഞ്ഞപ്പോള്‍ കാശിവാസി "ഇതുവരെ തെറ്റീട്ടില്ലെങ്കിലും ഈ പ്രാവശ്യം കുറച്ചു തെറ്റിപ്പോയി. അന്തര്‍ജനം പ്രസവിക്കുന്നത് ഒരു ആണ്‍കുട്ടിയെ ആണ്, സംശയമില്ല" എന്നു പറഞ്ഞു. ഒരുനാളും അങ്ങനെ വരുന്നതല്ലെന്നു കണിയാനും വാദിച്ചു. ഇങ്ങനെ അവര്‍ വാദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ഒരു പശുവിനു പ്രസവവേദന തുടങ്ങി. പ്രസവിക്കാനുള്ള ഭാവമായി. അപ്പോള്‍ ഗൃഹസ്ഥന്‍ നമ്പൂരി "ആട്ടെ കണിയാരേ! എന്നാല്‍ ഈ പശു പ്രസവിക്കുന്ന കിടാവ് എന്തായിരിക്കും" എന്നു ചോദിച്ചു. ഉടനെ കണിയാര്‍ "കാളക്കിടാവാണ്, നെറ്റിയില്‍ ചാര്‍ത്തും ഉണ്ടായിരിക്കും" എന്നു പറഞ്ഞു. അപ്പോള്‍ കാശിവാസി "നെറ്റിയില്‍ ചാര്‍ത്തല്ല. വാലില്‍ കൊടിയാണ്" എന്നു പറഞ്ഞു. "ആട്ടെ നമുക്കിപ്പോള്‍ അറിയാമല്ലോ" എന്നായി കണിയാന്‍. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പശു പ്രസവിച്ചു. കിടാവ് കാള തന്നെയായിരുന്നു. എങ്കിലും കാശിവാസി പറഞ്ഞതുപോലെ വാലില്‍ കോടിയായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ കണിയാരുടെ മനസ്സില്‍ കുറച്ച് ലജ്ജയും വിസ്മയവും കാശിവാസിയെക്കുറിച്ച് ബഹുമാനവും അന്തര്‍ജനം പ്രസവിക്കുന്നത് ഉണ്ണിയായിത്തീര്‍ന്നേക്കുമോ എന്നുള്ള വിചാരവും എല്ലാംകൂടി വലിയ പരിഭ്രമമായിത്തീര്‍ന്നു. ഉടനെ അന്തര്‍ജനം പ്രസവിച്ചു. ഉണ്ണിയായിരുന്നതിനാല്‍ കണിയാരുടെ മനോവികാരങ്ങള്‍ ദ്വിഗുണീഭവിച്ചു. താന്‍ ശാസ്ത്രപ്രകാരം പറഞ്ഞത് എങ്ങനെ തെറ്റി എന്നു വിചാരിച്ചു കാശിവാസിയോടു ചോദിച്ചു: ഹേ മഹാത്മാവേ! ഇതെന്താണിങ്ങനെ വന്നത്? ഞാന്‍ശാസ്ത്രപ്രകാര മാണല്ലോ രണ്ടു സംഗതികള്‍ പറഞ്ഞത്. അതു രണ്ടും തെറ്റിപ്പോയല്ലോ. ആ കിടാവിനു നെറ്റിയില്‍ ചാര്‍ത്തില്ലാതെയും വന്നു, ഇവിടെ പുരുഷപ്രജ ജനിക്കയും ചെയ്തു. ശാസ്ത്രം അബദ്ധമാണെന്നു വരുമോ?" ഇതു കേട്ടപ്പോള്‍ കാശിവാസി, " ശാസ്ത്രം അബദ്ധമെന്ന് ഒരിക്കലും വരുന്നതല്ല ശാസ്ത്രം ഗ്രഹിച്ചിരുന്നാലും സയുക്തികമായി ആലോചിക്കാതെയും മറ്റും പറഞ്ഞാല്‍ ഇങ്ങനെ തെറ്റിപ്പോകുമെന്നേ ഉള്ളൂ. ഇതു രണ്ടും നിന്റെ വിചാരക്കുറവു നിമിത്തം തെറ്റിയതാണ്" എന്നു പറഞ്ഞു. ഉടനെ കണിയാന്‍ ഇതിന്റെ കാരണം വ്യക്തമായി പറഞ്ഞുകേട്ടാല്‍ കൊള്ളാമെന്ന് അപേക്ഷിക്കയാല്‍ കാശിവാസി വീണ്ടും പറഞ്ഞു, "ഗര്‍ഭമുണ്ടായി മൂന്നു മാസം കഴിയുന്നതിനുമുമ്പു വിചാരിച്ചാല്‍ പ്രജയെ സ്ത്രീയോ പുരുഷനോ ഏതെങ്കിലും ഇ ഷ്ടംപോലെ ആക്കിത്തീര്‍ക്കുന്നതിനു ബ്രാഹ്മണര്‍ക്കു ശക്തിയുണ്ട്. അത് അവരുടെ വേദത്തിന്റെ മാഹാത്മ്യമാണ്. അതിനാല്‍ ഗര്‍ഭം മൂന്നു മാസം ആകാതെ ജാതകം എഴുതിക്കൊടുക്കരുതാത്തതാണ്. ഇവിടെ ഇപ്രകാരം ആക്കിത്തീര്‍ത്തയാള്‍ ഇപ്പോള്‍ അകത്തിരിക്കുന്നുണ്ട്. നീ ഇതിനെക്കുറിച്ചൊന്നും വിചാരിക്കാതെ ആദ്യം ജാതകം ഗണിച്ചപ്പോള്‍ കണ്ട ലക്ഷണം വിചാരിചുതന്നെയാണ് ഇപ്പോഴും പറഞ്ഞത്. തത്ക്കാലസ്ഥിതിയെക്കുറിച്ച് വിചാരിക്കാത്തതിനാല്‍ ഇങ്ങനെ തെറ്റിപ്പോയതാണ്. പിന്നെ ആ കിടാവ് ഗര്‍ഭത്തില്‍ കിടന്നിരുന്നപ്പോള്‍ അതിന്റെ വാലു വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയില്‍ ചാര്‍ത്തുണ്ടെന്നു നിനക്കു തോന്നിയത്. ഇതും ആലോചനക്കുറവുതന്നെ. കുറച്ചുകൂടി മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കില്‍ നിനക്കും ഇതൊക്കെ അറിയാവുന്നതായിരുന്നു."

ഇപ്രകാരം കാശിവാസിയുടെ വാക്കു കേട്ടപ്പോള്‍ ഇദ്ദേഹം തന്റെ അച്ഛനായ തലക്കുളത്തൂര്‍ ഭട്ടതിരിതന്നെ യായിരിക്കുമോ എന്നു സംശയം തോന്നുകയാല്‍ കണിയാന്‍ വിവരം ചോദിക്കുകയും അദ്ദേഹം അതിനെ സമ്മതിച്ചു തന്റെ വാസ്തവം പറയുകയും ചെയ്തു. ഭട്ടതിരിയെക്കുറിച്ചു പലരും, വിശേഷിച്ചു തന്റെ അമ്മയും, പറഞ്ഞു കണിയാന്‍ നല്ലപോലെ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹംതന്നെയാണ് ഈ കാശിവാസിയെന്നറിഞ്ഞപ്പോള്‍ കണിയാന്‍ പാദത്തിങ്കല്‍ വീണു നമസ്കരിച്ചു. അവരുടെ പിതൃപുത്രസംബന്ധത്തെ പരസ്പരം അറിഞ്ഞതിന്റെ ശേഷം രണ്ടുപേരും കൂടി കണിയാന്റെ ഗൃഹത്തിലേക്കു പോയി. ഈ സംഗതിയുണ്ടായതു മൂവാറ്റുപുഴ താലൂക്കില്‍ പിറവത്തു പുളിമറ്റത്തു നമ്പൂരിയുടെ ഇല്ലത്തുവച്ചാണെന്നാണ് കേട്ടിരിക്കുന്നത്.


പിന്നെ അവര്‍ രണ്ടുപേരുംകൂടി പോകുമ്പോള്‍ വഴിയില്‍വച്ചു കണിയാന്‍ "ഇന്നു നമുക്കു പാല്‍പ്പായസം കിട്ടും" എന്നു പറഞ്ഞു. ഉടനെ കാശിവാസി "പാല്‍പ്പായസമാണെങ്കിലും കരിഞ്ഞതായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്രകാരംതന്നെ അവര്‍ക്ക് ഒരു നമ്പൂരി കുറെ പാല്‍പ്പായസം കൊടുക്കുകയും അത് കരിഞ്ഞതായിരിക്കയും ചെയ്തു. അപ്പോള്‍ കണിയാന്‍ "ഇതെന്താണ് ഇന്നു ഞാന്‍ പറയുന്നതൊന്നും ശരിയാകാത്തത്? ഞാനെല്ലാം ശാസ്ത്രപ്രകാരം ലക്ഷണം നോക്കിയാണല്ലോ പറയുന്നത്" എന്നു പറഞ്ഞു. ഉടനെ കാശിവാസി "ലക്ഷണം പറയുന്നതിനു ശാസ്ത്രം ഗ്രഹിച്ചാല്‍ മാത്രം മതിയാവുകയില്ല. ഓരോന്നിനെക്കുറിച്ചും സൂക്ഷ്മമായും പൂര്‍ണ്ണമായും ആലോചിച്ചും ഗ്രഹിച്ചും യുക്തിയോടുകൂടി പറഞ്ഞെങ്കില്‍ മാത്രമേ ശരിയായിരിക്ക യുള്ളൂ" എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഓരോ സംഗതിയെക്കുറിച്ചും വിവരിച്ചു കണിയാര്‍ക്കു മനസ്സിലാക്കിക്കൊടുത്തു. "നമ്പൂരി ആദ്യം വന്ന് അന്തര്‍ജനത്തിനു ഗര്‍ഭമുണ്ടെന്നു പറഞ്ഞ ലക്ഷണംകൊണ്ട് അതൊരു സ്ത്രീപ്രജയാണെന്നു വിചാരിക്കാനല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു. പിന്നീട് ഒരു ബ്രാഹ്മണന്‍ ആ അന്തര്‍ജനത്തിന് എന്തോ ജപിച്ചുകൊടുത്ത് ആ പ്രജയെ പുരുഷനാക്കിയതാണ്. നീ ആദ്യത്തെ ലക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയും പിന്നീട് നടന്ന സംഗതികളെക്കുറിച്ച് വിചാരിക്കാ തെയും പറഞ്ഞതിനാലാണ് അത് തെറ്റിപ്പോയത്. ആ കാളക്കിടാവ് പശുവിന്റെ വയറ്റില്‍ കിടന്നപ്പോള്‍ അതിന്റെ വാല്‍ വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയില്‍ ചാര്‍ത്താണെന്ന് നിനക്കു തോന്നിയത്. ആലോചനയും യുക്തിയും പോരാതെ പോയതിനാലാണ് നിനക്ക് അത് തെറ്റിയത്." ഇത്രയും കാശിവാസി പറഞ്ഞപ്പോള്‍ "പാല്‍പ്പായസം കരിഞ്ഞിരിക്കും എന്നെങ്ങനെയറിഞ്ഞു" എന്നു ചോദിച്ചു. അപ്പോള്‍ കാശിവാസി "പാല്‍പ്പായസം കിട്ടുമെന്നു നീ എങ്ങനെ നിശ്ചയിച്ചു" എന്നു ചോദിച്ചു. ഉടനെ കണിയാര്‍, "നമ്മള്‍ ഇങ്ങോട്ടു പോന്നപ്പോള്‍ നമ്മുടെ വലതുവശത്തായി ഒരു ചക്രവാകമിഥുനം വന്ന് ഒരു പാലുള്ള വൃക്ഷത്തിന്മേല്‍ ഇരുന്നതുകൊണ്ടാണ് ഞാനിതു നിശ്ചയിച്ചത്" എന്നു പറഞ്ഞു. അപ്പോള്‍ കാശിവാസി "ആ ചക്രവാകമിഥുനം ഒരു ഉണങ്ങിയ കൊമ്പിന്മേലാണ് വന്നിരുന്നത്, അതിനാലാണ് പാല്‍പ്പായസം കരിഞ്ഞതായിരിക്കുമെന്ന് ഞാന്‍നിശ്ചയിച്ചത്. ഇങ്ങനെ ഓരോരോ സംഗതിയുടെയും സൂക്ഷ്മം നോക്കി അറിഞ്ഞിട്ടുവേണം ഒരു ലക്ഷണം പറയാന്‍" എന്നു പറഞ്ഞു. കാശിവാസി, അല്ലെങ്കില്‍ ഭട്ടതിരി പറഞ്ഞതിനെ എല്ലാം കണിയാര്‍ സമ്മതിക്കുകയും പിന്നീടു കണിയാരും ഓരോന്നും സൂക്ഷ്മംവരെ നോക്കിയും ആലോചിച്ചും പറഞ്ഞുതുടങ്ങുകയും എല്ലാം ശരിയായി ഒത്തുവന്നുതുടങ്ങുകയും ചെയ്തു. പിന്നെ ജീവാവസാനംവരെ ഭട്ടതിരി ആ കണിയാന്റെ പടിപ്പുരയില്‍ത്തന്നെ താമസിക്കുകയും ജ്യോതിശ്ശാസ്ത്രസംബന്ധമായി അനേകം സംഗതികള്‍ തന്റെ പുത്രന് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. താന്‍ മരിച്ചാല്‍ ശവം ആ പടിപ്പുരയില്‍ത്തന്നെ സ്ഥാപിച്ചു കൊള്ളണമെന്നും, ആ സ്ഥലത്തിരുന്നു പ്രശ്നംവച്ചു പറയുന്നതെല്ലാം സൂക്ഷ്മമായിരിക്കുമെന്നും ഭട്ടതിരി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പറഞ്ഞിരുന്നതുപോലെതന്നെ അദ്ദേഹം മരിച്ചതിന്റെ ശേഷം ശവം ആ പടിപ്പുരയില്‍ത്തന്നെ സ്ഥാപിച്ചു. അതിന്റെ ശേഷം അവിടെയിരുന്നല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്ന് ഏര്‍പ്പാടുംവച്ചു. ഇതിനാലാണ് പാഴൂര്‍പടിപ്പുരപ്രശ്നത്തിനു വിശേഷവും പ്രസിദ്ധിയുമുണ്ടായത്. ഈ പടിപ്പുരകൂടാതെ അവിടെ വേറെയും പടിപ്പുരയുണ്ട്. അതിനു മാഹാത്മ്യമുണ്ടാകുന്നതിനു വേറെ കാരണവുമുണ്ട്. അതും താഴെ പറഞ്ഞുകൊള്ളുന്നു.


പാഴൂര്‍ കണിയാരുടെ അവിടെ പടിപ്പുര മൂന്നുണ്ട്. അവയില്‍ ഒന്ന് കണീയാരുടെ വാസഗൃഹത്തിന്റെ തെക്കുവശത്തു നദീതീരത്താണ്. അവിടെവച്ചാണ് ഭട്ടതിരിയും കണിയാട്ടിയുംകൂടി സഹശയനമുണ്ടായി ട്ടുള്ളത്. ആ അത്ഭുതസംഗതിയുടെ സ്മാരകമായിട്ട് ആ സ്ഥലം ഇപ്പോഴും കെട്ടിസൂക്ഷിച്ച് ഇട്ടിരിക്കുന്നു എന്നല്ലാതെ ആ സ്ഥലത്തെ യാതൊരു കാര്യത്തിനും ഉപയോഗപ്പെടുത്താറില്ല പിന്നെ രണ്ടു പടിപ്പുരകളുള്ളത് ഗൃഹത്തിന്റെ കിഴക്കുവശത്തു കിഴക്കും പടിഞ്ഞാറുമായി പടിപ്പുര സ്ഥാനത്തു തന്നെയാണ്. അവയില്‍ പടിഞ്ഞാറുള്ള പടിപ്പുരയിലാണ് ഭട്ടതിരിയുടെ മൃതശരീരം സ്ഥാപിച്ചിട്ടുള്ളത്. കണിയാര്‍ അവിടെയിരു ന്നാണ് ഇന്നും രാശിവയ്ക്കുകയും ഒഴിവു കാണുകയും ചെയ്യുന്നത്. പ്രസിദ്ധമായ പടിപ്പുരയും അതുതന്നെയാണ്. പ്രശ്നത്തിന്റെ ഫലം പറയുന്നതിന് ആ പടിപ്പുരയിലും അതിന്റെ കിഴക്കുവശത്തുള്ള പടിപ്പുരയിലുമിരിക്കാറുണ്ട്. സാക്ഷാല്‍ പടിപ്പുരയുടെ കിഴക്കുവശത്തുള്ള പടിപ്പുരയ്ക്കും മാഹാത്മ്യം ഒട്ടും കുറവില്ല. ആ പടിപ്പുരയ്ക്കു മാഹാത്മ്യം ഉണ്ടായതിന്റെ കാരണമാണ് ഇവിടെ പറയാന്‍പോകുന്നത്.


ഭട്ടതിരിയുടെ അനുഗ്രഹവും മാഹാത്മ്യവുംകൊണ്ടും ശാസ്ത്രജ്ഞതകൊണ്ടും പാഴൂര്‍കണിയാര്‍ ഏറ്റവും പ്രസിദ്ധനായിത്തീര്‍ന്ന തിന്റെ ശേഷം അവനെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു ബുധശുക്രന്മാര്‍ ബ്രാഹ്മണവേഷം ധരിച്ചു കണിയാരുടെ അടുക്കല്‍ ചെന്നു. അവര്‍ ചെന്നിരുന്നത് ആ കിഴക്കേ അറ്റത്തുള്ള പടിപ്പുരയിലാണ്. രണ്ടു ബ്രാഹ്മണര്‍ തന്നെ കാണാനായി വന്നിരിക്കുന്നു എന്നു കേട്ടയുടനെ കണിയാര്‍ പടിപ്പുരയ്ക്കല്‍ ചെന്ന് ആദരപൂര്‍വം വന്ദിച്ച് ആഗമന കാരണത്തെ ചോദിച്ചു. അപ്പോള്‍ ബ്രാഹ്മണര്‍ "ഇപ്പോള്‍ ബുധശുക്രന്മാര്‍ ഏതു രാശിയിലാണെന്നറിഞ്ഞാല്‍ കൊള്ളാമെന്നു വിചാരിച്ചാണ് ഞങ്ങള്‍ വന്നത്" എന്നു പറഞ്ഞു. ഉടനെ കണിയാര്‍ പഞ്ചാംഗമെടുത്തു നോക്കി. ഇന്നിന്ന രാശികളിലാണെന്നു പറഞ്ഞു.
ബ്രാഹ്മണര്‍: അതുകൊണ്ടു മതിയായില്ല. ഗ്രഹങ്ങളെ ഗണിക്കാനും മറ്റും ഞങ്ങളും കുറേശ്ശെ വശമാക്കീട്ടുണ്ട്. ഞങ്ങള്‍ ഗണിച്ചിട്ട് അങ്ങനെയല്ല കണ്ടത്. അതിനാല്‍ കണിയാര്‍ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം."
കണിയാര്‍: ഗണിച്ചുനോക്കാനൊന്നുമില്ല. ഈ പഞ്ചാംഗം അടിയന്‍ സൂക്ഷ്മമായി ഗണിച്ചിട്ടുള്ളതാണ്.
ബ്രാഹ്മണര്‍: ഈ പഞ്ചാംഗം അത്ര സൂക്ഷ്മമാണെന്നു ഞങ്ങള്‍ക്കു

തോന്നുന്നില്ല. കണിയാര്‍ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം. ഇങ്ങനെ ബ്രാഹ്മണര്‍ നിര്‍ബന്ധിച്ചതിനാല്‍ കണിയാര്‍ ബുധശുക്രന്മാരെ ഗണിച്ചുനോക്കി. അപ്പോള്‍ പഞ്ചാംഗത്തിലുള്ളതു പോലെയല്ല കണ്ടത്. ഉടനെ ബ്രാഹ്മണര്‍, "പഞ്ചംഗം ശരിയല്ലെന്നു ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ സമ്മതമായില്ലേ? എന്നാല്‍ ഇപ്പോള്‍ ഗണിച്ചതും നല്ല ശരിയായെന്നു തോന്നിന്നില്ല. കണിയാര്‍ നല്ലപോലെ മനസ്സിരുത്തി ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. കണിയാര്‍ വീണ്ടും ഗണിക്കാന്‍ തുടങ്ങി. അപ്പോള്‍ ബ്രാഹ്മണര്‍ മുമ്പിരുന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നു മാറി ഇരുന്നു. കണിയാര്‍ രണ്ടാമത് ഗണിച്ചപ്പോള്‍ പഞ്ചാംഗ ത്തിലുള്ളതുപോലെയും

ആദ്യം ഗണിച്ചതുപോലെയുമല്ല കണ്ടത്. അപ്പോള്‍ ബ്രാഹ്മണര്‍ "ഇതും ശരിയായില്ല. ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. ഇങ്ങനെ കണിയാര്‍ പല പ്രാവശ്യം ഗണിക്കയും ഗണിക്കാന്‍ തുടങ്ങുമ്പോള്‍ ബ്രാഹ്മണര്‍ മാറിമാറി ഇരിക്കയാല്‍ ബുധശുക്രന്മാരുടെ സ്ഥിതി മാറിമാറി കാണുകയും ചെയ്തു. ഇപ്രകാരം അനേക തവണയായപ്പോള്‍ ഈ വന്നിരിക്കുന്നവര്‍ കേവലം ബ്രാഹ്മണരല്ലെന്നും ബുധശുക്രന്മാര്‍ തന്നെ പരീക്ഷിക്കാനായി വേഷം മാറി വന്നിരിക്കുക യാണെന്നും മനസ്സിലാക്കിയിട്ട് കണിയാന്‍ "അടിയന്‍ ഒരു ഗ്രന്ഥം ഒന്നു നോക്കാനുണ്ട്. അതു നോക്കി ഗണിച്ചാല്‍ ഒരിക്കലും തെറ്റുകയില്ല. അതു വിശേഷപ്പെട്ട ഗണിതശാസ്ത്രഗ്രന്ഥമാണ്, അകത്തു ചെന്ന് അതുകൂടി എടുത്തുകൊണ്ടുവന്നിട് ഇനി ഗണിക്കാം. അതുവരെ തമ്പുരാക്കന്മാര്‍ ഇവിടെ ഇരിക്കണം" എന്നു പറഞ്ഞു. അങ്ങനെയാവാമെന്നു ബ്രാഹ്മണര്‍ സമ്മതിചപ്പോള്‍ വീണ്ടും കണിയാര്‍ "അങ്ങനെ കല്പിചതുകൊണ്ടു മതിയായില്ല. ഇതിനെ തീര്‍ച്ചയാക്കാതെ എഴുന്നള്ളിക്കളഞ്ഞെങ്കില്‍ അടിയനു വലിയ കുറച്ചിലായിട്ടു തീരും. അതിനാല്‍ തിരിച്ചുവന്നല്ലാതെ എഴുന്നള്ളുകയിലെന്നു സത്യം ചെയണം" എന്നു പറഞ്ഞു. അപ്രകാരം ബ്രാഹ്മണര്‍ സത്യം ചെയ്യുകയും കണിയാന്‍ അകത്തുചെന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. കണിയാന്‍ തിരിച്ചുവരാതെ പോകാന്‍ പാടില്ലാത്തതിനാല്‍ ബുധശുക്രന്മാര്‍ ആ പടിപ്പുരയില്‍ത്തന്നെ ലയിക്കുകയും ചെയ്തു. അതിനാല്‍ ആ പടിപ്പുരയില്‍ ബുധശുക്രന്മാരുടെ സാന്നിദ്ധ്യം ഇന്നും ഉണ്ടെന്നാണ് വിശ്വാസം. ഇപ്രകാരമാകുന്നു ആ പടിപ്പുരയ്ക്കും മാഹാത്മ്യം സിദ്ധിചത്.

2 comments:

ശ്രീക്കുട്ടന്‍ said...

ഇത് ഐതീഹ്യമാലയില്‍ നിന്നും വള്ളിപുള്ളിവിടാതെ കോപ്പിയെടുത്തിരിക്കുന്നതല്ലേ...

Vinee.. said...

ശ്രീകുട്ടന്‍ അതെ ഇതു ഐതിഹ്യമാലയുടെ തനി പകര്‍പ്പ് തന്നെ ആണ് , ഞാന്‍ എന്തിനു അതില്‍ മാറ്റങ്ങള്‍ വരുത്തണം ? ഇതൊന്നും എന്‍റെ രചനകള്‍ ആണെന്നോ എന്‍റെ കഴിവനെന്നോ ഞന അവകാശപെടില്ല സുഹൃത്തെ , അകെ ഒരു ഉദേശം മാത്രമേ ഉള്ളു കഴിയും വിധം എല്ലാര്ക്കും ഏതൊക്കെ ലഭ്യമാകും വിധം എത്തിക്കണം , അല്ലാതെ വേറെ ഒനുമില്ല , എന്തായാലും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി